കര്‍ത്താവിന്റെ മണവാട്ടിയായി അല്‍ഫോന്‍സാമ്മ

വിവാഹവേദിയിലേക്ക് വരുന്ന നവവധുവിനെപ്പോലെ ആടയാഭരണങ്ങളണിഞ്ഞ അല്‍ഫോന്‍സ ബലിപീഠത്തിന്റെ മുമ്പില്‍ മുട്ടിന്മേല്‍ നിന്നു. മണവാളന്റെ കാലൊച്ച കേള്‍ക്കാന്‍ ചെവിയോര്‍ത്തു നില്‍ക്കുന്ന കന്യക. ശുഭ്രവസ്ത്രങ്ങളായിരുന്നു അവള്‍ ധരിച്ചിരുന്നത്. കൈകളിലും കഴുത്തിലും സ്വര്‍ണ്ണാഭരണങ്ങള്‍. വജ്രം കൊണ്ടെന്നതിനെക്കാള്‍ ഭക്തികൊണ്ട് , ഭക്തിപാരവശ്യം കൊണ്ട് , അവളുടെകവിളുകള്‍ ചുവന്നു തുടുത്തിരുന്നു ; കണ്ണുകള്‍ അര്‍ദ്ധ നിമീലിതങ്ങളായിരുന്നു .

അല്‍ഫോന്‍സായും വേറെ ഏഴു കന്യകകളും 1930 മെയ് മാസം 19 നു ഭരണങ്ങാനം ഫൊറോനാപ്പള്ളി യിലെ പ്രധാനബലിപീഠത്തിന്റെ മുമ്പില്‍ ആത്മീയ മണവാളനായ മിശിഹായെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. അന്നത്തെ രൂപതാദ്ധ്യക്ഷനായിരുന്ന കാളാശ്ശേരില്‍ ജയിംസ് മെത്രാനായിരുന്നു ഈ കന്യക കള്‍ക്കു സഭാവസ്ത്രം നല്‍കാനായി ദേവാലയത്തില്‍ എത്തിയിരുന്നത്. അല്‍ഫോന്‍സായെ സംബന്ധിച്ചിടത്തോളം മണവാട്ടിയെപ്പോലുള്ള ഈ അണിഞ്ഞൊരുങ്ങലിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ അവളുടെ വിവാഹത്തിനായി അവളുടെ വളര്‍ത്തമ്മയും നിയുക്തവരന്റെ വീട്ടുകാരും മുമ്പ് പ്രത്യേകം നിര്‍മ്മിച്ചിരുന്നവയായിരുന്നുവത്രേ!

അല്‍ഫോന്‍സാ വിവാഹവേദിയിലേക്ക് എന്നതുപോലെ , തങ്ങള്‍ പണിയിച്ച ആഭരണങ്ങളും ധരിച്ചു നീങ്ങുന്നതു കാണാന്‍ അവളുടെ കമിതാവിന്റെ കുടുംബാംഗങ്ങളുമെത്തിയിരുന്നു. മറ്റു ബന്ധുക്കളെപ്പോലെ അവരും മഠത്തിലെത്തി അവളോടു സംസാരിക്കുകയും സഭാവസ്ത്ര സ്വീകരണം പ്രമാണിച്ചു പ്രത്യേക സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

മണവാട്ടികള്‍ കല്യാണവസ്ത്രങ്ങള്‍ മാറ്റുകയും നവസന്ന്യാസിനികളുടെ വസ്ത്രം ധരിക്കുകയും ചെയ്തു. ലോകത്തിന്റെ ആര്‍ഭാടങ്ങളെയും ആനന്ദങ്ങളെയും തള്ളിപ്പറയുന്നതിന്റെ പ്രതീകമാണത്രേ ഈ ചടങ്ങുകള്‍. സഭാവസ്ത്രം സ്വീകരിക്കുമ്പോള്‍, ‘കുരിശില്‍ മൂന്ന് ആണികളില്‍ തൂങ്ങിക്കിടക്കുന്ന ഈശോയെ നിന്റെ മണവാളനായി സ്വീകരിച്ചുകൊള്ളുക’ എന്നുച്ചരിച്ചുകൊണ്ട് ക്രൂശിതരൂപം നവസന്ന്യാസിനിയുടെ കൈയില്‍ കൊടുക്കാറുണ്ട്. ആ ദിവ്യമണവാളനെ അവര്‍ ഗാഢാലിംഗനം ചെയ്ത് സ്വീകരിക്കുന്നതോടെ കന്യാത്വം, ദാരിദ്ര്യം, അനുസരണം എന്നീ മൂന്ന് ആണികള്‍കൊണ്ടു അവിടുത്തോടൊപ്പം കൂശിക്കപ്പെടാന്‍ തയ്യാറാവുകയായി അവര്‍ . ത്യാഗമാണ് സ്‌നേഹത്തിന്റെ ഉരകല്ല് . സ്‌നേഹാഗ്‌നിയെ ജ്വലിപ്പിക്കുന്ന ഇന്ധനവും അതുതന്നെ.

ക്ലാരസഭയില്‍ അക്കാലത്ത് നൊവിഷ്യറ്റ് എന്നു വിളിക്കപ്പെടുന്ന നവ സന്ന്യാസ പരിശീലനം നിലവിലില്ലായിരുന്നു . നിത്യവതാനുഷ്ഠാനംവരെ ആ ‘പുതുക്കന്യാസ്ത്രീകള്‍ ‘ ഒരു ഗുരുനാഥയുടെ നിയന്ത്രണത്തില്‍ സന്യാസ ജീവിതരീതികള്‍ അഭ്യസിക്കുകയും ഓരോരോ ജോലികള്‍ ചെയ്യുക യുമായിരുന്നു പതിവ് . സഭാവസ്ത്രം സ്വീകരിച്ചതിന്റെ മൂന്നാം ദിവസം തന്നെ അല്‍ഫോന്‍സാ പഠനം തുടരുന്നതിന് ചങ്ങനാശ്ശേരിക്കു പോയി. ക്ലാരമഠത്തില്‍നിന്ന് വാഴപ്പള്ളി സ്‌കൂളിലേക്കും , തിരിച്ചു മഠത്തിലേക്കുമുള്ള യാത്രാ വേളയില്‍ ജപമാല ജപിച്ചു പോകാന്‍ കൂട്ടുകാരിയെ പ്രേരിപ്പിച്ചിരുന്നത് അല്‍ഫോന്‍സായായിരുന്നു. ഏതാനും മാസങ്ങള്‍ ഇങ്ങനെ കഴിഞ്ഞെങ്കിലും പഠനം പൂര്‍ത്തിയാക്കാനാവാത്തവിധം ഗുരുതരമായ ഒരു രോഗം അവളെ കടന്നാക്രമിക്കുകയുണ്ടായി. രക്തസാവമായിരുന്നു ആ രോഗം. പല ചികിത്സകള്‍ നോക്കിയെങ്കിലും ഒന്നും ഫലപ്രദമായില്ല . ഒടുവില്‍ , ശസ്ത്രക്രിയ തന്നെ വേണം എന്നു തീരുമാനിക്കപ്പെട്ടു . എറണാകുളം ജനറലാശുപ്രതി യില്‍ വച്ചായിരുന്നു ആ ശസ്ത്രക്രിയ . അവിടെവച്ച് അവളുടെ സൗന്ദര്യത്തില്‍ ആവേശോന്മത്തനായ ഒരു ഡോക്ടറുടെ സമീപനത്തെ സ്വല്പം ബലം പ്രയോഗിച്ച പ്രതിരോധിക്കേണ്ടി വന്നതിനാല്‍ പൂര്‍ണസുഖം കിട്ടാതെ മടങ്ങേണ്ടി വന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles