സീറോ മലബാർ വിശ്വാസപരിശീലന പ്രതിഭാ സംഗമം സമാപിച്ചു
കൊച്ചി: സീറോ മലബാർ സഭാ വിശ്വാസപരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രതിഭാ സംഗമ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള പുരസ്കാര സമർപ്പണവും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
ഈശോ എന്നെ സ്നേഹിക്കുന്നു എന്ന അവബോധത്തിൽ കുട്ടികൾ വളർന്നുവരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എല്ലായിടത്തും ഈശോയ്ക്ക് സാക്ഷികൾ ആകണമെന്നും സഭാസ്നേഹത്തിൽ വളരണമെന്നും മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
തലശേരി അതിരൂപത മെത്രാപ്പോലീത്തയും സീറോ മലബാർ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. നേരത്തെ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പ്രതിഭാ സംഗമത്തിൽ 14സീറോ മലബാർ രൂപതകളിൽനിന്ന് 82പ്രതിഭകൾ പങ്കെടുത്തു. പത്തു പ്രതിഭകളെ പ്രത്യേകമായി തെരഞ്ഞെടുത്ത് ആദരിച്ചു.
വചനപ്രതിഭയായി ഈ വർഷത്തെ ലോഗോസ് ക്വിസ് ജേതാവായ മെറ്റിൽഡ ജോണ്സണ് തെരഞ്ഞെടുക്കപ്പെട്ടു. വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ഡായി കുന്നത്ത്, ഫാ. മനു പൊട്ടനാനിയിൽ എന്നിവർ പ്രസംഗിച്ചു. റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പള്ളിൽ, റവ.ഡോ. ജോസ് പുതിയേടത്ത്, ഫാ. ബിനോയി ഉപ്പുമാക്കൽ, ജസ്റ്റീസ് കുര്യൻ ജോസഫ്, പൗളി തോമസ്, തെയ്സേ പ്രാർഥനാ ഗ്രൂപ്പ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. സിസ്റ്റർ ജിസ് ലെറ്റ്, സിസ്റ്റർ നിർമൽ, ഷിബു ജോസഫ്, ജെബിൻ, കുര്യാക്കോസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.