ഇന്ത്യൻ ക്രിസ്ത്യൻ അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു
ഷിക്കാഗോ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പള്ളികളും അസോസിയേഷനുകളും സംയുക്തമായി ഷിക്കാഗോയിൽ നടത്തിയ ക്രിസ്മസ് ആഘോഷം വർണാഭമായി. ക്രിസ്മസ് കരോൾ, ക്രിസ്തീയ നൃത്തങ്ങൾ, ക്രിസ്മസ് സന്ദേശം, മറ്റു വിവിധ പരിപാടികൾ എന്നിവകൊണ്ട് നിറപ്പകിട്ടാർന്ന പരിപാടികൾ അരങ്ങേറി. ഷിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുവിന്റെ സന്ദേശം മറ്റു ജനങ്ങളിൽ എത്തിക്കാൻ ഈ ക്രിസ്മസ് കാലത്ത് നമുക്ക് സാധിക്കണമെന്നു അദ്ദേഹം പറഞ്ഞു.
കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലെ പള്ളികളും, അസോസിയേഷനുകളും ചേർന്നു വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിശിഷ്ടാതിഥികളെക്കൊണ്ട് തിങ്ങി നിറഞ്ഞ ആഘോഷത്തിൽ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ സുധാകർ ദെലേല അധ്യക്ഷ പ്രസംഗം നടത്തി. യുഎസ് കോണ്‍ഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, കോണ്‍ഗ്രസ്മാൻ ഷോണ്‍ കാസ്റ്റണ്‍, മേയർ റോം ഡേലി, ഷാംബർഗ് ടൗണ്‍ഷിപ്പ് ട്രസ്റ്റി നിമേഷ് ഗായതി, സെനറ്റർ ലോറ എൽമാൻ എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. സംഘടനയുടെ ചെയർമാൻ ഗ്ലാഡ്സണ്‍ വർഗീസ് എല്ലാവിശിഷ്ടാതിഥികളേയും സദസിനേയും സ്വാഗതം ചെയ്തു.
ജനറൽ കണ്‍വീനർമാരായി കീർത്തികുമാർ രാവുറിയും, ആന്‍േറാ കവലയ്ക്കലും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ അവാർഡുകളും തദവസരത്തിൽ നൽകുകയുണ്ടായി. ഷിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിലെ മുപ്പതോളം പേർ അടങ്ങിയ സംഘത്തിന്റെ വർണശബളമായ ക്രിസ്മസ് കരോൾ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികൾക്ക് തിരശീല വീണു.