മരിയമ്മയുടെ ചെമ്പു തുട്ടുകൾ

മരിയമ്മ എന്ന വയോവൃദ്ധയെ ഇന്നും ഓർക്കുന്നു. അവരും അവരുടെ സഹോദരിയും അവിവാഹിതരാണ്.
വീടിനോട് ചേർന്നുള്ള ചെറിയ കടയിൽ പച്ചക്കറിയും ഉണക്കമീനും വിൽക്കുന്നു.
ഒരു ദിവസം മരിയമ്മ എന്നെ കാണാൻ വന്നു. കയ്യിൽ ചെറിയ സഞ്ചി.
“ഇത് അച്ചന് കൊണ്ടുവന്നതാണ്…”
തുറന്നു നോക്കിയപ്പോൾ
കുറച്ച് വഴുതനങ്ങയും ബീൻസും ഉണക്കമീനും കോഴിമുട്ടകളുമൊക്കെയാണ്.
“ഈ പച്ചക്കറികൾ ഞങ്ങളുടെ തൊടിയിൽ ഉണ്ടായതാണ്. മുട്ടയും വീട്ടിലെ തന്നെയാണ്”
“നിൽക്കൂ ഞാൻ പണം തരാം”
എന്നു പറഞ്ഞപ്പോൾ അവർ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു:
“ഈ പാവപ്പെട്ടവൾ കൊണ്ടുവന്ന സാധനങ്ങൾ അച്ചൻ വാങ്ങി വച്ചല്ലോ, അതു മതി.
എനിക്കും എൻ്റെ സഹോദരിക്കും ജീവിക്കാൻ അധികമൊന്നും വേണ്ടച്ചാ. അതിനുള്ളതെല്ലാം ദൈവം ഞങ്ങൾക്ക് നൽകും.
അച്ചൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചാൽ മതി… ”
അവരുടെ ശിരസിൽ കരംവച്ച് അനുഗ്രഹിച്ച് യാത്രയാക്കി.
ആന്ധ്രയിലെ മിഷൻ പ്രവർത്തനത്തിൽ ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്.
മറ്റൊരനുഭവം ഒരു കുടിലിൽ കയറി
ഭക്ഷണം കഴിച്ചപ്പോൾ ഉണ്ടായതാണ്.
നിലത്തിരുന്ന് ഭക്ഷണം കഴിച്ച് തിരിച്ചു വരാൻ നേരം ആ വീട്ടിലെ അമ്മ പറഞ്ഞ വാക്കുകളും ഇന്നും മനസിൽ മായാതെ നിൽക്കുന്നു:
”ആദ്യമായാണ് ഒരു വൈദികൻ ഈ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുന്നത്. ഒത്തിരി നന്ദി… അച്ചാ…”
ഗ്രാമങ്ങളിൽക്കൂടി കടന്നു പോകുമ്പോൾ മിക്കവാറും ഭക്ഷണം കഴിക്കുന്നത് സാധുക്കളായവരുടെ കുടുംബങ്ങളിൽ നിന്നുമായിരിക്കും. അവരുടെ ഇല്ലായ്മകളിൽ നിന്നും അധ്വാനത്തിൽ നിന്നും വിളമ്പുന്ന അന്നത്തിൻ്റെ രുചി ഒരു വൈദികനെന്ന നിലയിൽ എനിക്ക് മറക്കാനാകുന്നതല്ല.
ഇന്നിതെല്ലാം ഓർക്കാൻ കാരണം
വിധവയുടെ ചെമ്പു തുട്ടുകളെ പുകഴ്ത്തുന്ന ക്രിസ്തുവിൻ്റെ വാക്കുകളാണ്:
“ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു”
(മര്‍ക്കോസ് 12 : 43-44).
ഇല്ലായ്മകളിൽ നിന്നും നൽകുവാനും
അങ്ങനെ നൽകുന്നവരെ തിരിച്ചറിഞ്ഞ് അനുഗ്രഹിക്കാനുമുള്ള കൃപയ്ക്കു വേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles