കടുത്തുരുത്തി വലിയ പള്ളി ഇനി മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയം
കടുത്തുരുത്തി: കോട്ടയം അതിരൂപതയിലെ പുരാതന ദേവാലയവും തീർഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയെ (വലിയപള്ളി) മേജർ ആർക്കി എപ്പിസ് കോപ്പൽ ദേവാലയമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ചു. മൂന്നുനോന്പ് തിരുനാളിന്റെ രണ്ടാംദിനമായ ഇന്നലെ ചരിത്ര പ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട്ടിൽവച്ചാണ് കർദിനാൾ മാർ ജോർജ്ആലഞ്ചേരി ക്നാനായ സമുദായത്തിന്റെ തലപ്പള്ളിയെന്ന് അറിയപെടുന്ന കടുത്തുരുത്തി വലിയപള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയമായി പ്രഖ്യാപിച്ചത്.
ഏവർക്കും അനുഗ്രഹമേകുന്ന ആശ്രയകേന്ദ്രമായി കടുത്തുരുത്തി വലിയ പള്ളി മാറട്ടെയെന്ന് മാർ ആലഞ്ചേരി ആശംസിച്ചു. ക്നാനായ സമുദായത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനായി എക്കാലവും സീറോ മലബാർ സഭയും മേജർ ആർച്ച്ബിഷപ്പും ഒപ്പമുണ്ടാകുമെന്നും കർദിനാൾ പറഞ്ഞു.
സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസന്റ് ചെറുവത്തൂരാണ് വലിയ പള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വായന നടത്തിയത്. തുടർന്ന് കർദിനാൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു.
കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, വികാരി ജനറാൾ മോണ് മൈക്കിൾ വെട്ടിക്കാട്ട്, വലിയപള്ളി വികാരി ഫാ. എബ്രഹാം പറന്പേട്ട്, ഫാ. മൈക്കിൾ നെടുന്തുരുത്തിപുത്തൻപുരയിൽ, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കർദിനാളിന്റെ പ്രഖ്യാപനം.
പൗരസ്ത്യസഭകളിൽ ദേവാലയത്തിനു നൽകുന്ന ഏറ്റവും വലിയ പദവിയാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി. സീറോ മലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ പദവി ലഭിച്ച രണ്ടാമത്തെ ദേവാലയമാണ് കടുത്തുരുത്തി വലിയപള്ളി. കർദിനാൾ പ്രഖ്യാപനം നടത്തിയതോടെ വലിയപള്ളി ഇടവക വികാരി മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ വികാരി എന്ന പദവിയിലേക്കും ഉയർത്തപ്പെട്ടു.
ഏറെ ചരിത്ര പാരന്പര്യമുള്ള ക്രൈസ്തവ ദേവാലയമാണ് കടുത്തുരുത്തി വലിയപള്ളി. പോർച്ചുഗീസുകാരുടെ വരവിന് മുന്പ് പൗരസ്ത്യ മെത്രാന്മാരുടെ കാലത്ത് നിർമിക്കപ്പെട്ട കേരളത്തിലെ ചുരുക്കം ചില ദേവാലയങ്ങളിൽ ഒന്നാണിത്. വിശുദ്ധ തോമാ ശ്ലീഹായുടെ ആഗമനശേഷം സംസ്ഥാനത്ത് നിലനിന്നിരുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഇതിനുള്ളത്.
കേരള സഭയ്ക്കും പ്രത്യേകിച്ച് ക്നാനായ സമുദായത്തിനും അഭിമാനിക്കാവുന്ന രണ്ടു ചരിത്രസംഭവങ്ങൾ നടന്നത് വലിയപള്ളിയിലാണ്. ദൈവദാസൻ മാർ മാത്യു മാക്കീൽ 1890ൽ മൂന്ന് നോന്പ് തിരുനാൾ ദിനത്തിൽ ചാൾസ് ലവീഞ്ഞ് മെത്രാനിൽനിന്ന് അധികാരപത്രം സ്വീകരിച്ചതും കേരള സഭയുടെ പ്രഥമ സ്വദേശി മെത്രാനായ പറന്പിൽ ചാണ്ടി മെത്രാന്റെ അഭിഷേകം 1663 ജനുവരി 31 ന് നടന്നതും വലിയപള്ളിയിലാണ്. ഏഷ്യയിലെ ഏറ്റവും വലുതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒറ്റക്കല്ലിൽ തീർത്ത കുരിശാണ് വലിയപള്ളിയിലേത്. 1596 ലാണ് ഈ കുരിശ് പൂർത്തിയാക്കിയത്.