ജീവനു വേണ്ടി നിലകൊള്ളാന്‍ അഭിമാനമുണ്ടെന്ന് ഡോണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്ന് വാദിക്കുന്നവരില്‍ ഒരാളാണ് താന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാര്‍ച്ച് ഫോര്‍ ലൈഫ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു, ട്രംപ്.
1974 ല്‍ ആരംഭം കുറിച്ച മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. അമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവങ്ങളിലൊന്നാണ് മാര്‍ച്ച് ഫോര്‍ ലൈഫ്.
‘ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും ആ നിത്യസത്യം അറിയുന്നവരാണ്. ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യവും പരിപാവനവുമായ സമ്മാനമാണ്.’ ട്രംപ് പറഞ്ഞു.
‘ലളിതമായ ഒരു കാരണം കൊണ്ടാണ് നാം ഇവിടെ നില്‍ക്കുന്നത്. ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ ഓരോ കുഞ്ഞിന്റെയും ദൈവദത്തമായ സാധ്യതകള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങളോടൊപ്പം നിലകൊള്ളാന്‍ എനിക്ക് അഭിമാനമുണ്ട്’ ട്രംപ് പ്രഖ്യാപിച്ചു.
ഒരുമിച്ച് ഓരോ ജീവന്റെയും പവിത്രതയും അന്തസ്സും നാം സംരക്ഷിക്കും എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘നിങ്ങള്‍ അമ്മമാരെ ശ്രദ്ധയോടും കരുണയോടും കൂടെ ആശ്ലേഷിക്കുന്നു. നിങ്ങളുടെ ശക്തി പ്രാര്‍ത്ഥനയാണ്. നിസ്വാര്‍ത്ഥ സ്നേഹമാണ് നിങ്ങളെ നയിക്കുന്നത്’ ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു.