ഭക്ഷണമില്ലാത്തത് കൊണ്ടല്ല ഭൂമിയില്‍ ദാരിദ്ര്യമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍: ഭൂമിയില്‍ വിശപ്പുണ്ടെങ്കില്‍ അതിന് കാരണം ഇവിടെ ഭക്ഷണം ഇല്ലാത്തതു കൊണ്ടല്ല എന്നും ക്രിയാത്മകമായ സംരംഭകത്വം ഇല്ലാത്തതു കൊണ്ടാണെന്നും ഫ്രാന്‍സ്സിസ് പാപ്പാ.
‘ഇവിടെ ഉള്‍ക്കാഴ്ചയോടെയുള്ള സംരംഭകത്വമാണ് ആവശ്യം. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ കാണണം. ആവശ്യത്തിന് വിഭവ ഉല്പാദനവും നീതിപൂര്‍വകമായ വിതരണവും വേണം’ പാപ്പാ ആവശ്യപ്പെട്ടു.
‘വസ്തുക്കള്‍ കൈവശം വയ്ക്കുമ്പോള്‍ അയാള്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്. എല്ലാം തരുന്ന ദൈവത്തോടാണ് അയാള്‍ക്ക് ഉത്തരവാദിത്വം. നമുക്ക് സമ്പത്തുണ്ടെങ്കില്‍ അത് ക്രിയാത്മകമായി വര്‍ദ്ധിപ്പിച്ച് ഔദാര്യപൂര്‍വം അത് ഉപയോഗിക്കുകയും സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും വളരുകയും വേണം’ പാപ്പാ ഓര്‍മിപ്പിച്ചു.
മോഷ്ടിക്കരുത് എന്ന ഏഴാം പ്രമാണത്തെ കുറിച്ച് ധ്യാനിക്കുമ്പോഴാണ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
മോഷ്ടിക്കരുത് എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം നിങ്ങളുടെ വസ്തുക്കളെ സ്നേഹിക്കുക, നിങ്ങളുടെ സമ്പാദ്യം സ്നേഹിക്കുന്നതിനായി ഉപയോഗിക്കുക എന്നാണ്. അപ്പോള്‍ ജീവിതം നന്മയുള്ളതും നമ്മുടെ സമ്പാദ്യം യഥാര്‍ത്ഥ വരദാനവും ആയിത്തീരും, പാപ്പാ വിശദമാക്കി.
വി. തിമോത്തിക്കെഴുതിയ ലേഖനത്തില്‍ വി. പൗലോസ് പറയുന്ന വചനങ്ങള്‍ പാപ്പാ ഓര്‍മിപ്പിച്ചു: ‘ധനത്തോടുള്ള സ്നേഹമാണ് എല്ലാ തിന്മകള്ക്കും കാരണം. പണത്തോടുള്ള ആര്‍ത്തി മൂലം ചിലര്‍ വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുകയും സ്വയം പീഡനങ്ങളില്‍ ചെന്നു നിപതിക്കുകയും ചെയ്തിട്ടുണ്ട്’.
ക്രിസ്തു തന്റെ ദാരിദ്ര്യം കൊണ്ട് നമ്മെ സമ്പന്നരാക്കുകയാണ് ചെയ്ത് എന്ന് ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു.
അഭിലാഷ് ഫ്രേസര്‍