കന്യാസ്ത്രീയായി മാറിയ ഫിലിപ്പിനോ നടി
ചിന്‍ ചിന്‍ ഗുട്ടിയേരസ് എന്ന ഫിലിപ്പൈന്‍സിലെ പ്രസിദ്ധ നടി ഇന്ന് യേശു ക്രിസ്തുവിനെ അറിഞ്ഞ് കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന് സിസ്റ്റര്‍ ലൂര്‍ദ് എന്ന പേര് സ്വീകരിച്ചിരിക്കുന്നു! ഒരു കര്‍മലീത്താ മഠത്തിലാണ് അവര്‍ അംഗമായിരിക്കുന്നത്. അറിയപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തക കൂടിയാണ് ചിന്‍ ചിന്‍ ഗുട്ടിയേരസ്.
ബോട്ടാനിസ്റ്റായ ഡോ. ഹെര്‍മസ് ഗുട്ടിയേരസിന്റെ പുത്രിയായ ചിന്‍ ചിന്നിന്റെ മാതാവ് ഒരിക്കല്‍ ഫ്രാന്‍സിസ്‌കന്‍ മഠത്തില്‍ ചേര്‍ന്നവരാണ്. പിന്നീട് സന്ന്യാസജീവിതം ഉപേക്ഷിച്ച്
അവര്‍ ആര്‍ടിസ്റ്റായി. തന്റെ ജീവിതകാലത്ത് എപ്പോഴും കന്യാമഠത്തിലേക്കുള്ള വിളി താന്‍ അനുഭവിച്ചിരുന്നതായി ചിന്‍ ചിന്‍ പറഞ്ഞു.
തന്റെ വിശ്വാസത്തിലേക്കുള്ള ആദ്യ ചുവടിലേക്ക് നയിച്ചത് തന്റെ ഫിലോസഫി പ്രഫസര്‍ ഉയര്‍ത്തിയ ചോദ്യത്തിലാണ്. ദൈവത്തെ കുറിച്ചുള്ള ധാരണയെ ചോദ്യം ചെയ്യുന്നതായിരുന്നു ആ പ്രഫസറുടെ ചോദ്യം.
എന്റെ മനസ്സ് എന്നെ തന്നെ ബോധ്യപ്പെടുത്താനും ദൈവത്തിന്റെ അസ്തിത്വത്തിന് തെളിവ് തേടാനും ശ്രമിക്കുമ്പോള്‍ ദൈവം എന്നെ കേള്‍ക്കുന്നുണ്ടാവില്ലേ ? എന്ന ചോദ്യവുമായി ചിന്‍ ചിന്‍ പ്രഫസറെ നേരിട്ടു. നിങ്ങളുടെ അന്വേഷണവുമായി മുന്നോട്ടു പോകുക എന്നായിരുന്നു പ്രഫസറുടെ മറുപടി. അന്നു മുതല്‍ ആരംഭിച്ച നീണ്ട അന്വേഷണമാണ് അവസാനം ചിന്‍ ചിനെ വിശ്വാസത്തിലും കന്യാമഠത്തിലും എത്തിച്ചത്.
ഒരിക്കല്‍ ചിന്‍ ചിന്റെ അമ്മയക്ക് കടുത്ത രോഗബാധയുണ്ടായി. അവര്‍ ഐസിയുവില്‍ വളരെ മാരകമായ അവസ്ഥയില്‍ കിടന്നപ്പോള്‍ ചിന്‍ ചിന്‍ ദൈവത്തോട്് ഒരു സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. ‘ഞാന്‍ എല്ലാം അള്‍ത്താരയിലേക്ക് സമര്‍പ്പിച്ചു’ ചിന്‍ പറയുന്നു.
അതിനെ തുടര്‍ന്ന് 2006 ഡിസംബര്‍ 20 ന് ഒരു ദൈവികമായ അനുഭവവും അവള്‍ക്കുണ്ടായി. വീടിന് തീ പിടിച്ച ഒരു അനുഭവം ആയിരുന്നു അത്. തീയിലൂടെ ദൈവം അവളോട് സംസാരിച്ചു എന്നാണ് ചിന്‍ പറയുന്നത്. ആ ശബ്ദം അവളെയും വീട്ടുകാരെയും പുറത്തു കൊണ്ടു വന്നു. വീട് കത്തിയമര്‍ന്നിട്ടും അവര്‍ ഒരക്ഷപ്പെട്ടു. തന്റെ ശരീരത്തിലെ പൊള്ളല്‍ തനിക്ക് ഒട്ടും അനുഭവപ്പെട്ടില്ല എന്ന് അവള്‍ പറയുന്നു.
ഇത്തരം നിരന്തരമായ അനുഭവങ്ങളിലൂടെ ദൈവം അവളെ നയിച്ചു. അവസാനം ദൈവനിശ്ചയം പോലെ അവള്‍ തീരത്തണഞ്ഞു, സിസ്റ്റര്‍ ലൂര്‍ദ് എന്ന പേര് സ്വീകരിച്ച് കന്യാസ്ത്രീയായി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.