ലൗ ജിഹാദ് തടയാൻ നിയമനിർമാണം വേണമെന്നു ന്യൂനപക്ഷ കമ്മീഷൻ
ന്യൂഡൽഹി: ലൗ ജിഹാദ് നിയമപ്രകാരം നിർവചിക്കണമെന്നും ലൗ ജിഹാദ് തടയാനാവശ്യമായ നിയമ നിർമാണം നടത്തണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ലൗ ജിഹാദ് എന്ന വാക്ക് നിയമപ്രകാരം നിർവചിക്കപ്പെട്ടിട്ടില്ലെന്നു കേന്ദ്രസർക്കാർ ലോക്സഭയിൽ മറുപടി നൽകിയ പശ്ചാത്തലത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ.
ലോക് സഭയിൽ കഴിഞ്ഞ ദിവസം ലൗജിഹാദിനെ പറ്റി ഉന്നയിച്ച ചോദ്യം പല സംശയങ്ങൾ ഉയർത്തുന്നുവെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ അഭിപ്രായ പ്പെട്ടു. ചോദ്യങ്ങൾ രൂപപ്പെടുത്തിയത് ഒരു പ്രത്യേക ഉത്തരം കിട്ടാൻവേണ്ടിയാണെന്ന് വ്യക്തമാണെന്നും ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ അഡ്വ. ജോർജ് കുര്യൻ കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ പുകമറ ഉണ്ടാക്കുന്നതിനു മാത്രമേ ഉപകരിക്കൂ. ഈ ചോദ്യം സീറോ മലബാർ സഭാ സിനഡിന്റെ ലൗ ജിഹാദ് പ്രമേയത്തെ തമസ്കരിക്കാൻ വേണ്ടിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും ജോർജ് കുര്യൻ ആരോപിച്ചു. ചാലക്കുടി എംപി ബെന്നി ബെഹനാനാണ് വിവാദ ചോദ്യം സഭയിൽ ഉന്നയിച്ചത്.
ലൗ ജിഹാദിനെപ്പറ്റി ഹൈക്കോടതി 2009ലാണ് പരാമർശം നടത്തിയത്. അതിനുശേഷം 2016ൽ 21 പേരാണ് ഇസ്ലാമിക സ്റ്റേറ്റിൽ ചേരാനായി കേരളത്തിൽ നിന്നു പോയത്. ഇതിൽ പകുതി പേരോളം ക്രൈസ്തവരിൽ നിന്ന് മതം മാറ്റപ്പെട്ടവരാണെ ന്നാണ് സിനഡിന്റെ പ്രമേയത്തിൽപറഞ്ഞിരിക്കുന്നത്. ഇന്ത്യയിൽ ഒരു കോടതിയോ ഏജൻസിയോ ഇതിനെ തീവ്രവാദ പ്രവർത്തനം അല്ലെന്നു പറഞ്ഞിട്ടില്ല. ഇങ്ങനെ തീവ്രവാദത്തിലേക്ക് മതം മാറ്റുന്ന പ്രവൃത്തിക്കാണ് ലൗ ജിഹാദെന്ന് പറയുന്നത്. ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുക മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്നു. ഇതിനാലാണ് ലൗ ജിഹാദിനെ വ്യക്തമായി നിർവചിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടത്.