വി. യൗസേപ്പിതാവിന് ദൈവദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടതിന്റെ കാരണമെന്ത്? (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

മംഗളവാര്‍ത്ത നാലാം ഞായര്‍ സുവിശേഷ സന്ദേശം

ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് ഉത്തമ ഉദാഹരണമാണ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫ്. തന്റെ പ്രതിശ്രുതവധു ഗര്‍ഭിണിയാണെന്ന് കാണുകയും അവളുടെ വിശദീകരണങ്ങള്‍ വിശ്വാസയോഗ്യമായി തോന്നാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ പോലും ജോസഫ് അവളെ വിധിക്കാന്‍ ഒരുമ്പെടുന്നില്ല. മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ ആലോചിക്കുമ്പോഴാണ് ദൈവം ജോസഫിന് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘ ക്ഷമയാണ് ദൈവം ഇടപെടാന്‍ സാഹചര്യം ഒരുക്കിയത്. ദൈവത്തിലാശ്രയിച്ച് യേശുവിനെയും മറിയത്തെയും ശുശ്രൂഷിച്ച ജോസഫിന്റെ മാതൃക എല്ലാ ക്രിസ്ത്യാനികള്‍ക്ക് അനുകരണീയമാണ്.

 

ഇന്നത്തെ സുവിശേഷ വായന
മത്തായി 1: 18 – 24

“യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിന് മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു. മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതു പോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.”

 

വിചിന്തനം

യഹൂദാചാരപ്രകാരം വിവാഹനിശ്ചയം എന്നു പറഞ്ഞാല്‍ വിവാഹത്തിന്റെ ആദ്യ ഭാഗമായിരുന്നു. വരനും വധുവും ചേര്‍ന്ന് പരസ്പരം ഒരു കരാറില്‍ ഏര്‍പ്പെടും. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന് അറിയപ്പെടും. എങ്കിലും ഒരു വര്‍ഷത്തിന് ശേഷം വിവാഹം ഔദ്യോഗികമായി നടന്നു കഴിഞ്ഞതിനു ശേഷം മാത്രമേ അവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഈ കാലയളവില്‍ സംഭവിക്കുന്ന അവിശ്വസ്തത ശിക്ഷാര്‍ഹമായ വ്യഭിചാരമായിട്ടാണ് കണക്കാക്കിയിരുന്നത്.

ജോസഫിനെ ബൈബിള്‍ നീതിമാന്‍ എന്നു വിശേഷിപ്പിക്കുന്നത് അദ്ദേഹം മോശയുടെ നിയമം വിശ്വസ്ഥതാ പൂര്‍വം അനുവര്‍ത്തിച്ചിരുന്നതു കൊണ്ടാണ്. തന്നോടു തന്നെയും മറിയത്തോടും അദ്ദേഹം നീതി പ്രവര്‍ത്തിക്കണമായിരുന്നു. സത്യം എന്താണെന്ന് അറിഞ്ഞു കൂടായിരുന്നു എന്നതാണ് ജോസഫ് നേരിട്ട പ്രതിസന്്ധി. മറിയം നിയമം ലംഘിച്ച് മറ്റാരില്‍ നിന്നോ ഗര്‍ഭിണിയായി എന്നാണ് ജോസഫ് സ്വാഭാവികമായും സംശയിച്ചത്. വിവാഹ നിശ്ചയത്തിന് നിയമപരമായ സാധുത ഉണ്ടായിരുന്നതിനാല്‍, മറിയവുമൊത്തുള്ള നിയമബന്ധം ഉപേക്ഷിക്കാന്‍ അവളെ ഉപേക്ഷിക്കണമായിരുന്നു.

എന്നാല്‍ മറിയം സത്യമാണോ വ്യാജമാണോ പറയുന്നതെന്ന് തെളിയിക്കാന്‍ ജോസഫിന്റെ പക്കല്‍ തെളിവുണ്ടായിരുന്നില്ല. മറിയം വ്യഭിചാരം ചെയ്തു എന്ന് ജോസഫ് പറയുകയാണെങ്കില്‍ അവള്‍ സമൂഹമധ്യേ അപമാനിതയാകുകയും അവളെ എല്ലാവരും ചേര്‍ന്ന് നിയമാനുസൃതം കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യും. എന്നാല്‍ മറിയം നിരപരാധിയാണെങ്കില്‍, നിഷ്‌കളങ്കയായ ഒരുവളെ ദ്രോഹിച്ചതിന്റെ കുറ്റം ജോസഫിന് മേല്‍ വീഴും. അതിനാല്‍, ഒരേയൊരു പോംവഴി രഹസ്യമായി ഉപേക്ഷാ പത്രം നല്‍കി അവളെ ഉപേക്ഷികുക എന്നതായിരുന്നു (നിയമാവര്‍ത്തനം 24.1). ഇക്കാര്യം ജോസഫ് എടുത്തു ചാടി ചെയ്തില്ല. അദ്ദേഹം അതിനെ കുറിച്ച് മനസ്സിലിട്ട് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.

മറിയത്തിനും സഖറിയായ്ക്കും ഗബ്രിയേലിന്റെ നേരിട്ടുള്ള ദര്‍ശനമാണ് ഉണ്ടായത്. എന്നാല്‍ ജോസഫിനാകട്ടെ, സ്വപ്‌നത്തിലാണ് ദൂതന്‍ പ്രത്യക്ഷപ്പെടുന്നത്. (പഴയ നിയമത്തിലെ ജോസഫിനുണ്ടായ ദൈവിക സ്വപ്‌നങ്ങള്‍ ഇവിടെ സ്മരണാര്‍ഹമാണ്.) ദര്‍ശനങ്ങള്‍ ഉണ്ടാകുന്നത് ഉണര്‍ന്നിരിക്കുമ്പോഴാണ്. സ്വപ്‌നങ്ങള്‍ ഉറങ്ങുമ്പോഴും. ഉറങ്ങുമ്പോള്‍ ആളുകള്‍ സ്വപ്‌നങ്ങള്‍ കാണും. എന്നാല്‍ ഉണരുന്നതിന് തൊട്ടുമുമ്പ് കണ്ട സ്വപ്‌നങ്ങളാണ് ആളുകള്‍ ഓര്‍ത്തിരിക്കുന്നത്. ജോസഫിനുണ്ടായ സ്വപ്‌നം വളരെ സജീവവും ശക്തവുമായിരുന്നു. അതിനാല്‍ അതൊരു ദൈവിക സന്ദേശമായി ജോസഫ് സ്വീകരിച്ചു.

ബൈബിളില്‍ സ്വപ്‌നങ്ങള്‍ക്കും സ്വപ്‌ന വ്യാഖ്യാനങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ട്. ചിലപ്പോള്‍ പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നതിന് ദൈവം സ്വപ്‌നങ്ങളെ ഉപയോഗിക്കാറുണ്ട്. ഉദാഹരണം, പഴയ നിയമത്തിലെ ജോസഫ്. അപകടം മുന്‍കൂട്ടി പറയാനും സ്വപ്‌നങ്ങളെ ഉപയോഗിക്കാറുണ്ട്. കിഴക്കു നിന്നുള്ള ജ്ഞാനികളെ ഹേറോദേസ് മൂലം വരാനിരിക്കുന്ന പടകടം സ്വപ്‌നത്തില്‍ അറിയിക്കുന്നുണ്ട്.

ജോസഫിന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൂതന്റെ പേര് ബൈബിള്‍ വ്യക്തമാക്കുന്നില്ല. പഴയ നിയമത്തില്‍ മാലാഖമാര്‍ ദൈവത്തിന്റെ പ്രതിനിധികളോ ചിലപ്പോള്‍ ദൈവം തന്നെയോ മനുഷ്യരോട് സംവദിക്കുന്നതിനായി വരുന്നതാണ്. ഹാഗാറിന് പ്രത്യക്ഷപ്പെടുന്നതും (ഉല്‍. 16. 7-14), മാമ്രേയില്‍ വച്ച് അബ്രഹാമിനും സാറായ്ക്കും പ്രത്യക്ഷപ്പെടുന്നതും (ഉല്‍. 18.1) മോറിയാ മലയിലും (ഉല് 22), യാക്കോബിനും (ഉല്‍. 31.11) എല്ലാം ഉദാഹരണങ്ങളാണ്.

ദാവീദിന്റെ പുത്രനായ ജോസഫ് എന്നാണ് ദൈവം ജോസഫിനെ അഭിസംബോധന ചെയ്യുന്നത്. അദ്ദേഹം ദാവീദിന്റെ നേരിട്ടുള്ള പുത്രനായിരുന്നില്ല. എന്നാല്‍ ദാവീദിന്റെ വംശത്തില്‍ പെട്ട ആളായിരുന്നു. മിശിഹായുടെ നിയമപരമായ പിതാവ് എന്ന നിലയിലുള്ള ജോസഫിന്റെ സ്ഥാനത്തിന് മാലാഖ ജോസഫിനെ ഒരുക്കുകയായിരുന്നു. യേശു പല തവണ ദാവീദിന്റെ പുത്രന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് നാം സുവിശേഷത്തില്‍ വായിക്കുന്നു. യേശുവിനെ വിശേഷിപ്പുക്കുന്നത് പോലെയല്ല ജോസഫിനെ ദാവീദിന്റെ പുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ ജോസഫ് തീരുമാനിച്ചതിന് കാരണം ദൈവികമായ ഭയം ആണെന്നാണ് വി. തോമസ് അക്വിനാസ്, ബെര്‍ണാഡ്, ബേസില്‍ എഫ്രേം എന്നിവര്‍ പറയുന്നത്. മറിയത്തിന്റെ വാക്കുകള്‍ വിശ്വസിച്ച ജോസഫ് അത്രയും ഉന്നതായവളുടെ ഭര്‍ത്താവാകാന്‍ താന്‍ അയോഗ്യനാണ് എന്ന് ധരിച്ചു എന്ന് അവര്‍ വാദിക്കുന്നു. അതിനാലാണ് ഭയപ്പെടേണ്ട എന്ന് ദൂതന്‍ ജോസഫിനോട് പറയുന്നത്.

മറിയത്തെ ഭാര്യയായി സ്വഭവനത്തില്‍ സ്വീകരിക്കാന്‍ ശങ്കിക്കേണ്ട എന്ന ദൂതന്‍ ജോസഫിനെ ധൈര്യപ്പെടുത്തുന്നു. പരിശുദ്ധാത്മാവിനാലാണ് മറിയം ഗര്‍ഭിണിയായിരുക്കുന്നതെന്നും മാലാഖ കൂട്ടിച്ചേര്‍ക്കുന്നു.

അവള്‍ ഒരു പുത്രനെ പ്രസവിക്കും എന്നാണ് അവള്‍ നിന്റെ പുത്രനെ പ്രസവിക്കും എന്നല്ല ദൂതന്‍ പറയുന്നത്. അതിനാല്‍ അവര്‍ തമ്മില്‍ ലൈംഗികമായ ബന്ധത്തില്‍ നിന്നല്ല പുത്രന്‍ ജനിക്കുക എന്ന ദൂതന്‍ വ്യക്തമാക്കുന്നു. ശിശുവിന് പേരിടാനുള്ള അധികാരം ജോസഫിനും മറിയത്തിനും ദൈവദൂതന്‍ നല്‍കുന്നു. എങ്കിലും ജോസഫാണ് ശിശുവിന് പേര് നല്‍കുന്നതെന്നത് ശ്രദ്ധേയമാണ് (മത്തായി 1.25). ദൈവം രക്ഷിക്കുന്നു എന്നര്‍ത്ഥമുള്ള ജോഷ്വയുടെ ഗ്രീക്ക് രൂപമാണ് ജീസസ്.

സന്ദേശം

ജോസഫ് മറിയത്തെ വിധിക്കാന്‍ ശ്രമിക്കുന്നില്ല എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. പെട്ടെന്ന് മറ്റുള്ളവരെ വിധിക്കുന്ന സ്വഭാവം നമുക്ക് മാറ്റിയെടുക്കാം. നമുക്ക് മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലായില്ലെങ്കില്‍ കൂടി അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കുകയും അവരോട് അനുഭാവം കാണിക്കുകയും ചെയ്യണം. വിധി ദൈവത്തിന് വി്ട്ടു കൊടുക്കുകയും വേണം. വിധിക്കപ്പെടാതിരിക്കാന്‍ വേണ്ടി നിങ്ങളുടം വിധിക്കരുത് എന്ന ദൈവ വചനം ഇവിടെ സ്മരണീയമാണ്.

മറിയത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി എല്ലാ കാര്യങ്ങളിലും വ്യക്തത കൈവരാന്‍ ജോസഫ് വലിയ ക്ഷമയോടെ കാത്തിരുന്നു. രഹസ്യമായി ഉപേക്ഷിക്കാം എന്നൊരു ആലോചന ഉണ്ടായെങ്കിലും എടുത്തു ചാടി ഒന്നും ചെയ്തില്ല. അങ്ങനെ എടുത്തുചാടി എന്തെങ്കിലും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അത് മറിയത്തിന്റെ ജീവിതം ദുസ്സഹമാക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ കൃത്യസമയത്ത് പ്രവര്‍ത്തിക്കുക എന്നത് നല്ലൊരു കാര്യമാണെങ്കിലും ദൈവത്തിലാശ്രയിച്ച് നല്ലൊരു പരിഹാരത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ജോസഫിനെ പോലെ നമുക്ക് ദൈവ ഹിതത്തോട് സഹകരിക്കാം. ജോസഫ് ബൈബിളിലെ നിശബ്ദനായൊരു കഥാപാത്രമാണ്. അദ്ദേഹം സംസാരിക്കുന്നത് നാം കേള്‍ക്കുന്നില്ല. സ്വപ്‌നത്തില്‍ മാലാഖ വന്നു പറഞ്ഞപ്പോള്‍ മറുപടി പറയാതിരുന്നത് സ്വപ്‌നം ആയതിനാലാവാം എങ്കിലും യേശുവിന് 12 വയസ്സുണ്ടായിരുന്നപ്പോള്‍ അവിടുത്തെ കാണാതായി പിന്നീട് ദേവാലയത്തില്‍ വച്ചു കണ്ടെത്തിയപ്പോഴും ജോസഫ് ഒന്നും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറിയത്തെ പോലെ ഇതാ ഞാന്‍ എന്ന് പ്രത്യേകം പറയുന്നില്ലെങ്കിലും തന്നെ ദൈവം ഏല്‍പിച്ച ദൗത്യം ജോസഫ് ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നത് നാം കാണുന്നു. യേശുവിന്റെ ജീവിതകാലത്തൊരിക്കലും ജോസഫിന് യേശുവിന്റെ വളര്‍ത്തച്ഛന്‍ എന്ന നിലയില്‍ പുകഴ്ച ലഭിക്കുന്നില്ല. എന്നാല്‍, ദൈവപുത്രന്റെയും അവിടുത്തെ മാതാവിന്റെയും സാന്നിധ്യത്തില്‍ മരണം പൂകാനുള്ള അതിവിശിഷ്ടവരം അദ്ദേഹത്തിനുണ്ടാകുന്നു. നാം സംസാരിക്കുന്ന വാക്കുകളല്ല, മറിച്ച് നിശബ്ദമായി നാം നിറവേറ്റുന്ന ദൈവഹിതവും നമ്മുടെ സേവനവുമാണ് ദൈവസന്നിധിയില്‍ വിലപ്പെട്ടത് എന്നോര്‍ക്കാം.

പ്രാര്‍ത്ഥന

സത്യസ്വരൂപനായ ദൈവമേ,

താനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന പരിശുദ്ധ മറിയം ഗര്‍ഭിണിയാണെന്ന് കേട്ടപ്പോള്‍ മറിയത്തെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടാതെ രഹസ്യമായി ഉപേക്ഷിക്കാനാണല്ലോ യൗസേപ്പ് ആലോചിച്ചത്. ഞങ്ങളാകട്ടെ, പലപ്പോഴും മറ്റുള്ളവരെ സംശയിക്കുകയും അവരെ പരസ്യമായി നിന്ദിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയോട് മാപ്പു യാചിക്കുന്നു. എടുത്തു ചാടി തീരുമാനം എടുക്കാതെ യൗസേപ്പ് ദീര്‍ഘക്ഷമയോടെ ദൈവഹിതം കാത്തിരുന്നതു കൊണ്ടാണല്ലോ ദൈവദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോട് കാര്യങ്ങളുടെ സത്യാവസ്ഥ വിശദീകരിച്ചു കൊടുത്തത്. അതു പോലെ ദൈവഹിതം വെളിപ്പെടുന്നതിന് വേണ്ടി കാത്തിരിക്കാന്‍ ഞങ്ങള്‍ കൃപ നല്‍കണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles