ലഹരിക്കെതിരേ മനുഷ്യമഹാശൃംഖല തീർക്കണം: ബിഷപ് തിയോഡോഷ്യസ്
കൊച്ചി: കേരളത്തിന്റെ പശ്ചാത്തലത്തിൽ ലഹരിക്കെതിരേ മനുഷ്യമഹാശൃംഖല തീർക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ്. പാലാരിവട്ടം പിഒസിയിൽ കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാനതല ഏകദിന ഡയറക്ടേഴ്സ് മീറ്റ്-2020’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരുമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കാതെ സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൂടി പഠിച്ചുവേണം സർക്കാർ മദ്യനയം രൂപീകരിക്കാൻ. കുടുംബങ്ങൾ തകർന്നാലും നാടു മുടിഞ്ഞാലും കുറ്റകൃത്യങ്ങളും ആത്മഹത്യകളും പെരുകിയാലും ഒരു പ്രശ്നവുമില്ലെന്ന് ഒരു ജനാധിപത്യ സർക്കാർ കരുതരുത്. നാടുനീളെ മദ്യഷാപ്പുകൾ തുറന്ന്, മദ്യം ഒഴുക്കി മദ്യമഹാശൃംഖലയാണ് ഇന്നു സർക്കാർ സൃഷ്ടിക്കുന്നത്. ലഹരിവിമുക്ത നവകേരളം പ്രഖ്യാപിച്ച് ലഹരിയാസക്ത നവകേരളം സൃഷ്ടിക്കുന്ന നടപടികളുമായിട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. മദ്യമുതലാളിമാരിൽ നിന്ന് മാസപ്പടിയും മദ്യവും വാങ്ങുന്ന എക്സൈസ് വകുപ്പ് മദ്യവിരുദ്ധ ബോധവത്കരണം നടത്തുന്നത് വിരോധാഭാസമാണ്. ഇവരിൽ നിന്ന് ചുമതല മാറ്റി ആരോഗ്യവകുപ്പിനെ ബോധവത്കരണ ചുമതല ഏല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജോണ് അരീക്കൽ, സംസ്ഥാന ഭാരവാഹികളായ അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള, ജോസ് ചെന്പിശേരി, രാജൻ ഉറുന്പിൽ, ബെനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഫാ.പോൾ കാരാച്ചിറ, റവ.ഡോ.ദേവസി പന്തലൂക്കാരൻ, ഫാ. ആന്റണി അറയ്ക്കൽ, ഫാ.എഡ്വേർഡ് പുത്തൻപുരയ്ക്കൽ, ഫാ.ജോസ് പുത്തൻ ചിറ, ഫാ.ജോസഫ് പാപ്പാടി, ഫാ.തോംസണ് കൊട്ടിയത്ത്, ഫാ.ഡെന്നീസ് മണ്ണൂർ, ഫാ. അഗസ്റ്റിൻ ബൈജു, ഫാ.ജോണ് പടിപ്പുരയ്ക്കൽ, ഫാ.ആഷ്ലിൻ ജോസ്, ഫാ. സജി വട്ടക്കുളത്തിൽ, ഫാ.ജേക്കബ് കപ്പലുമാക്കൽ, ഫാ. അലൻ തുടങ്ങിവർ പ്രസംഗിച്ചു.