വി. സെബസ്ത്യാനോസിനെ കുറിച്ച് കൂടുതലറിയാന്‍
ഫാ. അബ്രഹാം മുത്തോലത്ത്
കേരളത്തിന്റെ പ്രിയപ്പെട്ട വിശുദ്ധരില്‍ ഒരാളാണ് വി. സെബസ്ത്യാനോസ്. ഫ്രാന്‍സിലെ നര്‍ബോണെ എന്ന സ്ഥലത്ത് ജനിച്ച സെബസ്ത്യാനോസിന്റെ മാതാപിതാക്കള്‍ ധനികരും രാജകുടുംബാംഗങ്ങളുമായിരുന്നു. മിലാനിലാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. അതിനു ശേഷം എഡി 283 ല്‍ റോമിലെത്തിയ അദ്ദേഹം കരീനസ് ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ അംഗമായി. രഹസ്യമായി ക്രിസ്ത്യാനിയായി മാറിയ അദ്ദേഹം തന്റെ കഴിവും സാമര്‍ത്ഥ്യവും കൊണ്ട് സൈന്യത്തില്‍ വലിയ സ്ഥാനമാനങ്ങള്‍ നേടി. ഡയോക്രീഷ്യന്‍ ചക്രവര്‍ത്തിയുടെ പ്രീതിപാത്രവുമായി.
എന്നാല്‍ ഡയോക്ലീഷ്യന്‍ രാജാവ് ക്രിസ്ത്യാനികളെ വെറുക്കുകയും വധിക്കുകയും ചെയ്തിരുന്നു. താന്‍ ക്രിസ്ത്യാനിയാണെന്ന കാര്യം മറച്ചു വച്ച് സെബസ്ത്യാനോസ് ക്രിസ്ത്യന്‍ തടവുകാരെ കഴിയുന്ന വിധത്തിലെല്ലാം സഹായിച്ചിരുന്നു. രക്തസാക്ഷിത്വത്തിലേക്ക് നടന്നു പോകുന്നവരെ അദ്ദേഹം വിശ്വാസത്തില്‍ ധൈര്യപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ട് അനേകം റോമാക്കാര്‍ പോലും ക്രിസ്തുമതവിശ്വാസം സ്വീകരിച്ചു.
രോഗശാന്തി വരം ഉണ്ടായിരുന്ന സെബസ്ത്യാനോസ് പുണ്യവാളന്‍ തന്റെ സഹ സൈനികരെയും റോമന്‍ ഗവര്‍ണറെ പോലും മാനസാന്തരപ്പെടുത്തി. തടവുകാരുടെ മേല്‍നോട്ടക്കാരനായ നിക്കോസ്ട്രാറ്റസിന്റെ ഭാര്യയുടെ സംസാരശേഷി അദ്ദേഹം അത്ഭുതകരമായി വീണ്ടെടുത്തു. അത് കണ്ട് അനേകം പേര്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചു.
ക്രോമാഷിയൂസ് എന്നു പേരായ റോമന്‍ ഗവര്‍ണറുടെ മാനസാന്തരത്തെ കുറിച്ചും അതിന് കാരണക്കാരന്‍ സെബസ്ത്യാനോസാണെന്നും കേട്ടപ്പോള്‍ സെബസ്ത്യാനോസ് ഒരു ക്രിസ്ത്യാനിയാണെന്ന് ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിക്ക് മനസ്സിലായി. കോപാക്രാന്തനായ ചക്രവര്‍ത്തി സെബസ്ത്യാനോസിന്റെ വധത്തിനായി കല്‍പിച്ചു. ഏറ്റവും വേദനാപൂര്‍ണമാരിക്കണം ആ മരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതനുസരിച്ച് സെബസ്ത്യാനോസിനെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് ഒരു മരത്തില്‍ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാന്‍ കല്പിച്ചു. സൈനികര്‍ മാറി മാറി അദ്ദേഹത്തെ അമ്പെയ്തു. ദേഹമാസകലം അമ്പുകളായപ്പോള്‍ അവര്‍ അദ്ദേഹത്തെ മരിക്കാന്‍ വിട്ടു. സൈനികര്‍ പോയപ്പോള്‍ ഐറീന്‍ എന്ന റോമാക്കാരി ഭക്ത രാത്രിയില്‍ ശരീരം മറവു ചെയ്യാന്‍ എത്തി. സെബസ്ത്യാനോസിന് ജീവനുണ്ട് എന്ന് അവര്‍ അറിഞ്ഞു. അവള്‍ വിശുദ്ധന്റെ ശരീരം വീട്ടിലേക്കു കൊണ്ടു പോയി മുറിവില്‍ മരുന്നു വച്ചു കെട്ടി. ജീവന്‍ തിരിച്ചു കിട്ടി എന്നറിഞ്ഞപ്പോള്‍ റോമില്‍ നിന്ന് പലായനം ചെയ്തു രക്ഷപ്പെടാന്‍ മറ്റു ക്രിസ്ത്യാനികള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ചക്രവര്‍ത്തിയുെ മുന്വിലെത്തി വീണ്ടും സുവിശേഷം പ്രഘോഷിക്കാന്‍ തുനിഞ്ഞു.
താന്‍ കൊല്ലാന്‍ വിധിച്ച മനുഷ്യന്‍ ജീവനോടെ വന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും സെബസ്ത്യാനോസിനെ ഗദ കൊണ്ടടിച്ചു കൊല്ലാന്‍ അയാള്‍ കല്പിച്ചു. അതു പ്രകാരം പട്ടാളക്കാര്‍ അദ്ദേഹത്തെ ഗദ കൊണ്ടടിച്ചു കൊലപ്പെടുത്തി. എഡി 288 ലാണ് അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചത്.
ഏഡി 367 ല്‍ ഡമസൂസ് ഒന്നാമന്‍ പാപ്പാ വിശുദ്ധന്റെ നാമധേയത്തില്‍ ഒരു ബസിലിക്ക റോമില്‍ പണികഴിപ്പിച്ചു. അദ്ദേഹത്തിനെതിരെ എയ്ത ഒരു അസ്ത്രം ഉള്‍പ്പെടെ ചില തിരുശേഷിപ്പുകള്‍ അവിടെ സൂക്ഷിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികളില്‍ നി്ന്നും സംരക്ഷണം നല്‍കുന്ന വിശുദ്ധനായാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. എഡി 680 ല്‍ റോമാ നഗരത്തെ പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷിച്ചത് വിശുദ്ധന്റെ മാധ്യസ്ഥമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സന്ദേശം
രക്തസാക്ഷികളുടെ ചുടുനിണം വീണ് അതില്‍ നിന്ന് തഴച്ചു വളര്‍ന്നതാണ് കത്തോലിക്കാ സഭ. ഇന്നും നിരവധി ക്രിസ്ത്യാനികള്‍ വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെടുകയും രക്തസാക്ഷികള്‍ ആകുകയും ചെയ്യുന്നുണ്ട്. നമ്മളും നമുക്ക് സാധിക്കുന്ന വിധത്തില്‍, ക്രിസ്തുവിലുള്ള വിശ്വാസത്തിന് സജീവ സാക്ഷ്യം നല്‍കി കൊണ്ട് സഭയെ വളര്‍ത്താന്‍ പരിശ്രമിക്കണം.
സഭയിലെ അത്മായ ശുശ്രൂഷയുടെ ഉത്തമ ഉദാഹരണമാണ് വി. സെബസ്ത്യാനോസ്. പീഡിതരായ ക്രിസ്ത്യാനികളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു, സൈനികരെയും റോമന്‍ ഉദ്യോഗസ്ഥരെയും അദ്ദേഹം ക്രിസ്തുവിനെ കുറിച്ച് അറിയിച്ചു. നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ നാം വിശ്വാസം പ്രഘോഷിക്കണം. ക്രിസ്തുവിനെ പരിചയപ്പെടുത്തണം.
വിശുദ്ധന്മാരുടെ മധ്യസ്ഥം തേടുമ്പോള്‍ നാം ഓര്‍ക്കേണ്ട ഒരു കാര്യം എല്ലാ വിശുദ്ധന്മാരും നമുക്ക് അനുഗ്രഹം നേടിത്തരുന്നത് യേശുവില്‍ നിന്നാണ് എന്നതാണ്. വിശുദ്ധരോടുള്ള ഭക്തി ദൈവാരാധനയേക്കാള്‍ വലിയതാകാന്‍ ഒരിക്കലും ഇടവരരുത് എന്നോര്‍ക്കണം.