യഹൂദിയായിലെ ഒരു ഗ്രാമത്തില്‍…
എ ജെ ജോസഫ് എന്ന പേര് ഏറെ പേര്‍ അറിയില്ല. എന്നാല്‍ കാവല്‍മാലാഖമാരേ കണ്ണടയ്ക്കരുതേ… എന്ന നിത്യമോഹനമായ ക്രിസ്മസ് ഗാനം ഒരിക്കല്‍ കേട്ടിട്ടുള്ളവരാരും അതിന്റെ സ്രഷ്ടാവിനെ മനസ്സില്‍ വാഴ്ത്താതിരുന്നിട്ടുണ്ടാവില്ല. ക്രിസ്മസ് കാലത്ത് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍… എന്ന ഗാനം പാടാത്ത ഏത് ഗാനമേള ട്രൂപ്പുണ്ട് കേരളത്തില്‍? ഈ രണ്ട് അനശ്വര ക്രിസ്മസ് ഗാനങ്ങളുടെ സ്രഷ്ടാവാണ് ഗിറ്റാര്‍ ജോസഫ് എന്നും അറിയപ്പെടുന്ന എ ജെ ജോസഫ്.
കാവല്‍മാലാഖമാരേ…
ആരെയും വശീകരിക്കുകയും വിശുദ്ധമായ ഒരു താരാട്ടു പാട്ടിന്റെ സ്വര്‍ഗീയ അനുഭൂതികളിലേക്ക് ഒരിളംകാറ്റിന്റെ ചിറകില്‍ വഹിച്ചു കൊണ്ടുപോവകയും ചെയ്യുന്ന കാവല്‍മാലാഖമാരേ… എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് എ ജെ ജോസഫ് പറഞ്ഞ വിവരണം ഇപ്രകാരമാണ്: 1987 കാലഘട്ടം. തരംഗിണിക്ക് വേണ്ടി ഒരു ക്രിസ്മസ് ആല്‍ബം ചെയ്യാന്‍ ഏല്‍പിച്ചിരുന്ന സന്ദര്‍ഭമായിരുന്നു, അത്. പത്ത് ഗാനങ്ങളാണ് വേണ്ടത്. ഒരു പാട്ട് മാത്രമേ തയ്യാറായിട്ടുള്ളൂ. ഇനിയും വേണം ഒന്‍പത് പാട്ടുകള്‍ കൂടി. രാത്രിയില്‍ അല്‍പം അസ്വസ്ഥതയോടെ വീടിന്റെ മുറ്റത്തേക്കിറങ്ങിയ ജോസഫ് നോക്കുമ്പോള്‍ ആകാശം നിറയെ നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്നു. തണുപ്പുള്ള കാറ്റ്. സുഖകരമായ ആ അന്തരീക്ഷം ഒരു കുളിര്‍തെന്നല്‍ പോലെ മനസ്സിലേക്കു വീശി. ഒരു നക്ഷത്രം കണ്‍ചിമ്മുന്ന പോലെ ഒരു പാട്ട് പിറന്നു: കാവല്‍ മാലാഖമാരേ, കണ്ണടയ്ക്കരുതേ, താഴെയീ പുല്‍ത്തൊട്ടിനുള്ളില്‍ രാജരാജന്‍ മയങ്ങുന്നു…’ ഒരു സമയം ഈണവും വരികളും! ഒരു ക്രിസ്മസ് രാത്രിയില്‍ കോട്ടയം ലൂര്‍ദ് പള്ളിയുടെ അങ്കണത്തില്‍ വച്ചാണ് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ എന്ന ഗാനത്തിന്റെ പിറവി.
1987 ല്‍ തരംഗിണി പുറത്തിറക്കിയ സ്‌നേഹപ്രതീകം എന്ന കാസറ്റില്‍ മനോഹരമായ ഈ രണ്ടു ഗാനങ്ങളും ഉള്‍പ്പെടുത്തി. രാത്രി രാത്രി, ദൈവസ്‌നേഹം നിറഞ്ഞു നില്‍ക്കും ദിവ്യകാരുണ്യമേ, അലകടലും മലനിരയും, ദൂരെ നിന്നും മൂന്നു രാജാക്കന്‍മാരെത്തി തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായി. യഹൂദിയായിലെ എന്ന ഗാനം മറ്റ് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.
ആകാശഗംഗാതീരം…
സിനിമാ സംഗീതത്തിലും എന്നും ഓര്‍മിക്കാവുന്ന ഒരുപിടി ഗാനങ്ങള്‍ എ ജെ ജോസഫ് സമ്മാനിച്ചിട്ടുണ്ട്. കുഞ്ഞാറ്റക്കിളികള്‍ എന്ന ചിത്രത്തിലെ ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കല്‍മണ്ഡപം എന്ന മനോഹരഗാനം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. എന്റെ കാണാക്കുയില്‍ എന്ന ചിത്രത്തിലെ ഒരേ സ്വരം, ഒരേ നിറം… എന്ന ഗാനവും ഹിറ്റായി. അത് ആലപിച്ച കെ എസ് ചിത്ര മികച്ച ഗായികയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.