ഗർഭഛിദ്ര നിയമ ഭേദഗതിയിൽ ആശങ്കയറിയിച്ച് സിസിബിഐ
ബംഗളൂരു: ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയർത്തിക്കൊണ്ടുള്ള കേന്ദ്ര നിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയിലെ ലത്തീൻ മെത്രാൻസമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ). ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന സിസിബിഐ മുപ്പത്തിരണ്ടാമത് പ്ലീനറി സമ്മേളനത്തിലാണ് വിഷയം ചർച്ചയായത്.
ഗർഭധാരണത്തിന്റെ നിമിഷം മുതൽ മനുഷ്യജീവിതത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു.
ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ പവിത്രതയെ സംരക്ഷിക്കുന്നതിൽ സഭ അചഞ്ചലമാണെന്നും എല്ലാ മനുഷ്യജീവിതത്തിന്റെയും അന്തസിനെക്കുറിച്ചുള്ള ക്രിസ്തുസന്ദേശം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം ബിഷപ്പുമാർക്കുണ്ടെന്നും ഡോ. ഗ്രേഷ്യസ് കൂട്ടിച്ചേർത്തു.
സിബിസിഐ പ്ലീനറി സമ്മേളനത്തോടു ചേർന്നാണ് സിസിബിഐ സമ്മേളനവും നടന്നത്. ഒരുദിവസത്തെ സമ്മേളനത്തിൽ ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭയെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചയായി.