വി. കര്‍ദിനാള്‍ ന്യൂമാന്റെ തിരുശേഷിപ്പ് മോഷണം പോയി
ബിര്‍മിംഗ്ഹാം: പ്രശസ്ത ദൈവശാസ്ത്രജ്ഞനും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുശേഷിപ്പ് ബിര്‍മിംഗ്ഹാമിലെ ഓറട്ടറിയില്‍ നിന്ന് മോഷണം പോയി. ജനുവരി അവസാനമാണ് മോഷണം നടന്നതെന്ന് ഓറട്ടറി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
‘ദുഖകരമായൊരു കാര്യം എന്താണെന്നു വച്ചാല്‍ വി. ജോണ്‍ ഹെന്റി ന്യൂമാന്റെ അസ്ഥിയുടെ ഒരു കഷണം ന്യൂമാന്‍ ഷ്രൈനിലെ പേടകത്തില്‍ നിന്ന് മോഷണം പോയി. സംശയാസ്പദമായ എന്തെങ്കിലും കാര്യം നടന്നതായി അറിയാമെങ്കില്‍ ഞങ്ങളെ വിവരം അറിയിക്കുക.’ ഓറട്ടറി ന്യൂസ് ലെറ്റര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ന്യൂമാനെ മാര്‍പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചത്. ന്യൂമാന്റേതായി നിലവിലുള്ള വളരെ കുറച്ച് ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പുകളിലൊന്നാണ് ഇപ്പോള്‍ മോഷണം പോയിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് റെലിക്ക് എന്നു പറഞ്ഞാല്‍ വിശുദ്ധന്റെയോ വിശുദ്ധയുടെയോ ശരീരത്തിന്റെ ഒരു ഭാഗം തന്നെയാണ്. സെക്കന്‍ഡ് ക്ലാസ് റെലിക്ക് വിശുദ്ധര്‍ ഉപയോഗിച്ച വസ്ത്രവും ജപമണികളുമൊക്കെയാണ്. ആദ്യത്തെ രണ്ടു വിഭാഗത്തിലുള്ള വസ്തുക്കളെ തൊടുവിച്ചവയാണ് തേഡ് ക്ലാസ് റെലിക്ക്.