ഫാത്തിമായിലെ മാലാഖ
വിശുദ്ധ ഗ്രന്ഥത്തില്‍ മാലാഖാമാരുടെ സൂചനകള്‍ ലഭിക്കുന്നുണ്ട്. പരിശുദ്ധ അമ്മയ്ക്ക് മംഗള വാര്‍ത്ത നല്‍കുന്നതിലൂടെ രക്ഷകന്റെ വരവിനെ ആദ്യം അറിയിച്ചതും ദൂതന് വഴി ആണ്. കാലങ്ങള്‍ മാറി ദേശങ്ങള്‍ മാറി ഈ നൂറ്റാണ്ടിലും മാലാഖമാരുടെ സന്ദേശങ്ങള്‍ ഭൂമിയിലെ മനുഷ്യരെ തേടി വരാറുണ്ട് എന്നതിന് ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷീകരണ ചരിത്രം എടുത്തു നോക്കിയാല്‍ മനസിലാകും.
പരിശുദ്ധ അമ്മ ഫാത്തിമായില്‍ മനുഷ്യരെ അറിയിക്കാന്‍ വന്ന സന്ദേശത്തിന്റെ നൂറ്റൊന്നാം വര്‍ഷത്തില്‍ ആണ് നാമിപ്പോള്‍. ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെടുന്നതിനു മുന്നേ കുട്ടികളെ ഒരുക്കാന്‍ വന്നത് ഒരു മാലാഖയാണ്. നസ്രത്തിലെ ഒരു വീട്ടില്‍ കാലങ്ങള്‍ക്ക് മുന്‍പ് അമ്മയ്ക്കു മുന്നോടിയായി വന്നതും ഒരു മാലാഖയാണ്. ദൈവ നിയോഗങ്ങളുടെ കാവല്ക്കാര് മാലാഖാമാരാണ്.
അല്ജുസ്ത്രെലില് നിന്നും ഏറെ അകലെ അല്ലാത്ത ഔത്തേയ്റോ ദോകബെസോ എന്ന കുന്നിന്റെ അടുത്തുള്ള ഒരു ഗുഹയില്‍ ആയിരത്തി തൊള്ളായിരത്തി പതിനാറിലെ വസന്ത കാലത്തില്‍ ആണ് മാലാഖ ആദ്യമായി കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെടുന്നത്. ആ ദര്‍ശനത്തെ പറ്റി സിസ്റ്റര്‍ ലൂസിയ പറയുന്നത് ഇപ്രകാരമാണ്.”ഞങ്ങള്‍ കുറച്ചു നേരം കളിച്ചു കഴിഞ്ഞപ്പോള്‍ ശക്തമായ ഒരു കാറ്റടിച്ചു. മരങ്ങള്‍ ഇളകി. പകലായതിനാല്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ഞങ്ങള്‍ കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി. കിഴക്ക് മാറി നിവര്‍ന്നു കിടന്ന പ്രദേശത്തില്‍ മരങ്ങള്‍ക്ക് മേല്‍ ഒരു പ്രകാശം ഒരു ചെറുപ്പക്കാരന്റെ അകാരത്തില്‍ ഞങ്ങള്‍ അപ്പോള്‍ കാണാന്‍ തുടങ്ങി.ഏതാണ്ട് 14 ,15 വയസ് തോന്നിക്കുന്ന അതീവ സുന്ദരനായ ഒരു കുമാരനായിരുന്നു അത്. ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ സമാധാനത്തിന്റെ മാലാഖയാണ് എന്നോടൊപ്പം പ്രാര്‍ത്ഥിക്കുക ”ഇതായിരുന്നു ദൂതനെ കുറിച്ചുള്ള ലൂസിയയുടെ ആദ്യത്തെ വിവരണം. സമാധാന മാലാഖ പിന്നീട് അവര്‍ക്ക് മുന്നില്‍ രണ്ടു തവണ കൂടി വരവ് അറിയിച്ചു.
സമാധാനത്തിന്റെ മാലാഖയാണ് താനെന്നും പോര്‍ച്ചുഗലിന്റെ കാവല്‍ മാലാഖ ആണെന്നും കുട്ടികളോട് ദൂതന് വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ സമാധാനം തിരിച്ചു കൊണ്ട് വരാന്‍ കുട്ടികളോട് നിരന്തരമായി പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടാനും പരിശുദ്ധ അമ്മയുടെ വരവിനായി കുട്ടികളെ ഒരുക്കുന്നതും പ്രാര്‍ഥനകള്‍ പഠിപ്പിക്കുന്നതും ദൂതനാണ്.
അന്റോണിയോ അഗസ്റ്റോ ബൊറൊലി മഷാദോ എഴുതിയ ഫാത്തിമ എന്നാ പുസ്തകത്തില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്. രാജ്യങ്ങള്‍ക്ക് മാത്രമല്ല കാവല്‍ മാലാഖമാര്‍. ഓരോ വ്യക്തിക്കുമുണ്ട് നമ്മുടെ കൂടെ തന്നെ ഇപ്പോഴും ചേര്‍ന്ന് നില്ക്കുന്ന കാവല്‍ മാലാഖമാര്‍ സ്വര്‍ഗത്തിന്റെ സാന്നിധ്യം തന്നെയാണ്. ഫാത്തിമയില്‍ മൂന്നാമതും കുട്ടികള്‍ക്ക് മുന്പില് പ്രത്യക്ഷപ്പെട്ട മാലാഖ കുട്ടികളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നുണ്ട്. ഭയപ്പെടേണ്ട ഞാന്‍ സമാധാന മാലാഖയാണ് എന്നോടൊപ്പം പ്രാര്‍ത്ഥിക്കുക എന്ന് പറയുന്നിടം കുട്ടികള്‍ മാലാഖയെ അനുസരിക്കുന്നു. പുതിയ നിയമം മുതല്‍ ഫാത്തിമയില്‍ വരെ നമ്മള് കണ്ട ദൈവ ദൂതന്മാരുടെ സന്ദേശങ്ങള്‍ മനുഷ്യരാശിയുടെ നന്മയ്ക്ക് ഉതകും വിധമുള്ളതാണെന്ന് ഊഹിക്കാമല്ലോ. കാവല്‍ മാലാഖമാരെ കൂട്ട് പിടിക്കാം.ദൈവഗീതികള് വാഴ്ത്താന്‍.