ദൈവ വചനത്തോട് വിധേയത്വമുള്ളവരാണ് നല്ല ക്രിസ്ത്യാനികള്‍; ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ദൈവ വചനത്തോട് വിധേയത്വമുള്ളവരാണ് നല്ല ക്രിസ്ത്യാനികളെന്ന് ഫ്രാന്‍സിസ് പാപ്പാ. നീതി, ക്ഷമ, കരുണ എന്നിവയെ കുറിച്ച് ദൈവം പറയുന്നത് കേള്‍ക്കുന്നവരാണ് ശരിയായ ക്രിസ്ത്യാനികള്‍, അല്ലാതെ, എപ്പോഴും ജീവിതത്തില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്നവരല്ല.
ദൈവ വചനം അനുസരിച്ചു ജീവിക്കുന്നതു കൊണ്ട് ചിലപ്പോള്‍ നമുക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എന്നത് വാസ്തവം തന്നെ. എന്നാല്‍ സാത്താനും തന്റെ വഞ്ചനാതന്ത്രങ്ങള്‍ വഴി അത് തന്നെയാണല്ലോ ചെയ്യുന്നത്. നല്ല ക്രിസ്ത്യാനിയായിരിക്കുക എന്നാല്‍ സ്വതന്ത്രരായിരിക്കുക എന്നതാണ്. ദൈവാശ്രയം വഴിയാണ് നാം സ്വാതന്ത്ര്യം പ്രാപിക്കുന്നത്, പാപ്പാ പറഞ്ഞു.
പഴയ നിയമത്തിലെ സാവുള് രാജാവിന്റെ കഥ വായിച്ച് വിചിന്തനം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്. ദൈവ വചനത്തോട് വിധേയത്വം ഇല്ലായ്മയാണ് സാവൂളിന്റെ പാപം. അയാള്‍ ദൈവ വചനം സ്വന്തമായി വ്യാഖ്യാനിച്ച് തന്റെ വ്യാഖ്യാനമാണ് കൂടുതല്‍ ശരിയെന്ന് ധരിച്ചു. തങ്ങള്‍ കീഴടക്കിയവരില്‍ നിന്ന് യാതൊന്നും എടുക്കരുതെന്ന് ദൈവം കല്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ സാവുള് ദൈവത്തോട് അനുസരണക്കേട് കാണിച്ചു. അയാള്‍ പുറന്തള്ളപ്പെടാന്‍ ഇതെല്ലാം കാരണമായി.