എല്ലാവര്‍ക്കും വേണ്ടിയൊരു വിശുദ്ധന്‍ – മാർട്ടിൻ ഡീ പോറസ്

ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ ജനനം. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സൽപ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും ബോധപൂർവ്വം മറന്നു. കാരണം അവർ അവിവാഹിതരും അന്ന ഒരു ആഫ്രിക്കൻ അടിമയുമായിരുന്നു. 1579 ൽ മാർട്ടിനു ജ്ഞാനസ്നാനം നൽകിയെങ്കിലും മാമ്മോദീസാ രജിസ്റ്ററിൽ പിതാവിന്റെ നാമം രേഖപ്പെടുത്തിയിട്ടില്ല.

കടുത്ത ദാരിദ്യത്തിനു നടുവിൽ അമ്മ ഒറ്റയ്ക്കാണു മാർട്ടിനെ വളർത്തിയത്. ചെറുപ്പം മുതലേ മറ്റുള്ളവരോടു ഉദാരതയാടെ കൊച്ചു മാർട്ടിൻ പെരുമാറിയിരുന്നു. സാധനങ്ങൾ വാങ്ങാൻ അമ്മ മാർക്കറ്റിൽ വിട്ടിരുന്നപ്പോൾ വിട്ടിലെത്തുന്നതിനു മുമ്പേ അവയെല്ലാം തങ്ങളേക്കാൾ പാവപ്പെട്ടവരായവർക്കു അവൻ പങ്കുവെച്ചു നൽകിയിരുന്നു. പത്തു വയസ്സു മുതൽ രാത്രിയിൽ മണിക്കൂറുകൾ പ്രാർത്ഥിക്കുന്നത് അവൻ പതിവാക്കി. ഇതു ജീവിതാവസാനം വരെ മാർട്ടിൻ പാലിച്ചു പോന്നു.

മാർട്ടിനു എട്ടു വയസ്സുള്ളപ്പോൾ ഹുവാൻ ഡീ പോറസ് മാർട്ടിൻ തന്റെ പുത്രനാണന്നു അംഗീകരിച്ചു. പന്ത്രണ്ടാം വയസ്സിൽ ബാർബറിന്റെ പണി ചെയ്യാൻ തുടങ്ങി. പിന്നീടു ശസ്ത്രക്രീയ നടത്തുന്നതിന്റെ അടിസ്ഥാന തത്വങ്ങൾ, മരുന്നുകൾ ഉപയോഗിക്കേണ്ട രീതി, മുറിവുകൾ വൃത്തിയാകുന്ന മാർഗ്ഗങ്ങൾ എന്നിവ മാർട്ടിൻ ഹൃദ്യസ്ഥമാക്കി. ഭൂമിയിൽ തന്റെ സംരക്ഷണം ഏറ്റെടുക്കാൻ ജന്മം നൽകിയ പിതാവ് സന്നദ്ധനാകാത്തതിനാൽ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹത്തിലും കാരുണ്യത്തിലും ചെറുപ്പം മുതലേ ആശ്രയിക്കാൻ തുടങ്ങി . കുട്ടി ആയിരിക്കുമ്പോഴേ തന്നെ ദൈവാലയത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്താൽ ദൈവാലയത്തിന്റെ അകത്തു കയറി സ്വർഗ്ഗീയ പിതാവിനെ സന്ദർശിക്കുന്ന ഒരു അവസരവും മാർട്ടിൻ ഒഴിവാക്കിയിരുന്നില്ല. പിതാവിന്റെ തിരസ്കരണം നിരാശയിലേക്കും വെറുപ്പിലേക്കും പ്രതികാരത്തിലേക്കും വഴുതിപ്പോകാതെ ക്ഷമയിലും സൗഖ്യത്തിലും മാർട്ടിനെ രൂപപ്പെടുത്തിയതു ദൈവ പിതാവിന്റെ സ്നേഹം ഇളം പ്രായത്തിലെ അനുഭവിച്ചതു മൂലമാണ്.

ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവർക്കുള്ള വിശുദ്ധനാണ് വി. മാർട്ടിൻ .ബാർബറായും, തൂപ്പുകാരനായും, കാഴ്ച മുറി സൂക്ഷിപ്പുകാരനായും, രോഗി ശുശ്രൂഷിയായും, ദൈവത്തിന്റെ സൃഷ്ടികളായ മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലകനായും വിശക്കുന്നവർക്കു ഭക്ഷണം നൽകിയും മാർട്ടിൻ പകർന്നാടിയതു നിരവധി വേഷങ്ങളാണ്, എല്ലാത്തിനും ഉപരിയായി രാത്രിയുടെ പകുതി സമയവും പ്രാർത്ഥനയ്ക്കായി മാറ്റി വച്ചിരുന്നു. പ്രാർത്ഥനയുടെ അടിത്തറയിൽ പണിതുയർത്തിയതായിരുന്നു വിശുദ്ധ മാർട്ടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. പിതാവാരെന്നറിയപ്പെടാത്ത ഒരു പുത്രനിൽ നിന്നു ദൈവത്തിന്റെ പ്രിയപ്പെട്ട മകനായി വിശുദ്ധ മാർട്ടിനെ രൂപാന്തരപ്പെടുത്തിയത് പ്രാർത്ഥനയല്ലാതെ മറ്റൊന്നുമല്ല.

പതിനഞ്ചാം വയസ്സിൽ സന്യാസ സഭയിൽ ചേരണമെന്ന ആഗ്രഹം ഉദിച്ചു. ലീമായിലെ ഡോമിനിക്കൻ സഭക്കാരുടെ ജപമാല ആശ്രമത്തിൽ ചേരാൻ അപേക്ഷ നൽകിയെങ്കിലും വർണ്ണവിവേചനം മൂലം ഒരു പണിക്കാരനായി മാത്രമേ അവർ മാർട്ടിനെ സ്വീകരിച്ചുള്ളു. പിന്നീടു1603 ൽ ഇരുപത്തിനാലാമത്തെ വയസ്സിൽ ഡോമിനിക്കൻ സഭയിൽ ഒരു തുണ സഹോദരനായി മാർട്ടിൻ ചേർന്നു. പൗരോഹിത്യം സ്വീകരിക്കുന്നതിൽനിന്നു അദ്ദേഹം സ്വയം പിന്മാറി.

മാർട്ടിന്റെ അനതി സാധാരണമായ വിശുദ്ധിയെ കുറിച്ചു ധാരാളം കഥകളുണ്ട്. പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ മാർട്ടിന്റെ തലക്കു ചുറ്റും പലപ്പോഴും ഒരു പ്രകാശഗോളം വലയം ചെയ്തിരുന്നു. മറ്റു ചില അവസരങ്ങളിൽ സ്വർഗ്ഗീയ അനുഭൂതിയാൽ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടിരുന്നു. ബൈ ലോക്കേഷനുള്ള ദൈവിക സിദ്ധി മാർട്ടിനെ ആവശ്യക്കാരുടെ അടുത്തു കൊണ്ടുചെന്നു എത്തിക്കുമായിരുന്നു. അടിച്ചിട്ട മുറികളിൽ ആരും ആശ്രയമില്ലാതിരുന്ന രോഗികളുടെ അടുത്തു സഹായ ഹസ്തമായി അത്ഭുഭുതകരമായ രീതിയിൽ മാർട്ടിൻ എത്തുമായിരുന്നു.

മാർട്ടിന്റെ ജീവിതകാലത്തു ലീമായിലെ ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത് സഹിക്കുന്ന പാവങ്ങളുടെ പിതാവ് എന്നായിരുന്നു. അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുക മാത്രമല്ല മാർട്ടിൻ ചെയ്തിരുന്നത് മറിച്ചു മക്കളെ തേടി അലഞ്ഞിരുന്ന ദൈവ പിതാവിനെ അവർക്കു കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധവും അടിമത്തവും സർവ്വസാധാരണവും അത്യാഗ്രഹികളുടെ ആർത്തി സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥ പരിതാപത്തിലാക്കുകയും ചെയ്തിരുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് മാർട്ടിൻ ജീവിച്ചിരുന്നത്. മറ്റൊരർത്ഥത്തിൽ ഒരു സാമൂഹിക നരകത്തിന്റെ ഇരയായിരുന്നു മാർട്ടിൻ.മിശ്ര വംശജനും അവിവാഹിത ബന്ധത്തിന്റെ സന്തതിയുമായിരുന്നതിനാൽ മാർട്ടിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. വർണ്ണവിവേചനത്തിന്റെയും അടിമപ്പണിയുടെയും ക്രൂരത അതിന്റെ എല്ലാ തീവ്രതകളോടും കൂടെ അവൻ അനുഭവിച്ചിരുന്നു.
ലീമായിലെ പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിൽ മാർട്ടിൻ പ്രദർശിപ്പിച്ചിരുന്ന ശ്രദ്ധയും താൽപര്യവും പലപ്പോഴും ആശ്രമാംഗങ്ങളിൽ അസൂയ ഉളവാക്കിയിരുന്നു. ഒരിക്കൽ തെരുവിൽ നിന്നു വ്രണം ഒലിക്കുന്ന ഒരു രോഗിയുമായി മാർട്ടിൻ ആശ്രമത്തിലെത്തി. നഗ്നനായിരുന്ന ആ വൃദ്ധന്റെ ശരീരത്തിൽ നിന്നു പുഴുക്കൾ പുറത്തു വന്നിരുന്നു. രോഗിയുടെ പിതാവസ്ഥ കണ്ടു മറ്റു ആശ്രമാംഗങ്ങൾ ഭയപ്പെട്ടു പിന്മാറുകയും മാർട്ടിനെ ശകാരിക്കുകയും ചെയ്തു. മാർട്ടിൻ സ്വന്തം കട്ടിലിൽ ആ പടുവൃദ്ധനെ കിടത്തി ശുശ്രൂഷിച്ചു. ഒരു സഹായത്തിനും തിരിഞ്ഞു നോക്കാതിരുന്ന സഹോദരനോടു വിശുദ്ധൻ ഇപ്രകാരം പറഞ്ഞു. ” എന്റെ പ്രിയ സഹോദരാ, വൃത്തിയെക്കാൾ കാരുണ്യമാണ് കൂടുതല്‍ അഭിലഷണീയം. ഒരല്പം സോപ്പു കൊണ്ട് എന്റെ കിടക്ക വിരി എനിക്കു വൃത്തിയാക്കാൻ സാധിക്കും , പക്ഷേ നിർഭാഗ്യവാനായ ആ മനുഷ്യനെ സഹായിക്കാതെ നിഷ്‌ഠുരമായി ഞാൻ പെരുമാറിയാൽ അതു എന്റെ ആത്മാവിൽ സൃഷ്ടിക്കുന്ന കറ ഇല്ലാതാക്കുവാൻ കണ്ണീരിന്റെ ഒരു മലവെള്ളപ്രവാഹം ഒഴിക്കിയാലും മതിയാവുകയില്ല.”
പെറുവിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ വെള്ളക്കാരനോ കറുത്തവനോ എന്ന പക്ഷഭേദം കൂടാതെ മാർട്ടിൻ എല്ലാവരെയും ശുശ്രൂഷിച്ചു. ഒരു ഭിഷഗ്വരനെന്ന നിലയിലും മാർട്ടിന്റെ കീർത്തി ലാറ്റിൻ അമേരിക്കയിൽ പെട്ടന്നു പടർന്നു. മെക്സിക്കോയിലെ മെത്രാപ്പോലീത്ത പോലും ഒരിക്കൽ മാർട്ടിന്റെ സഹായം തേടി ലീമായിൽ എത്തിയിരുന്നു. ഒരു രോഗി സുഖപ്പെടുമോ ഇല്ലയോ എന്നു പരിശോധനയിൽ മനസ്സിലാക്കാനുള്ള അത്ഭുത സിദ്ധി മാർട്ടിനുണ്ടായിയിരുന്നു.

1639 നവംബർ മാസം മൂന്നാം തീയതി പനി ബാധിച്ചാണ് മാർട്ടിൻ അറുപതാമത്തെ വയസ്സിൽ ലിമായിൽ നിര്യാതനായത് . ലാറ്റിൻ അമേരിക്കയിൽ പ്രശസ്താനായിരുന്നെങ്കിലും ആഗോള സഭ 1837 ലാണ് മാർട്ടിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത് .1962 മെയ് മാസം ആറാം തീയതി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ മാർട്ടിനെ വിശുദ്ധ പദവിയിലേക്കു ഉയർത്തി. വംശങ്ങൾ തമ്മിലുള്ള ബന്ധം, സാമൂഹിക നീതി, പൊതു വിദ്യാഭ്യാസം, പെറുവിലെ ടെലിവിഷൻ , പൊതു ആരോഗ്യം, സെപ്യനിലെ തൊഴിലാളി സംഘടനകൾ, മിശ്ര വംശജരായ വ്യക്തികൾ, ബാർബർമാർ എന്നിവരുടെ മധ്യസ്ഥനാണ് വി. മാർട്ടിൻ.

ഫാ. ജയ്സൺ കുന്നേൽ mcbs


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles