ലൗ ജിഹാദ് വിഷയം മതസൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കരുത്: സീറോ മലബാര്‍ സഭ
ലൗ ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന ദുരുദ്ദേശ്യപരമായ മതാന്തര പ്രണയങ്ങളെക്കുറിച്ചു ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ രേഖാമൂലമായ വിവരങ്ങള്‍ സീറോ മലബാര്‍ സഭയുടെ പൊതുകാര്യ കമ്മീഷന് വിശകലനം ചെയ്തു. കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലൗ ജിഹാദിന് നിലവിലെ നിയമത്തില്‍ വ്യാഖ്യാനമില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതുപോലെ, സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതാന്തര പ്രണയങ്ങളെക്കുറിച്ചും അനുബന്ധപ്രശ്നങ്ങളെക്കുറിച്ചുമുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചത്.
ഇസ്ലാം മതവുമായി എന്നും നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമായി കണക്കിലെടുത്ത് കേസുകളില്‍ അന്വേഷണം നടത്തണമെന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് ഈ ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്ക്കുന്നു.
ഈ വിഷയത്തിലുള്ള സഭയുടെ ആവശ്യത്തെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ അവതരിപ്പിച്ചു മതവിദ്വേഷം വളര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ചില തലങ്ങളില്‍ നടക്കുന്നുണ്ടെന്നു സീറോ മലബാര്‍് സഭയുടെ പൊതുകാര്യ കമ്മീഷല്‍ വിലയിരുത്തി. അത്തരം നീക്കങ്ങളോട് സഭ ശക്തമായി വിയോജിക്കുന്നു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനും ഒരു കോട്ടവും വരരുത് എന്നതാണ് സീറോമലബാര്‍ സഭയുടെ ആഗ്രഹം. ഇക്കാര്യത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്നും കമ്മീഷന് ഓര്‍മിപ്പിച്ചു.