സകല വിശുദ്ധരുടെയും തിരുനാള്‍ – ചില ചിന്തകള്‍
യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാന്‍ സൂപ്പര്‍ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകര്‍ന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധര്‍. ഓരോ വിശ്വസിയുടെയും ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ചു വിശുദ്ധിയിലെത്തിച്ചേരുകയാണ്. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനം പുണ്യവാന്മാരുടെ ഐക്യം ( The Communion of Saints) എന്ന സഭാ പ്രബോധനത്തില്‍ അധിഷ്ഠിതമാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങള്‍ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓര്‍ത്തഡോക്‌സ് സഭകളുടെയും വിശ്വാസത്തില്‍ ദൈവത്തിന്റെ വിശുദ്ധര്‍ ഭൂമിയില്‍ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കല്‍ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു. സ്വര്‍ഗ്ഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തില്‍ അടിസ്ഥാനമിട്ടതാണ്. വിശുദ്ധര്‍ ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സര്‍വ്വവ്യാപികളോ സര്‍വ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വഴി നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തിലുള്ള വിശുദ്ധ സമൂഹമമായി ഒന്നിച്ചു ചേരുന്നു. ജറുസലേമിലെ വി. സിറില്‍ ഇപ്രകാരമാണ് ഇതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് .: ‘മരണമടഞ്ഞവരെ നമ്മള്‍ ഇവിടെ ഓര്‍ക്കുന്നു: ആദ്യം പാത്രിയര്‍ക്കീസുമാരെയും പ്രവാചകന്മാരെയും അപ്പസ്‌തോലന്മാരെയും രക്തസാക്ഷികളെയും അവരുടെ പ്രാര്‍ത്ഥനകളാലും യാചനകളാലും ദൈവം നമ്മുടെ അപേക്ഷകള്‍ സ്വീകരിക്കും …(മതബോധന പ്രബോധനം 23:9).
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘സ്വര്‍ഗത്തില്‍ ക്രിസ്തുവിനോടു കൂടുതല്‍ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതല്‍ ദൃഢമായി വിശുദ്ധിയില്‍ ഉറപ്പിക്കുന്നു. … ദൈവത്തിനും മനുഷ്യര്‍ക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവര്‍ നേടിയ യോഗ്യതകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കല്‍ നമുക്കായി മാധ്യസ്ഥും വഹിക്കുന്നതില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ല.( CCC 956)
വിശുദ്ധരുടെ ഐക്യത്തെകുറിച്ചു മതബോധന ഗ്രന്ഥം ഇങ്ങനെ പറയുന്നു:
‘വിശുദ്ധരുമായുള്ള നമ്മുടെ സംസര്‍ഗം നമ്മെ ക്രിസ്തുവിനോടു ചേര്‍ക്കുന്നു. അവിടുന്നില്‍ നിന്നാണ്, സ്രോതസ്സില്‍ നിന്നും ശിരസ്സില്‍ നിന്നും എന്ന പോലെ എല്ലാ കൃപാവരങ്ങളും ദൈവജനത്തിന്റെ ജീവന്‍ തന്നെയും പ്രവഹിക്കുന്നത്. ക്രിസ്തുവിനെ ദൈവത്തിന്റെ പുത്രന്‍ എന്ന നിലയില്‍ നാം ആരാധിക്കുന്നു. കര്‍ത്താവിന്റെ ശിഷ്യന്മാരും ,അവിടുത്തെ അനുകരിക്കുന്നവരും എന്ന നിലയില്‍ രക്തസാക്ഷികളെ അവര്‍ക്കു തങ്ങളുടെ രാജാവും നാഥനമായിരുന്നവനോട് ഉണ്ടായിരുന്ന അതുല്യമായ ഭക്തി മൂലം നാം സ്‌നേഹിക്കുന്നു. നമക്കും അവരുടെ കൂട്ടുകാരും സഹ ശിഷ്യന്മാരുമാകാം.'(CCC957).
ആരാണ് വിശുദ്ധര്‍
കത്തോലിക്കാ സഭയില്‍ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിനു വിശുദ്ധരുണ്ട്. അവരെല്ലാം യേശുവിനെ അനുഗമിക്കുന്നതിനു സഭ നമുക്കു കാട്ടിത്തരുന്ന നല്ല മാതൃകളാണ്. വളരെ ദീര്‍ഘ കാലത്തെ പ്രാര്‍ത്ഥനയ്ക്കു പരിശോധനകള്‍ക്കും ശേഷമാണ് സഭ അവരെ അനുകരിക്കാവുന്ന മാതൃകളും ശക്തരായ മാധ്യസ്ഥരുമായി വിശ്വസികള്‍ക്കു നല്‍കിയിരിക്കുന്നത്.
ജീവിതത്തിന്റെ നാനാതുറകളില്‍ പ്പെട്ടവരുടെ സംരക്ഷണത്തിനായി സഭ പ്രത്യേക വിശുദ്ധരെ സംരക്ഷകരും പരിപാലകരുമായി തന്നിരിക്കുന്നു. ഉദാഹരണത്തിനു വി. വീത്തൂസ് അമിത ഉറക്കം മൂലം ക്ലേശിക്കുന്നവരുടെയും വി. ജോസഫ് കുപര്‍ത്തീനോ വിമാനയാത്രക്കാരുടെയും മധ്യസ്ഥനാണ്. ഈ വിശുദ്ധര്‍ക്കെല്ലാം ആണ്ടു വട്ടത്തില്‍ ഓരോ ദിനങ്ങള്‍ സഭ നിശ്ചയിച്ചട്ടുണ്ടെങ്കിലും നവംബര്‍ ഒന്നിനു പുണ്യവാന്മാരുടെ ഐക്യം ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒന്നു ചേര്‍ന്നുള്ള ആഘോഷമായി സഭ കൊണ്ടാടുന്നു.
അല്പം ചരിത്രം
രണ്ടാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവര്‍ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതിയ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വത്തില്‍ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവര്‍ വലിയ മൂല്യമുള്ള സ്വര്‍ണ്ണത്തെക്കാള്‍ പരിശുദ്ധമായ അവന്റെ അസ്ഥികള്‍ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു അതുവഴി അവര്‍ ഒന്നിച്ചു കൂടുമ്പോള്‍ അവന്റെ രക്തസാക്ഷിത്വം ഓര്‍മ്മിക്കാനും അവനെ ഓര്‍ത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു .
പൊതുവായി സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നതിനെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് വി. എപ്രേമാണ്. വി. ജോണ്‍ ക്രിസോസ്‌തോം പൗര്യസ്ത സഭയില്‍ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങി , ആ പാരമ്പര്യം ഇന്നും പൗരസ്ത്യ സഭകളില്‍ തുടരുന്നു.
ആരംഭത്തില്‍ പാശ്ചാത്യ സഭയിലും സകല വിശുദ്ധരുടെ തിരുനാള്‍ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആയിരുന്നു പിന്നീടു അതു മെയ് പതിമൂന്നിലേക്കു മാറ്റി. എട്ടാം നൂറ്റാണ്ടില്‍ ഗ്രിഗറി മൂന്നാമന്‍ പാപ്പയാണ് അതു നവംബര്‍ ഒന്നായി നിശ്ചയിച്ചത്. ജര്‍മ്മനിയിലാണ് നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും തിരുനാളായി ആദ്യം ആഘോഷിച്ച പശ്ചാത്യ രാജ്യം.
സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷം വിഗ്രഹാരാധനയോ?
നിരവധി പ്രൊട്ടസ്റ്റ്ന്റു സഭകളും പെന്തക്കോസ്താ സഭകളും വിശുദ്ധരെ വണങ്ങുന്നതു വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നു. അവര്‍ പലപ്പോഴും സകല വിശുദ്ധരുടെയും തിരുനാള്‍ വിഗ്രഹാരാധന ദിനമായി വില കുറച്ചു കാണാറുണ്ട്. പാശ്ചാത്യ പൗരസ്ത്യ സഭകള്‍ ദൈവത്തിനു മാത്രം നല്‍കുന്ന ആരാധന ലാത്രിയും (latria), വിശുദ്ധര്‍ക്കു നല്‍കുന്ന വണക്കമായ ദൂളിയും (dulia) എപ്പോഴും വേര്‍തിരിച്ചു പഠിപ്പിക്കുന്നുണ്ട്. സഭയില്‍ ഏറ്റവും ശ്രേഷ്ഠമായ വണക്കം പരിശുദ്ധ കന്യകാമറിയത്തിനു നല്‍കുന്ന വണക്കമാണ് ഹൈപ്പര്‍ ദൂളിയാ (hyperdulia) എന്നാണ് അത് അറിയപ്പെടുന്നത്. ദൈവത്തിനു കൊടുക്കേണ്ട ആരാധനയും സ്ഥാനവും വിശുദ്ധര്‍ക്കു നല്‍കിയാല്‍ അതു വിഗ്രഹാരാധനയാകും . വിശുദ്ധര്‍ക്കു നമ്മുടെ ജീവിതങ്ങളില്‍ സ്ഥാനമുണ്ടെന്നും അവര്‍ നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ഒന്നായിരിക്കുന്നു. ക്രിസ്തുവിനോടു അടുത്തിരിക്കുന്ന വിശുദ്ധര്‍ക്കു ഭൂമിയില്‍ ജീവിക്കുന്ന നമുക്കു വേണ്ടി മധ്യസ്ഥത നടത്താന്‍ എളുപ്പം സാധിക്കും.വിശുദ്ധരെ ഓര്‍മ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും വളരെ നല്ല കാര്യമാണ്.
2018 ഏപ്രില്‍ ഒന്‍പതാം തീയതി ഫ്രാന്‍സീസ് പാപ്പ പ്രസിദ്ധീകരിച്ച തന്റെ മൂന്നാമത്തെ അപ്പസ്‌തോലിക പ്രബോധനമായ Gaudete et exsultate ആനന്ദിച്ചാഹ്ലാദിക്കുവിന്‍ – (Rejoice and be Glad ) യില്‍ വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണന്നു പഠിപ്പിക്കുന്നു. ബാഹ്യ സൗന്ദര്യം മൂലമല്ല സഭ സുന്ദരിയാകുന്നത് മറിച്ചു സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധി മൂലമാണ്. ഈ വിശുദ്ധി സഭയിലുള്ള എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയും ചെയ്യുന്നു എന്നു പരിശുദ്ധ പിതാവു പഠിപ്പിക്കുന്നു. വിശുദ്ധിയിലേക്കു വളരാനും വിശുദ്ധരാകാനും ആഗ്രഹമുണ്ടായാല്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഓരോ വിശ്വാസിക്കും അര്‍ത്ഥവത്താകും.
~ Fr. Jaison Kunnel mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.