മദ്യപാനത്തില്‍ നിന്നും വിടുതലിനുള്ള പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവ, അങ്ങയെ എന്റെ ജീവിതത്തിന്റെ ഏക ദൈവവും കര്‍ത്താവുമായി ഞാന്‍ സ്വീകരിക്കുന്നു. പാപവും പാപമാര്‍ഗങ്ങളും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും അടിമത്തത്തിലേക്ക് എന്ന കൊണ്ടു വന്ന ആദ്യകാല തകര്‍ച്ചകളിലേക്ക് കടന്നു വന്ന് യേശുവേ, എന്നെ സുഖപ്പെടുത്തണമേ. മദ്യപിക്കണം എന്ന് പ്രേരണ നല്കുന്ന എല്ലാ ദുരാത്മാക്കളെയും യേശുവിന്റെ രക്തത്താല്‍ ഞാന്‍ നിര്‍വീര്യമാക്കുന്നു. മദ്യപാനത്തിലേക്കും പാപത്തിലേക്കും ഭക്തിരാഹിത്യത്തിലേക്കും നയിക്കുന്ന പാരമ്പര്യ സ്വാധീനങ്ങള്‍ യേശുവിന്റെ നാമത്തില്‍ വിട്ടു പോകട്ടെ. എന്നില്‍ നിന്നും എന്റെ കുടുംബത്തില്‍ നിന്നും മക്കളില്‍ നിന്നും എല്ലാ അന്ധകാരസേനകളെയും ദുഷ്ടാത്മ ഭൂതങ്ങളെയും യേശുവിന്റെ നാമത്തില്‍ ബന്ധിച്ചു കെട്ടി നിത്യ നരകാഗ്നിയിലേക്ക് ആട്ടിപ്പായിക്കുന്നു.
‘നിങ്ങള്‍ വീഞ്ഞു കുടിച്ച് ഉന്മത്തരാകരുത്. അതില്‍ ദുഷ്ടാസക്തിയുണ്ട്. മറിച്ച് ആത്മാവിനാല്‍ പൂരിതരാകുവിന്‍.’ എന്ന വചനമയച്ച് എന്നിലെ ലഹരിയോടുള്ള ആസക്തി നിര്‍മാര്‍ജനം ചെയ്യണമേ. ‘ചഷകങ്ങളില്‍ വീഞ്ഞു ചെമന്ന് തിളങ്ങി കവിഞ്ഞൊഴുകന്നുത് നോക്കിയിരിക്കരുത്’ (സുഭാ. 23 – 31) എന്ന ആജ്ഞാവചനത്തിന്റെ ശക്തിയാല്‍ എന്നിലെ മദ്യപാനം, മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ആഗ്രഹങ്ങള്‍ എന്നിവയില്‍ നിന്ന് എന്നെ പൂര്‍ണമായി മോചിപ്പിക്കണമേ. വല്ലപ്പോഴും കുടിക്കുന്നതില്‍ തെറ്റില്ല. മിതമായി കുടിക്കാം എന്നിങ്ങനെയുള്ള പിശാചിന്റെ തെറ്റായ ബോധ്യങ്ങള്‍ എന്റെ മനസ്സില്‍ നിന്ന് കര്‍ത്താവേ എടുത്തു മാറ്റണമേ.
മദ്യപാനത്തിലേക്കും മറ്റു ലഹരിയിലേക്കും എന്നെ ആദ്യമായി നയിച്ച വ്യക്തിയോട് യേശു നാമത്തില്‍ ഞാന്‍ ക്ഷമിക്കുന്നു. അവരുടെ മേല്‍ കരുണയായിരിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ മൂലം മദ്യപാനത്തിലും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമപ്പെട്ടു പോയവരോട് യേശു നാമത്തില്‍ ഞാന്‍ ക്ഷണ ചോദിക്കുന്നു. അവരെ ആ മഹാപാപത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പിതാവായ ദൈവമേ, ‘പുത്രന് നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാണ്’ (യോഹ. 8.36) എന്ന യേശുവിന്റെ വാഗ്ദാനങ്ങളനുസരിച്ച് എന്നിലെ ഭക്ഷണാസക്തി, മദ്യപാനം, പുകവലി, ലൈംഗികാസക്തി തുടങ്ങിയ ദുശ്ശീലങ്ങളില്‍ നിന്ന് നിത്യമായി മോചിപ്പിക്കണമേ.
ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്ത്താവിന് സ്വീകാര്യമായ വത്സരവും പ്രാപിക്കാന്‍ ദൈവാത്മാവിന്റെ ശക്തിയോടെ വന്ന യേശുവേ, (ലൂക്ക 4, 18-19) എന്റെ ശരീരത്തിന്റെ അധമവാസനകളെ നിര്‍മാര്‍ജനം ചെയ്യണമേ. നിന്റെ കരസ്പര്‍ശത്താല്‍ എന്റെ ശരീരത്തെയും മനസ്സിനെയും തോട്ട് അനുഗ്രഹിക്കണമേ. നിന്റെ ആത്മാവിന്റെ ആലയമായി എന്നെ നീ മാറ്റണമേ. എന്നില്‍ നിറഞ്ഞിരിക്കുന്ന ലഹരിക്കുള്ള ആസക്തിയെ കര്‍ത്താവായ യേശുവേ, അങ്ങേ തിരുരക്തത്താല്‍ നീക്കം ചെയ്യണമേ. പരിശുദ്ധാത്മ ലഹരിയില്‍ എന്നെ നിറയ്ക്കണമേ. (10 മിനിറ്റ് ആവര്‍ത്തിക്കുക)
യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന
1. സ്വര്‍ഗ. 3 നന്മ. 1 ത്രിത്വ