പരിശുദ്ധ അമ്മ അക്കിത്തയില്‍ നല്‍കിയ സന്ദേശം എന്താണ്?
തിരുസഭാമക്കളുടെ അമ്മയായ പരിശുദ്ധ മറിയം നിരവധി സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവയുടെയെല്ലാം പൊതുസ്വഭാവം അനുതപിക്കുക എന്നതാണ്. ലോകമാകുന്ന കടലിലൂടെ സ്വർഗമാകുന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന സഭാനൗകയെ ലക്ഷ്യത്തിൽ എത്തിക്കുന്ന സമുദ്രതാരമാണല്ലോ മേരി മാതാവ്. സഭാമക്കൾ ലോക സുഖങ്ങളിൽ മുഴുകി സ്വർഗ്ഗം എന്ന ലക്ഷ്യത്തിൽ നിന്ന് അകലുമ്പോൾ നാം പോകേണ്ട വഴി കാണിച്ചുതരുന്നത് സമുദ്രതാരമായ നമ്മുടെ അമ്മ മറിയം ആണ്. അതിനായി അവൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നു. മുന്നറിയിപ്പുകൾ നൽകുന്നു. അതിലൊന്നാണ് അക്കിത്ത പ്രത്യക്ഷീകരണം.
1973 ജൂൺ ആറാം തീയതി മുതൽ ജപ്പാനിലെ അക്കിത്ത എന്ന സ്ഥലത്തെ ബധിരയായ ഒരു കന്യാസ്ത്രീ സി. ആഗ്നസ് സസഗാവയ്ക്കാണ് പരിശുദ്ധ മറിയത്തിന്റെ സന്ദേശങ്ങൾ ലഭിച്ചത്. “മനുഷ്യകുലം ഇനിയും പശ്ചാത്തപിച്ചില്ലെങ്കിൽ പിതാവായ ദൈവം ഭൂമിയിലെ മനുഷ്യരുടെ മേൽ ശിക്ഷ അയയ്ക്കും. ആരും ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ഭയാനകമായിരിക്കും അത്. വിശ്വസ്തരും അല്ലാത്തവരുമായ എല്ലാ മനുഷ്യരും അതിലൂടെ കടന്നു പോകേണ്ടതായി വരും. അതിനെ അതിജീവിക്കുന്നവർ മരിച്ചുപോയവരെ ഓർത്ത് അസൂയപ്പെടും. ജപമാല ആണ് ഇതിനെ നേരിടുവാനുള്ള ഒരേ ഒരു ആയുധം. ദിവസവും ജപമാല ചൊല്ലുക. പ്രത്യേകിച്ച് തിരുസഭയ്ക്കായി. പിശാച് തിരുസഭയിൽ നുഴഞ്ഞുകയറി തിരുസഭയുടെ ഉന്നതതലം മുതൽ സഭാമക്കളെ പരസ്പരം ഭിന്നിപ്പിക്കുന്നു. ഇതിനാൽ എന്റെ മക്കളായ നിരവധി വൈദികർ വിശ്വാസം ഉപേക്ഷിക്കും. നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെ ഓർത്ത് ഞാൻ അത്യധികം ദുഃഖിക്കുന്നു. പാപം ഇനിയും വർദ്ധിച്ചാൽ ക്ഷമിക്കപ്പെടുകയില്ല. ”
അക്കിത്തയിലെ കോൺവെന്റ് ചാപ്പലിൽ ഉള്ള സർവ്വജനപദങ്ങളുടെയും നാഥയുടെ പ്രതിമ നൂറ്റൊന്നു തവണ കണ്ണുനീർ വാർത്തു. കൂടാതെ ഈ പ്രതിമയുടെ വലതുകൈയ്യിൽ ഒരു മുറിവ് പ്രത്യക്ഷപ്പെടുകയും അതിൽ നിന്ന് രക്തം ഒഴുകുകയും ചെയ്തു. ഇതുപോലുള്ള ഒരു കുരിശാകൃതിയിൽ ഉള്ള മുറിവ് സിസ്റ്റർ ആഗ്നസ്ന്റെ ഇടത്തുകയ്യിലും ഉണ്ടായി. മനുഷ്യമക്കളുടെ പാപങ്ങൾ ഓർത്താണ് അമ്മ കണ്ണീർ വാർത്തതും രക്തം വാർത്തതും. സിസ്റ്ററുടെ കാവൽ ദൂതൻ സകല മനുഷ്യരുടെയും പാപപരിഹാരത്തിനായി നീ ഇതു സഹിക്കണം എന്നു പറഞ്ഞു. ഒരു മാസത്തിനുശേഷം മാതാവിന്റെ വിമലഹൃദയ തിരുനാളിൽ പരിശുദ്ധ മറിയത്തിന്റെ പ്രതിമയിലേയും സിസ്റ്ററുടെ കയ്യിലേയും മുറിവ് അപ്രത്യക്ഷമായി.
പത്തു കല്പനകളും ലംഘിക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചു എന്ന് വളരെ വിശദമായി തന്നെ പരിശുദ്ധ മറിയം സി. ആഗ്നസ്സിനോട് പറഞ്ഞിട്ടുണ്ട്. വത്തിക്കാൻ അംഗീകരിച്ചതാണ് അക്കിത്തയിലെ സന്ദേശങ്ങൾ. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒക്ടോബർ ആറിന് സിസ്റ്റർ ആഗ്നസിന്റെ കാവൽമാലാഖ 46 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു സന്ദേശം നൽകുകയുണ്ടായി. അത് ഇപ്രകാരമാണ് :”സകലമനുഷ്യരും ചാരം പൂശി പ്രായശ്ചിത്ത ജപമാല ചൊല്ലുക.” നമുക്കും പരിശുദ്ധ അമ്മ നൽകുന്ന മുന്നറിയിപ്പുകൾ സ്വീകരിച്ച് പാപത്തിൽ നിന്ന് പിന്തിരിയാം. പാപികളുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാം….
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.