പ്രളയബാധിതരുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് മാര്‍ ആലഞ്ചേരി
കാക്കനാട്: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തകർത്തു പെയ്യുന്ന കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും തന്റെ പ്രാർഥനയിൽ ചേർത്തുവയ്ക്കുന്നതായി സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
കേരളം സമീപകാലത്തു നേരിടുന്ന രണ്ടാമത്തെ പ്രളയത്തെ സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും അതിജീവിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനംചെയ്തു.
പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാർഥിക്കുന്നു. പ്രിയപ്പെട്ടവരെ ആകസ്മികമായി നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. സഭയുടെ എല്ലാ സംവിധാനങ്ങളും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട്.
പ്രളയബാധിത പ്രദേശങ്ങളിലെ രൂപതകളും സ്ഥാപനങ്ങളും സർക്കാരിനോടും സന്നദ്ധ പ്രവർത്തകരോടും ചേർന്നു പ്രവർത്തിക്കണം. സർക്കാരും ജില്ലാഭരണകൂടങ്ങളും നൽകുന്ന നിർദേശം പാലിക്കണം. സഭയുടെ പാരീഷ് ഹാളുകളും സ്കൂളുകളും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ രൂപതാധ്യക്ഷന്മാരും വൈദികരും സമർപ്പിതരും സംഘടനകളും പൊതുസമൂഹത്തോടു ചേർന്നു പ്രവർത്തിക്കണമെന്നും പത്രക്കുറിപ്പിൽ അദ്ദേഹം ആഹ്വാനം ചെയ്തു.