വിദ്യാഭ്യാസ രംഗം രാഷ്ട്രീയവത്കരിക്കുന്നതിൽ ആശങ്കഅറിയിച്ച് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കലാലയ രാഷ്ട്രീയം നടപ്പാക്കാനായി നിയമസഭ പരിഗണിക്കാനിരിക്കുന്ന ബിൽ കലാലയങ്ങളെ വീണ്ടും കലാപകേന്ദ്രങ്ങളാക്കുമെന്ന ആശങ്കയുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാഷ്ട്രീയം അനുദിനം അക്രമാസക്തവും പ്രതിലോമകരവുമായി മാറുന്ന സമീപകാലത്തു കലാലയങ്ങളെ കലാപ രാഷ്ട്രീയത്തിന്റെ പഠനക്കളരികളാക്കാനുള്ള ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതു ശുഭോദർക്കമല്ല. ജനാധിപത്യ സംവിധാനത്തിലെ രാഷ്ട്രീയ പരിശീലനത്തിന്റെ ആവശ്യകത അംഗീകരിക്കുന്പോൾത്തന്നെ ഈ ബില്ലിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു നിഷ്പക്ഷമതികൾക്ക് ആശങ്കയുണ്ട്.
കൂ പ്പുകുത്തുന്ന പഠനനിലവാരം മറച്ചുവച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മാർക്കുദാനത്തിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും വിദ്യാർഥികളെ ജയിപ്പിച്ചെടുക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ കലാലയങ്ങളെ കലാപഭൂമിയാക്കുന്ന വിദ്യാർഥിരാഷ്ട്രീയം നിയമാനുസൃതമാക്കണം എന്ന വാദം യുക്തിരഹിതമാണ്. പ്രിൻസിപ്പൽമാരുടെ അധികാരവും മാനേജുമെന്റുകളുടെ അവകാശങ്ങളും കവർന്നെടുക്കാനുള്ള നീക്കം ഇപ്പോഴുള്ള പഠനാന്തരീക്ഷവും പഠനനിലവാരവും കുട്ടികളുടെ ഭാവിയും തകർക്കുന്നതിനേ ഉപകരിക്കൂ എന്നു കെസിബിസി ആശങ്കപ്പെടുന്നു.
2016മുതൽ കഴിഞ്ഞ നാലു വർഷങ്ങളായി നിയമനാംഗീകാരം കിട്ടാതെ സ്കൂളുകളിൽ ജോലിചെയ്യുന്ന അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. 2013-14വർഷങ്ങളിൽ കോളജുകളിൽ അനുവദിച്ച പുതിയ കോഴ്സുകൾക്കും 2014-15വർഷം അനുവദിച്ച ഹയർസെക്കൻഡറി സ്കൂളുകളിലും തസ്തിക നിർണയം നടത്തി അധ്യാപകരെ നിയമിക്കാനുള്ള സത്വര നടപടി സർക്കാർ സ്വീകരിക്കണം.
ക്രൈസ്തവവിശ്വാസികൾ ആരാധനയ്ക്കും മതപഠനത്തിനുമായി പരന്പരാഗതമായി വിനിയോഗിക്കുന്ന ഞായറാഴ്ചകളിൽ തുടർച്ചയായി കുട്ടികളുടെ മത്സരങ്ങളും അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധങ്ങളായ പരിശീലനങ്ങളും നടത്താനുള്ള ഉദ്യോഗസ്ഥ നിലപാടുകൾ ഈ അടുത്തകാലത്തു വർധിച്ചുവരുന്നതിൽ ഉത്കണ്ഠയുണ്ട്.