പരിസ്ഥിതി സംരക്ഷണം അനിവാര്യം: മാർ ആലഞ്ചേരി
കൊടകര: ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് എല്ലാത്തരം ജീവജാലങ്ങളുടെയും നിലനിൽപ്പ് അനിവാര്യമാണ്. ഹരിതഭംഗി നിറഞ്ഞ ജീവസുറ്റ മരങ്ങളുള്ളിടത്തേ ആരോഗ്യമുള്ള ജനതയുണ്ടാകൂ. ജീവന്റെ നിലനില്പിനു പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്-കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്നുവന്ന അന്താരാഷ്ട്ര പ്രോലൈഫ് കോൺഫറൻസിന്റെ (ആസ്പാക് 2020) സമാപനസമ്മേളനത്തിൽ പ്രഭാഷണംനടത്തുകയായിരുന്നു സീറോ മലബാർ സ ഭാ മേജർ ആർച്ച്ബിഷപ്.
ജീവനെതിരേയുള്ള എല്ലാത്തരം ആക്രമണങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അഭയാർഥികളും കുടിയേറ്റക്കാരും പ്രവാസികളും ഉൾപ്പെടെയുള്ളവരുടെ ജീവനു വിലയുണ്ട്. ക്രൈസ്തവ സഹനത്തിന്റെ മഹനീയതയ്ക്കു വിരുദ്ധമാണു ദയാവധം. ദൈവിക ദാനമായ മനുഷ്യജീവൻ ഏറെ പവിത്രവും വിശുദ്ധവുമാണ്. ജീവന്റെ ഉത്ഭവം മുതൽ സ്വാഭാവിക മരണം വരെ അതു പവിത്രമായി കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. ഇനി കേരള സഭകൾ നൽകേണ്ട പ്രഥമ പരിഗണന പ്രോലൈഫിനായിരിക്കണം എന്നതാണ് കത്തോലിക്കാ സഭകളുടെയും ക്രിസ്തീയ സഭകളുടെയും സംയുക്തയോഗത്തിൽ ഉരുത്തിരിഞ്ഞ ആശയമെന്നും മാർ ആലഞ്ചേരി പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സ്വാഗതം പറഞ്ഞു. ഹ്യൂമൻ ലൈഫ് ഇന്റർ നാഷണൽ ഏഷ്യ- ഒഷ്യാന റീജണൽ ഡയറക്ടർ ഡോ. ലിഗായ അക്കോസ്റ്റ, പാപ്പുവ ന്യുഗിനിയ ബിഷപ് ഡോ. റൊളാന്റോ സാന്റോസ്, എച്ച്എൽഐ ഇന്റർ നാഷണൽ പ്രസിഡന്റ് ഫാ. ഷൊനാൻ ബൊക്കെ, സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, റവ. ഡോ. നെവീൻ ആട്ടോക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം ഓർഗനൈസിംഗ് സെക്രട്ടറി ഡോ. റെജു വർഗീസ് കല്ലേലി നന്ദി പറഞ്ഞു.
അടുത്ത ആസ്പാക് കോൺഫറൻസ് ഫിലിപ്പീൻസിലായിരിക്കുമെന്നു റീജണൽ ഡയറക്ടർ ഡോ. ലിഗായ അക്കോസ്റ്റ പ്രഖ്യാപിച്ചു. തുടർന്നു നടന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു
ഡോ. ഫിന്റോ ഫ്രാൻസിസ്, ഫാ. ജോർജ് പേറേമാൻ, ജോളി ജോസഫ്, ജോബി വർഗീസ്, ഡിനോ പോൾ, രാജൻ ജോസഫ്, സെബി മാളിയേക്കൽ, സേവ്യർ പള്ളിപ്പാടൻ, ഫാ. പോളി കണ്ണൂക്കാടൻ, ഫാ. ഡേവിസ് കിഴക്കുംതല,ഡോ. ജോം ജേക്കബ്, ഡോ. ജോർജ് ലിയോൺസ്, ബിനു കാളിയാടൻ, ഡോ. വിമൽ വിൻസന്റ്, ഡോ. ആരോൺ ഡേവിസ്, സോൾ, അരുൺ, ശില്പ,അലീന, ആനി, ഫെയ്ത്ത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.