മാര് പുളിക്കല് ചിന്തയിലും കാഴ്ചപ്പാടിലും ഉന്നതനെന്ന് മാർ ജോർജ് ആലഞ്ചേരി
കാഞ്ഞിരപ്പള്ളി: ചിന്തയിലും കാഴ്ചപ്പാടിലും പ്രഘോഷണത്തിലും ഉന്നതനാണ് മാർ ജോസ് പുളിക്കലെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഹിതം അറിഞ്ഞ് ദൈവജനത്തെ നയിക്കാനുള്ള കൃപ പുതിയ ബിഷപ്പിനുണ്ട്. സീറോ മലബാർ സഭയോടും ആഗോള കത്തോലിക്കാ സഭയോടും ചേർന്നുനിന്നു ദൈവജനത്തിനു ശുശ്രൂഷ ചെയ്യാനാണു മാർ പുളിക്കൽ നിയോഗിക്കപ്പെട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത അനുഗ്രഹീതമായ ഒരു പ്രാദേശിക സഭയാണ്.
മാർ ജോസഫ് പവ്വത്തിൽ, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ എന്നീ പ്രഗത്ഭമതികളുടെ ശുശ്രൂഷ പിന്തുടരാനുള്ള ദൗത്യമാണ് മാർ ജോസ് പുളിക്കലിനുള്ളത്. മെത്രാനും വൈദികരും വിശ്വാസികളും തമ്മിലുള്ള ബന്ധവും ആശയവിനിമയവുമാണ് ആത്മീയ ശുശ്രൂഷയുടെ വിജയം.
മെത്രാൻ വൈദികരെ ശ്രവിക്കുകയും വൈദികർ മെത്രാനെ അനുസരിക്കുകയും വേണം. മെത്രാനോടു വിധേയത്വത്തോടെ ചേർന്നു നിൽക്കാത്ത വൈദികന് ശുശ്രൂഷയിൽ വിജയിക്കാനാവില്ലെന്നു ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിക്കുന്നു. കൂട്ടുത്തരവാദിത്വമാണ് രൂപതാ ഭരണത്തിലെ പ്രധാന ഘടകം. എല്ലാ ദൈവമക്കളയും സഹോദരതുല്യം സ്നേഹിക്കുന്നവരായിരിക്കണം മെത്രാൻ.
ആത്മീയതയിൽ അടിയുറച്ചുനിലകൊണ്ട് കാഞ്ഞിരപ്പള്ളി രൂപതയെ ഒൗന്നിത്യങ്ങളിൽ എത്തിച്ച ശ്രേഷ്ഠനായിരുന്നു വിരമിക്കുന്ന മാർ മാത്യു അറയ്ക്കലെന്നും മാർ ആലഞ്ചേരി പറഞ്ഞു.
സീറോ മലബാർ സഭയിൽ മാത്രമല്ല സാർവത്രികസഭയിൽ തന്നെ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മാർ അറയ്ക്കൽ. അജപാലനം, കൃഷി, സാന്പത്തികം, വിദ്യാഭ്യാസം, എക്യുമെനിസം എന്നീ തലങ്ങളിൽ നിലനിൽക്കുന്ന സംഭാവനകൾ നൽകിയാണ് ഇദ്ദേഹം വിരമിക്കുന്നത്. രാഷ്ട്രീയ സാമൂഹിക തലങ്ങളിലുണ്ടായ സൗഹൃദം അദ്ദേഹം സഭയുടെ വളർച്ചയ്ക്കും വിനിയോഗിച്ചതിൽ സഭയ്ക്കു നന്ദിയും കടപ്പാടുമുണ്ട്- മാർ ആലഞ്ചേരി പറഞ്ഞു.