കർഷകർ വോട്ടു ചെയ്യാനുള്ള ഉപകരണങ്ങളല്ല: മാർ മാത്യു അറയ്ക്കൽ
കട്ടപ്പന: പൊതുതെരഞ്ഞെടുപ്പുകളിൽ കർഷകപക്ഷത്തു നിൽക്കുന്ന ഭരണനേതൃത്വങ്ങളെ അധികാരത്തിലേറ്റാൻ കർഷകർക്കാകണമെന്ന് ഇൻഫാം (ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ്) ദേശീയ രക്ഷാധികാരി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. കട്ടപ്പനയിൽ നടന്ന ഇൻഫാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസംഘടിതരായതുകൊണ്ട് കർഷകരുടെ പ്രശ്നങ്ങളെ ആരും മുഖവിലയ്ക്കെടുക്കുന്നില്ല. മണ്ണിൽ പണിയെടുത്ത് ഈ നാടിനെ തീറ്റിപ്പോറ്റുന്ന സമൂഹം നിരന്തരം പ്രതിസന്ധികളിലൂടെ നീങ്ങുന്പോഴും രാഷ്ട്രീയ നേതൃത്വങ്ങൾക്കു കർഷകന്റെ വോട്ടുകൾ മാത്രം മതി. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള ഉപകരണങ്ങൾ മാത്രമായി കർഷകർ തരംതാഴരുത്. വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്പ് രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ കർഷകനിലപാട് വ്യക്തമാക്കണമെന്നു മാർ മാത്യു അറയ്ക്കൽ ആവശ്യപ്പെട്ടു.
കാർഷിക പ്രശ്നങ്ങൾ സർക്കാരുകളുടെ മുന്നിലെത്തിക്കാൻ സർവകക്ഷിസംഘത്തെ നിയോഗിക്കുമെന്നും ജനപ്രതിനിധികളുടെ യോഗം വിളിച്ചു പ്രശ്നങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുലക്ഷം കർഷകരുടെ നിവേദനം സർക്കാരിനു നൽകും. കട്ടപ്പനയിൽ നടന്ന ദേശീയ സമ്മേളനം കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. പിറന്നുവീണ മണ്ണിൽ ജീവിക്കാനുള്ള കർഷക പോരാട്ടത്തിന്റെ തുടക്കമാണിത്. വിലത്തകർച്ചയും കടക്കെണിയുംമൂലം ജീവിതം വഴിമുട്ടിയിരിക്കുന്പോൾ സംരക്ഷകരാകേണ്ടവർ മുഖംതിരിഞ്ഞു നിൽക്കുന്നു. രാജ്യത്തുടനീളം ഓടിനടന്നു കർഷകന് അന്തസും അഭിമാനവും സ്വന്തമായ വിലാസവും ഉണ്ടാക്കിനൽകിയ മഹാവ്യക്തിത്വമാണ് ഫാ. മാത്യു വടക്കേമുറിയെന്നും മാർ അറയ്ക്കൽ അനുസ്മരിച്ചു.
ശക്തവും ഉൗർജസ്വലവുമായ ഒരു നേതൃത്വനിര ഇൻഫാമിന് ഇന്നുണ്ട്. ഇന്നത്തെ കാർഷിക പ്രതിസന്ധിയിൽ നമ്മെ കോർത്തിണക്കി പ്രതികരിക്കാൻ ഇൻഫാമല്ലാതെ ശക്തവും കർഷക പിന്തുണയുമുള്ള മറ്റൊരു കർഷക പ്രസ്ഥാനവുമില്ലെന്നുള്ള യാഥാർഥ്യം തിരിച്ചറിയണം. ഫാ.തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തിലുള്ള ഇൻഫാം രാജ്യത്തു പുതിയ ശക്തിയായി മുന്നേറും.
കടക്കെണിയും വിലത്തകർച്ചയും ഭൂപ്രശ്നങ്ങളും ഉയർത്തുന്ന നിരവധി പ്രശ്നങ്ങളിൽ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് കർഷകരിപ്പോൾ സംഘടിച്ചു മുന്നോട്ടിറങ്ങിയിരിക്കുന്നത്. കർഷകർ സംഘടിതമായി മുന്നോട്ടിറങ്ങിയാൽ ക്രിയാത്മകമായ പല മാറ്റങ്ങളും സാധ്യമാകുമെന്ന് ഇന്നലെകളിലെ പ്രവർത്തനങ്ങളിലൂടെ ഇൻഫാം തെളിയിച്ചതാണ്. കാർഷികോത്പന്നങ്ങൾക്കു വിലസ്ഥിരത ഉറപ്പുവരുത്തണം. നാടിനുവേണ്ടി സേവനംചെയ്യുന്ന കർഷകനു വാർധക്യാവസ്ഥയിൽ പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്ന 2015ലെ സംസ്ഥാന കാർഷികനയത്തിലെ നിർദേശം നടപ്പിലാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ അതിനായി കർഷകർ തെരുവിലിറങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.