ദൈവനിഷേധികളുടെ കാലത്തെ ദൈവം!
കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വര്‍ഷങ്ങള്‍ക്കു മുമ്പ് വിധേയനായിട്ടുള്ള ഒരാളാണ് ഞാന്‍. കൃത്രിമ കിഡ്‌നി ഉപയോഗത്തില്‍ വരാനുള്ള സാധ്യതകളെ കുറിച്ച് ഞാന്‍ ഈയടുത്ത കാലത്തൊരിക്കല്‍ എന്റെ ഡോക്ടര്‍ എബി എബ്രഹാമുമായി ചര്‍ച്ച ചെയ്തു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നെഫ്രോളജിസ്റ്റുകളില്‍ ഒരാളായ ഡോ. എബി എബ്രഹാം (കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെയും ഫാ. ഡേവിസ് ചിറമ്മേലിന്റെയുമെല്ലാം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നൽകിയ ഡോക്ടര്‍ തന്നെ) എന്നെ അമ്പരപ്പിച്ചു കൊണ്ട് ഒരു മറുപടി പറഞ്ഞു:
‘നാം കരുതുന്നതു പോലെയല്ല. മനുഷ്യന് ഇപ്പോഴും കൃത്രിമ കിഡ്‌നി എന്നുള്ളത് ഒരു വിദൂര സാധ്യതയാണ്’ വൃക്കകളുടെ ആന്തരികഘടനയെ കുറിച്ച് ആഴത്തില്‍ പഠിച്ച മനുഷ്യന്‍ വിസ്മയം പ്രസരിക്കുന്ന കണ്ണുകളോടെ തുടര്‍ന്നു ‘ദൈവം എത്ര വിസ്മയകരമായാണ് മനുഷ്യന്റെ വൃക്കകളെ സൃഷ്ടിച്ചിരിക്കുന്നത് എന്നറിയാമോ? രക്തത്തിന്റെ ശുദ്ധീകരണം എന്നത് വൃക്കയുടെ അനേകം പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്. അതിന്റെ അതിസൂക്ഷ്മവും അത്ഭുതകരവുമായ ആന്തരിക ഘടനകളെ കുറിച്ച് പഠിച്ചു പഠിച്ചു പോകുമ്പോള്‍ നാം അത് സൃഷ്ടിച്ചു വച്ച ആളെ കുറിച്ച് അത്ഭുതാദരവുകള്‍ കൊണ്ട് മൗനിയായി പോകും!’
ഇങ്ങനെ പറഞ്ഞു ഞാന്‍ നേരിട്ടു കേള്‍ക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ ഒന്നുമല്ല ഡോ. എബി എബ്രഹാം. നമ്മുടെ കാലത്തെ മതഭ്രാന്തുകള്‍ കണ്ടു കണ്ട് ദൈവം മനുഷ്യന്റെ ശത്രുവാണെന്ന് ധരിച്ചു വളരുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. വാസ്തവത്തില്‍ ദൈവത്തെ കുറിച്ചുള്ള ധാരണകള്‍ തങ്ങളുടെ ദുഷ്പ്രവര്‍ത്തികളിലൂടെ തെറ്റിദ്ധാരണാജനകമാം വിധം പരത്തുന്ന മനുഷ്യരെ കണ്ട് ദൈവത്തെ കുറിച്ച് നിഷ്ഠുരമായ ഒരു ചിത്രം നമ്മുടെ മനസ്സില്‍ നാം വരച്ചു വയ്ക്കുന്നു.
സെന്റ് അഗസ്റ്റിനും സ്വാമി വിവേകാനന്ദനും ഫ്രാന്‍സിസ് അസ്സീസിയും റൂമിയും കബീറും മീരാഭായിയുമെല്ലാം മധുരസ്വരൂപന്‍ എന്നു കണ്ടെത്തിയ ഈശ്വരന്‍ തീര്‍ച്ചയായും ഈ മതഭ്രാന്തന്മാര്‍ (ഒരു മതത്തിലെ മാത്രമല്ല, എല്ലാ മതങ്ങളിലെയും മതഭ്രാന്തന്മാര്‍) പറഞ്ഞു പരത്തുന്ന ദൈവമല്ല.
എണ്ണമറ്റ സുകൃതികള്‍ അത്തരം ഒരു ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടെങ്കില്‍ ഈ മതഭ്രാന്തുകള്‍ക്കും ഈ അധികാരവടംവലികള്‍ക്കും അപ്പുറം സ്‌നേഹത്തിന്റെ പ്രകാശമായി മറഞ്ഞിരിക്കുന്ന ഒരു ദൈവമുണ്ട്. നന്മ ചെയ്യാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്ന ഉള്‍പ്രേരണയില്‍ ആ പ്രകാശം നിഗൂഢമായി സ്ഥിതി ചെയ്യുന്നുണ്ട്.
ആദിമചൈതന്യം മറന്ന് ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ഒതുങ്ങുന്ന മതം ചിലപ്പോഴെല്ലാം ദൈവത്തിന് ഒരു സൂര്യഗ്രഹണമായി മാറുന്നുണ്ടോ എന്നും ഈ കാലഘട്ടത്തെ നോക്കി സംശയിച്ചു പോകുക സ്വാഭാവികം. എന്നിരുന്നാലും ആത്മീയത മാറ്റി വച്ച് മനുഷ്യനന്മ സാധ്യമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഉള്ളില്‍ നിന്നു പ്രസരിക്കുന്ന പ്രകാശം കൊണ്ടേ നല്ല സമൂഹത്തെ കെട്ടിപ്പടുക്കാനാകൂ. നല്ല സമൂഹമേ നല്ല രാജ്യമായി മാറുകയുളളൂ.
ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും വ്യക്തിപരമായ രീതിയില്‍ നിലാവു പോലെ ദൈവത്തിന്റെ നേര്‍ത്ത സാന്നിധ്യം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം നീണ്ട മരണകരമായ വൃക്കരോഗത്തിന്റെ കാലങ്ങളില്‍ എന്റെ ജീവന്‍ കാത്തത് ദൈവമാണെന്നത് എന്റെ മാത്രം വ്യക്തിപരവും അനിഷ്യേധ്യവുമായ അനുഭവമാണ്. ഇടവും വലവുമുള്ള കട്ടിലുകളില്‍ ഓരോ ദിവസങ്ങളില്‍ ഓരോ മരണങ്ങള്‍ നടക്കുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്.
കിഡ്‌നി ട്രാന്‍സ്ലാന്റേഷനു വേണ്ടി എന്നെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് എടുക്കാനൊരുങ്ങുമ്പോള്‍ ഇനി ഉറക്കമുണരുമോ എന്ന ഭയത്തെ കീഴടക്കി ആത്മവിശ്വാസത്തോടെ പുഞ്ചരി തൂകാന്‍ എന്നെ സഹായിച്ചത് ബൈബിളിലെ 91 ാം സങ്കീര്‍ത്തനത്തിലെ വരികളാണ് :
“അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും…”
ആരാണ് മനസ്സിനെ നമുക്ക് എത്തിപ്പിടിക്കാനാവാത്ത പ്രത്യാശയുടെ പ്രകാശം കൊണ്ടു നിറയ്ക്കുന്നത്? ഏറ്റവും വലിയ ഇരുട്ടിന്റെ നിമിഷങ്ങളില്‍ ആരാണ് നിശബ്ദം നമ്മുടെ കൈ പിടിച്ച് ജീവിക്കാന്‍ പ്രേരണ നല്‍കുന്നത്? ആരാണ് മനുഷ്യഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ ഉറവകള്‍ തീര്‍ക്കുന്നത്?
വീണ്ടും പറയുന്നു, ദൈവനിഷേധത്തിന്റെ ഈ മതഭ്രാന്തുകള്‍ക്കും മതതീവ്രവാദത്തിനും ഇടയില്‍ യഥാര്‍ത്ഥ ദൈവം എവിടെയോ മറഞ്ഞു നില്‍ക്കുന്നു. ടാഗോള്‍ പറയുന്നതു പോലെ, ദൈവം പാടത്ത് പണിയെടുക്കുന്നുണ്ട്. അഭയാര്‍ത്ഥികളില്‍ അലയുന്നുണ്ട്… പീഡിതരില്‍ സഹിക്കുന്നുണ്ട്… തിന്മകളോട് പോരാടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അന്വേഷിക്കുക. കണ്ടെത്തും!
~ അഭിലാഷ് ഫ്രേസര്‍ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.