സര്‍ക്കാരിന്റെ മദ്യനയം അപകടകരമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം അപകടകരമാണെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് ഡോ. യൂഹനോന്‍ മാര്‍ തിയോഡോഷ്യസ്. പാലാരിവട്ടം പിഒസിയില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന തല ഉന്നതാധികാര യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, ബിഷപ്പ്.
നാടു നീളെ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവാദം നല്‍കുന്ന ഇടതു സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ ഭാഗിക മദ്യനിരോധനം അട്ടിമറിച്ചു. അടച്ചുപൂട്ടിയ ഷാപ്പുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറന്നു. പബ്ബുകളും ബ്രുവറികളും നൈറ്റ് ക്ലബ്ബുകളും ആരംഭിക്കാനുള്ള നീക്കം നടത്തുന്നു. എല്ലാ മാസവും ഒന്നാം തീയതി ഉണ്ടായിരുന്ന മദ്യവിലക്ക് പോലും എടുത്തു കളയാന്‍ ഈ സര്‍ക്കാര്‍ ആലോചിക്കുന്നു. കര്‍ഷക രക്ഷയുടെ പേരില്‍ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന പഴവര്‍ഗ വാറ്റു കേന്ദ്രങ്ങള്‍ പോലും ആരംഭിക്കാന്‍ സര്‍ക്കാര്‍ തുനിയുന്നു. മനുഷ്യജീവന് വില കല്‍പിക്കുന്ന ഏവരും ഈ നീക്കങ്ങളെ പ്രതിരോധിക്കണം എന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.