ആഡംബരനഗരത്തെ ആത്‌മീയനഗരമാക്കി ലണ്ടൻ കൺവെൻഷൻ
സമ്മേളനവേദി തിങ്ങിനിറഞ്ഞു വിശ്വാസികൾ; അനുഗ്രഹമാരി പെയ്ത രണ്ടാഴ്ചകൾക്കൊടുവിൽ അഭിഷേകാഗ്നി കൺവെൻഷന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിശ്വാസോജ്വല സമാപ്തി
ലണ്ടൻ: മനം നിറഞ്ഞ പ്രാർത്ഥനയിലും മനസ്സിൽ തൊട്ട തിരുവചനപ്രഭാഷങ്ങളിലും ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞ ‘രണ്ടാം അഭിഷേകാഗ്നി’ കൺവെൻഷന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഭക്തിനിർഭരമായ സമാപനം. രൂപതയുടെ എട്ടു റീജിയനുകളിലെ എട്ടു പ്രമുഖ നഗരങ്ങളിലായി ഒക്ടോബര് ഇരുപത് മുതൽ നടന്നുവന്ന ആത്‌മീയആഘോഷത്തിനാണ് ഇന്നലെ ലണ്ടനിൽ പര്യവസാനമായത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലോകപ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്ട്രിസ് ഡിറ്റക്ടറുമായ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, രൂപത ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടർ റെവ. ഫാ. സോജി ഓലിക്കൽ, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ, റീജിയണൽ ഡിറക്ടർമാർ, കമ്മറ്റി അംഗങ്ങൾ, സെഹിയോൻ ടീം എന്നിവരുടെ നേതൃത്വത്തിലാണ് ഈ അനുഗ്രഹ ദിവസങ്ങൾ ഒരുക്കിയത്.
ഇന്നലെ ലണ്ടൺ റീജിയൻ കൺവെൻഷൻ നടന്ന ഹാരോ ലെഷർ സെന്റർ നിറഞ്ഞു കവിഞ്ഞു വിശ്വാസികൾ ദൈവവചനം കേൾക്കാനെത്തി. രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച ശുശ്രുഷകളിൽ, മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ചു വചന സന്ദേശം നൽകി. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങൾക്കു പത്രോസിനെപ്പോലെ എതിര് നിൽക്കുമ്പോൾ നമ്മുടെ ചിന്ത വെറും മാനുഷികമായിപ്പോകുന്നെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായിട്ടുള്ളത് ഒന്നേയുള്ളു-മറിയത്തെപ്പോലെ നസ്രായനായ ഈശോയുടെ പാദത്തിങ്കൽ ഇരിക്കുക. നമ്മിൽ എപ്പോഴും സംസാരിക്കുന്നതു സ്വർഗ്ഗസ്ഥനായ പിതാവാണോ അതോ ഈ ലോകത്തിന്റെ പ്രഭുവാണോ എന്ന് നാം ഹൃദയ പരിശോധന നടത്തണം. ഈ ലോകത്തിൽ സുഖഭോഗങ്ങളിൽ കഴിയുന്ന വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നെന്നും ഈശോയെ ദൈവമായി സ്വീകരിക്കുന്നവർക്കു മാത്രമേ നിത്യജീവൻ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ സ്വരത്തിനു കാതോർക്കണമെന്നു വചന പ്രഘോഷണം നടത്തിയ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. പരി.ആത്‌മാവ് പറയുന്നതുപോലെ ഉള്ളിലെ കരട് എടുത്തു മാറ്റുക. ഒരുവ്യക്തി ഈശോയെ സ്വന്തമാക്കിയാൽ അയാൾ നിത്യജീവൻ സ്വന്തമാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. റെവ. ഫാ. സോജി ഓലിക്കലും വചനപ്രഘോഷണം നടത്തി. നോർത്താംപ്ടൺ രൂപതയുടെ വികാരി ജനറാൾ റെവ. ഫാ. ഷോണിന്റെ സാന്നിധ്യം അനുഗ്രഹമായി. റെവ. ഫാ. നോബിൾ HGN കുട്ടികൾക്കായി ഇംഗ്ലീഷ് ഭാഷയിൽ സീറോ മലബാർ വി. കുർബാന അർപ്പിച്ചു. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു.
ലണ്ടൻ കൺവെൻഷൻ ഡയറക്ടർ റെവ. ഫാ. ജോസ് അന്ത്യാംകുളം ഉൾപ്പെടെ റീജിയനിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ സീറോ മലബാർ വൈദികരും, രണ്ടായിരത്തിലധികം വിശ്വാസികളും ഈ അനുഗ്രഹ ദിവസത്തിൽ പങ്കുചേരാനെത്തി. കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യമൊരുക്കിയിരുന്നു. പതിവുപോലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് തിരുക്കർമ്മങ്ങൾക്ക് സമാധാനമായത്. ലണ്ടൻ നഗരത്തിന്റെ തിരക്കുകൾക്കിടയിലും സാധ്യമായ ഒരുക്കങ്ങളെല്ലാം സംഘാടകസമിതി ചെയ്തിരുന്നു.
രണ്ടാഴ്ച നീണ്ടുനിന്ന ആത്‌മീയ നവോഥാന ശുശ്രുഷകളിൽ ആയിരങ്ങളാണ് രൂപതയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ശുശ്രുഷകളിൽ പങ്കുചേർന്നത്. ഔദ്യോഗിക-കുടുംബജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ദൈവചനം കേൾക്കാനായി വന്നെത്തിയ എല്ലാവര്ക്കും ദൈവം സമൃദ്ധമായി അനുഗ്രഹങ്ങൾ നല്കട്ടെയെന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആശംസിച്ചു. വചനപ്രഘോഷണത്തിനു നേതൃത്വം നൽകിയ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനും ടീമംഗങ്ങൾക്കും വിവിധ സ്ഥലങ്ങളിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നല്കിയവർക്കും നന്ദി പറയുന്നതായും ദൈവാനുഗ്രഹം പ്രാര്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫാ. ബിജു കുന്നയ്‌ക്കാട്ട്