ജീവന്റെ സംരക്ഷണം സഭയുടെ മുഖ്യദൗത്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: ജീവന്റെ സംരക്ഷണം സഭയുടെ മുഖ്യദൗത്യമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കർദിനാൾ മാർജോർജ് ആലഞ്ചേരിയെ അനുമോദിക്കാനെത്തിയ കെസിബിസി പ്രോലൈഫ് സമതിയുടെ എറണാകുളം മേഖല ഭാരവാഹികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവന്റെ മഹത്വം സമൂഹത്തിൽ പ്രഘോഷിയ്ക്കുവാനും സമഗ്ര സംരക്ഷണത്തിനായി പ്രവർത്തിക്കാനുമുള്ള മുഖ്യദൗത്യം സഭാംഗങ്ങൾക്കുണ്ടെന്നു കർദിനാൾ ചൂണ്ടികാട്ടി. സ്വന്തം ജീവൻ നമ്മുടെ രക്ഷയ്ക്കായി സമർപ്പിച്ച കർത്താവായ ക്രിസ്തു ഓരോ വിശ്വാസിക്കും ജീവിതമാതൃകയാണ്. അപരന്റെ ജീവന്റെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി ശുശ്രുഷകൾ ചെയ്യാനുള്ള ദൈവവിളിയാണ് ഓരോ വിശ്വാസിയ്ക്കുമുള്ളതെന്നും, ആ മഹനീയ ദർശനമാണ് പ്രോ ലൈഫ് ശുശ്രുഷകർ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്തു ബൊക്കെ നൽകി. മേഖലാ പ്രസിഡന്റ് ജോണ്സൻ സി എബ്രഹാം ഷാൾ അണിയിച്ചു. സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, വൈസ് പ്രസിഡന്റ് ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, മേഖലാ ജനറൽ വൈസ് പ്രസിഡന്റ് ബിന്ദു വള്ളമറ്റം, ജനറൽ സെക്രട്ടറി ജോയ്സ് മുക്കുടം , ട്രഷറർ ബാബു അത്തിപ്പൊഴിയിൽ, വരാപ്പുഴ അതിരൂപതാ സെക്രട്ടറി ലിസാ തോമസ്, ഭിന്നശേഷി വിഭാഗം കോ ഓർഡിനേറ്റർ ബേബി ചിറ്റിലപ്പള്ളിയിൽ, യൂത്ത് കോ ഓർഡിനേറ്റർ റെനി എഴുപുന്ന, ടാബി ജോർജ് തുടങ്ങിവർ പങ്കെടുത്തൂ.