പൗരത്വത്തിനു മതം മാനദണ്ഡമാക്കരുത്: ഇന്റർചർച്ച് കൗണ്‍സിൽ
തിരുവനന്തപുരം: രാജ്യത്ത് പൗരത്വം നൽകുന്നതിന് മതപരിഗണനകൾ മാനദണ്ഡമാക്കരുതെന്ന് വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും പ്രതിനിധികളുടെയും പൊതുവേദിയായ ഇന്റർചർച്ച് കൗണ്‍സിൽ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി രാജ്യം പുലർത്തി വരുന്ന മതേതര സമീപനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും ദോഷം വരുന്നതൊന്നും ചെയ്യരുതെന്നു തിരുവനന്തപുരം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ ചേർന്ന കൗണ്‍സിൽ ആവശ്യപ്പെട്ടു. ഗവണ്മെന്റ് ഇക്കാര്യത്തിൽ ചർച്ചയ്ക്കു തയാറാകണമെന്നും സമാധാനപരമായ സമരമാർഗങ്ങൾ വേണം എല്ലാവരും അവലംബിക്കേണ്ടതെന്നും കൗണ്‍സിൽ പറഞ്ഞു.
ദളിത് ക്രൈസ്തവ സംവരണത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തെ കൗണ്‍സിൽ സ്വാഗതം ചെയ്തു. രാജ്യത്തു വർധിച്ചുവരുന്ന തൊഴിലില്ലായ്മ, സാന്പത്തിക പ്രതിസന്ധി എന്നിവയിൽ ഉത്കണ്ഠ രേഖപ്പെടുത്തി. തീരദേശ മേഖലയിൽ വർഷങ്ങളായി മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തിവരുന്ന മത്സ്യത്തൊഴിലാളികളെ അവിടെനിന്ന് അകറ്റുകയെന്ന നയപരിപാടികളിൽ കൗണ്‍സിൽ ആശങ്ക രേഖപ്പെടുത്തി. ഓഖി ദുരന്തത്തിൽ കേരള സർക്കാർ നടത്തിയിട്ടുള്ള വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ അടിയന്തര ശ്രദ്ധ പുലർത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന ക്ഷേമപദ്ധതികളിൽ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കൗണ്‍സിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യുവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. ഞായറാഴ്ചകളിൽ ഗവണ്മെന്റ് നടത്തുന്ന പരിശീലന പരിപാടികളും പരീക്ഷകളും ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഈ വർഷത്തെ സഭൈക്യവാര പ്രാർഥനകൾക്ക് എല്ലാ ക്രൈസ്തവസഭകളും നേതൃത്വം നൽകണമെന്ന് യോഗം അഭ്യർഥിച്ചു. വർഷത്തിലൊരിക്കൽ സഭൈക്യ ഞായർ ആചരിക്കുവാൻ തീരുമാനിച്ചു. സഭകൾ തമ്മിലുള്ള സംഭാഷണങ്ങൾ തുടരാൻ പുതിയ മേഖലകൾ കണ്ടെത്താൻ യോഗം നിർദേശിച്ചു. വിവിധ സഭകളുടെ പൊതുപരിപാടികളിൽ സഭൈക്യ പരിപാടികൾ സംഘടിപ്പിക്കണം. സഭകൾക്കിടയിൽ എക്യുമെനിക്കൽ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കണം. മനുഷ്യജീവനെ പരിപോഷിപ്പിക്കുന്ന കർമപരിപാടികൾ ആവിഷ്കരിക്കണം. കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ബൊക്കെ നൽകി ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ അഭിനന്ദിച്ചു.