വെല്ലുവിളികൾ നേരിട്ട് മുന്നേറാൻ യുവജനങ്ങൾ സന്നദ്ധരാവണം: കർദിനാൾ മാർ ആലഞ്ചേരി
കോട്ടയം: മാറി വരുന്ന സാമൂഹിക സാഹചര്യങ്ങളിൽ യുവജനങ്ങൾ വെല്ലുവിളികൾ നേരിട്ട് മുന്നോട്ടു പോകുവാൻ സന്നദ്ധരാവണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പിഒസിയിൽ നടന്ന കെസിവൈഎം സംസ്ഥാന സംയുക്ത സിൻഡിക്കറ്റ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി. കെസിവൈഎമ്മിന്റെ പ്രവർത്തനങ്ങൾ കൂടുതൽ തലങ്ങളിലേക്ക് എത്തിക്കുന്നതിനും യൂണിറ്റ്തലം മുതലുള്ള ഏകോപനം സുഗമമാക്കുന്നതിനായി കെസിവൈഎം സംസ്ഥാന സമിതി രൂപീകരിച്ച മൊബൈൽ ആപ്ലിക്കേഷനും അദ്ദേഹം പ്രകാശനം ചെയ്തു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ 2020 വർഷത്തെ സംസ്ഥാന ഭാരവാഹികൾ ചുമതലയേൽക്കുകയും 2020 വർഷത്തെ സംസ്ഥാന സിൻഡിക്കറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. 2019 വർഷത്തിൽ കെസിവൈഎം സംസ്ഥാനസമിതിയെ നയിച്ച ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട്, സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, സിറിയക് ചാഴികാടൻ, ജെയ്സൻ ചക്കേടത്ത്, ലിമിന ജോർജ്, ലിജീഷ് മാർട്ടിൻ, അനൂപ് പുന്നപ്പുഴ, അബിനി പോൾ, സിബിൻ സാമുവൽ, ഡെനിയ സിസി ജയൻ, സിസ്റ്റർ റോസ് മെറിൻ എന്നിവർ പ്രസംഗിച്ചു.