നമ്മുടെ പരാജയങ്ങളില്‍ നന്മയുളവാക്കുന്നവനാണ് ദൈവം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി; ദൈവസ്നേഹം എപ്പോഴും ഫലംപുറപ്പെടുവിക്കുമെന്നും ഏത് സാഹചര്യത്തിലും ക്രിസ്തുവിന് നന്മ പുറപ്പെടുവിക്കാന്‍ സാധിക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ. പരാജയങ്ങളെന്ന് തോന്നിക്കുന്ന അവസ്ഥകളില്‍ നിന്നു പോലും ക്രിസ്തുവിന് നന്മ ഉളവാക്കാന്‍ സാധിക്കും, പാപ്പാ വ്യക്തമാക്കി.
‘പരിക്ഷണങ്ങള്‍ വരുമ്പോള്‍ ക്രിസ്തുവിന്റെ കുരിശിനെ മുറുകെ പിടിച്ച് മുന്നോട്ട് നീങ്ങാന്‍ വി. പൗലോസ് പഠിപ്പിക്കുന്നു. ഏത് സാഹചര്യത്തിലും, പരാജയം എന്ന് പുറമേ തോന്നുന്ന അവസ്ഥയില്‍ പോലും ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ദൈവത്തിന് സ്നേഹപൂര്‍വം സ്വയം നല്കുന്നവര് തീര്‍ച്ചയായും ഫലം പുറപ്പെടുവിക്കും’ പാപ്പാ പറഞ്ഞു.
‘സ്നേഹം എല്ലായ്പ്പോഴും ഫലദായകമാണ്. ദൈവസ്നേഹം എപ്പോഴും ഫലം പുറപ്പെടുവിക്കുന്നു. നിങ്ങളെ സ്വന്തമാക്കാന്‍ ദൈവത്തെ അനുവദിക്കുമെങ്കില്‍, ദൈവത്തില്‍ നിന്ന് കൃപകള്‍ സ്വീകരിക്കുമെങ്കില്‍ നിങ്ങളെ തന്നെ മറ്റുള്ളവര്‍ക്കായി നല്കാന് നിങ്ങള്‍ക്ക് സാധിക്കും’ മാര്‍പാപ്പാ പറഞ്ഞു.
വി. പൗലോസിനെയും കൊണ്ട് യാത്ര ചെയ്തിരുന്ന കപ്പല്‍ തകര്‍ന്ന് ക്രീത്തിലെ തീരത്തണഞ്ഞ സംഭവം അപ്പസ്തോലരുടെ നടപടി പുസ്തകത്തില്‍ നി്ന്ന് വായിച്ച് ധ്യാനിക്കുകയായിരുന്നു, പാപ്പാ.
അപ്പസ്തോലരുടെ നടപടി 27 ാം അധ്യായത്തില്‍, കൊടുങ്കാറ്റിന്റെ മധ്യേ ഒരു മാലാഖ വി. പൗലോസിന് പ്രത്യക്ഷനായി പറയുന്നു: ‘ഭയപ്പെടേണ്ട. നീ സീസറിന്റെ മുന്നില്‍ നില്ക്കാന് നിയോഗിക്കപ്പെട്ടവനാണ്. നിന്നെ പ്രതി നിനക്കൊപ്പം സഞ്ചരിക്കുന്നവര്‍ക്കും ദൈവം സംരക്ഷണം നല്‍കും’: തുടര്‍ന്ന്, പൗലോസ് സഹസഞ്ചാരികളെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നത് നാം കാണുന്നു.
എല്ലാവരും അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ വായിച്ച് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ധ്യാനിക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു.