വിവാഹിതയായ ഒരു വിശുദ്ധ
ഫ്രാന്‍സിസ്‌കാ റൊമേന 1384ല്‍ റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. നശ്വരമായ ഒന്നും അവളെ ആനന്ദിപ്പിച്ചില്ല. പതിനൊന്നാം വയസ്സില്‍ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിതാവിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് റോമിലെ പേപ്പല്‍ ട്രൂപ്പ്‌സിന്റെ കമാന്‍ഡന്റ് ആയ ലൊറെന്‍സോ എന്ന യുവാവിനോടൊപ്പം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. കഠിനമായ ശരീരദണ്ഡനങ്ങള്‍ പാലിച്ചതുനിമിത്തം ഫ്രാന്‍സിസ്‌കാ രോഗാതുരയായി. അക്കാലയളവില്‍ സാന്ത്വനമായത് ഭര്‍ത്തൃസഹോദരിയുമായുള്ള ചങ്ങാത്തമാണ്. അവര്‍ ഒരുമിച്ച് ദിവ്യബലിയില്‍ പങ്കുകൊണ്ടു, ജയിലുകള്‍ സന്ദര്‍ശിച്ചു, ആതുരാലയങ്ങളില്‍ സേവനം നടത്തി. ഫ്രാന്‍സിസ്‌കാ ലൊറെന്‍സോ ദാമ്പത്യവല്ലരിയില്‍ മൂന്നു മക്കള്‍ പിറന്നു. യേശുവിന്റെ മണവാട്ടിയാകാന്‍ ആഗ്രഹിച്ച ആ വിശുദ്ധ ദൈവഹിതത്തിനു സ്വയം സമര്‍പ്പിച്ചുകൊണ്ട് ഒരു നല്ല അമ്മയും, സഹധര്‍മ്മിണിയുമായി ജീവിതം നയിച്ചു.
ആയിടെയാണ് റോമില്‍ വെള്ളെപ്പാക്കം ഉണ്ടായത്. ക്ഷാമവും, പകര്‍ച്ചവ്യാധികളും കൊണ്ട് ജനങ്ങള്‍ വലഞ്ഞു. ഫ്രാന്‍സിസ്‌കയും, ഭര്‍ത്തൃസഹോദരിയും സേവനസന്നദ്ധരായി മുന്നിട്ടിറങ്ങി. ഭക്ഷണവും, വസ്ത്രവും, എണ്ണയും, വീഞ്ഞുമായി അവര്‍ നിരത്തുകളില്‍ സഞ്ചരിച്ചു. ഈ വിവരം അറിഞ്ഞ ഫ്രാന്‍സിസ്‌കായുടെ ഭര്‍ത്താവിന്റെ അപ്പന്‍ അവരെ വിലക്കി. ദുരിതങ്ങള്‍ ഒന്നിനുപുറകെയൊന്നായി വന്നുകൊണ്ടേയിരുന്നു. 1300കളുടെ അന്ത്യത്തില്‍ റോമില്‍ ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ടു. ലൊറെന്‍സോയ്ക്ക് മാരകമായ മുറിവേറ്റു. അവരുടെ മൂത്തമകനെ തട്ടിക്കൊണ്ടുപോയി. ഭവനം തകര്‍ന്നുതരിപ്പണമായി. പടര്‍ന്നു പിടിച്ച
പ്‌ളേഗില്‍ രണ്ടുമക്കളെ കൂടി അവര്‍ക്ക് നഷ്ടമായി, എട്ടുവയസ്സുകാരനായ ഇവാന്‍ജെലിസ്റ്റയും, മകള്‍ ആഗ്നെസ്സും. മക്കളെല്ലാം നഷ്ടപ്പെട്ട ഫ്രാന്‍സിസ്‌കായ്ക്ക് ദൈവം കാവല്‍മാലാഖയെക്കാണാനുള്ള പ്രത്യേക വരം കൊടുത്തു. ഒരു സുഹൃത്തും, ആത്മീയഗുരുവുമായി ഈ കാവല്‍മാലാഖ ജീവിതാന്ത്യം വരെ അവരോടൊപ്പമുണ്ടായിരുന്നു.
ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനൊ, ദൈവത്തെ പഴിപറയാനൊ ഫ്രാന്‍സിസ്‌കാ തയ്യാറായില്ല. തകര്‍ന്നുപോയ ഭവനം ഒരു ആതുരാലയമാക്കിമാറ്റിക്കൊണ്ട് ഭവനരഹിതര്‍ക്ക് ആശ്രയമരുളി. രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് അവര്‍ ശിഷ്ടകാലം ചിലവഴിച്ചു.
ഫ്രാന്‍സിസ്‌കായുടെ സേവനമനോഭാവം അനേകം റോമന്‍ വിധവകളെ ആകര്‍ഷിച്ചു. പതിയെ പതിയെ ഒരു ബെനഡിക്‌റ്റൈന്‍ ജീവിതരീതി അവരില്‍ ഉദയം ചെയ്തു. 1425 ആഗസ്ത് 15ന് ഒബ്‌ളേറ്റ്‌സ് ഓഫ് മേരി എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. ഇന്ന് റോമില്‍ മാത്രമല്ല, ഇസ്രയേലിലും, ഫ്രാന്‍സിലും ഈ സംഘടനയിലെ അംഗങ്ങള്‍ സേവനമനുഷ്ഠിക്കുന്നു. ഫ്രാന്‍സിസ്‌കായുടെ ഒമ്പ്‌ളേറ്റ്‌സ് എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. 1436ല്‍ പ്രിയതമയോടുള്ള തന്റെ അതിരില്ലാത്ത സ്‌നേഹം പ്രഖ്യാപിച്ചുകൊണ്ട് ലൊറെന്‍സോ മരണമടഞ്ഞു. ഭര്‍ത്താവിന്റെ വിയോഗശേഷം പൂര്‍ണ്ണമായും സംഘടനാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഫ്രാന്‍സിസ്‌കാ നാലുവര്‍ഷത്തോളം സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1440 മാര്‍ച്ച് 9ലെ സായാഹ്നം. ഫ്രാന്‍സിസ്‌കായുടെ വദനം സുവര്‍ണ്ണശോഭയാല്‍ വിളങ്ങി. എന്റെ കാവല്‍മാലാഖ എന്നെ വിളിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഫ്രാന്‍സിസ്‌കാ മരണമടഞ്ഞു. റോമന്‍നിവാസികളെ ദുഖത്തിലാഴ്ത്തിയ ആ മരണം റോമിനു സമ്മാനിച്ചത് ഒരു പുതിയ വിശുദ്ധയെയാണ്.
നിരവധി അത്ഭുതങ്ങള്‍ക്ക് റോം വേദിയായി. 1608ല്‍ പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ്‌കായെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി. സേവനതത്പരയായി റോമിലെ തെരുവോരങ്ങളില്‍ രാത്രിസമയങ്ങളില്‍ ഫ്രാന്‍സിസ്‌കാ സഞ്ചരിക്കുമ്പോള്‍ കാവല്‍മാലാഖ അവള്‍ക്കു മുമ്പേ നടന്ന് വെളിച്ചം പകരുമായിരുന്നു. ഇക്കാരണത്താല്‍ 1925ല്‍ പയസ്സ് പതിനൊന്നാമന്‍ പാപ്പ വിശുദ്ധ ഫ്രാന്‍സിസ്‌കായെ ഓട്ടോമൊബൈല്‍ വാഹനങ്ങളുടെ പേട്രണസ് ആയി പ്രഖ്യാപിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.