മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണം: കർഷക സംരക്ഷണ ജാഗ്രതാസമിതി
പാലക്കാട്: ഭൂപരിഷ്കരണ നിയമഭേദഗതി ശിപാർശ വർഷങ്ങളായി ഭൂമി വിലയ്ക്കുവാങ്ങി വിവിധയിനം കാർഷികവിളകൾ ചെയ്ത് ഉപജീവനം കഴിക്കുന്ന കർഷകരെ സാരമായി ബാധിക്കുമെന്നതിനാൽ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് കർഷക സംരക്ഷണ ജാഗ്രതാസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിയമഭേദഗതി വന്നാൽ ആയിരക്കണക്കിനു ചെറുകിട കർഷകർക്ക് ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതിനിധി സമ്മേളനം ചർച്ചനടത്തി. വന്യമൃഗശല്യവും കാർഷികവിളകൾക്ക് വിലയില്ലായ്മയും സാമൂഹ്യ സുരക്ഷയില്ലായ്മയും കടക്കെണിയും പ്രകൃതിക്ഷോഭവും മൂലം കഷ്ടപ്പെടുന്ന കർഷകർക്ക് നിയമഭേദഗതി വലിയ ആഘാതമാണ് ഏല്പിക്കുക. നിയമഭേദഗതിക്കെതിരേ ജില്ലയിലെ ജനപ്രതിനിധികൾക്ക് നിവേദനം സമർപ്പിക്കാനും കർഷകർക്ക് അനുകൂലമായി നിലപാടുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനമെടുത്തു.
പാലക്കാട് പാസ്റ്ററൽ സെന്ററിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. കെ.ടി.തോമസ് അധ്യക്ഷത വഹിച്ചു. രൂപതാ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. ഫാ. ഏബ്രഹാം പാലത്തിങ്കൽ വിഷയാവതരണം നടത്തി.
രൂപതാവികാരി ജനറാൾമാരായ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി, മോണ്‍. പീറ്റർ കൊച്ചുപുരയ്ക്കൽ, ചാർലി മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് അഡ്വ. കെ.ടി.തോമസ്, ഫാ. ഏബ്രഹാം പാലത്തിങ്കൽ, സന്തോഷ് അറയ്ക്കൽ, അഡ്വ. ബോബി ബാസ്റ്റൻ, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ചാർലി മാത്യു എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.