ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ വയ്ക്കണം: മാർ പെരുന്തോട്ടം
കോട്ടയം: സംസ്ഥാനത്തെ ക്രൈസ്തവ മതന്യൂനപക്ഷത്തിന്റെ സാമൂഹിക- സാന്പത്തിക പിന്നോക്കാവസ്ഥ പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കാൻ സർക്കാർ തയാറാകണമെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ ഇടവകകളിൽ ഞായറാഴ്ച നടത്തിയ സമുദായ സംരക്ഷണ ദിനാചരണത്തിന്റെ അതിരൂപത തല ഉദ്ഘാടനം പുന്നത്തുറ സെന്റ്തോമസ് ഇടവകയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങൾ വിവേചന രഹിതമായി വിതരണം ചെയ്യണമെന്നും അതിനു സർക്കാർ മുൻ കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്ഗ്രസ് അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. പുന്നത്തുറ സെന്റ് തോമസ് ഇടവക വികാരി റവ.ഡോ.ടോം പുത്തൻകളം, ഫാ. തോമസ് തുന്പയിൽ, ഫാ. സഖറിയാസ് കുന്നക്കാട്ടുതറ, ഫാ. അജോ കാവാലം, കത്തോലിക്ക കോണ്ഗ്രസ് ഭാരവാഹികളായ രാജേഷ് ജോണ്, ജോയി പറപ്പുറം, ബിജോ തളിശേരി, ബന്നു കുന്നത്തേട്ട് എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിലെ ആലപ്പുഴ, പുളിങ്കുന്ന്, ചന്പക്കുളം, എടത്വ, തൃക്കൊടിത്താനം, ചങ്ങനാശേരി, തുരുത്തി, കോട്ടയം, കുടമാളൂർ, അതിരന്പുഴ, നെടുംകുന്നം, മണിമല, കുറന്പനാടം, കൊല്ലം, അന്പൂരി, തിരുവനന്തപുരം എന്നീ ഫൊറോനകളിലെ വിവിധ പള്ളികളിൽ സമുദായ സംരക്ഷണ പ്രതിജ്ഞയും ഭീമഹർജി ഒപ്പുശേഖരണവും നടത്തി.
ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞു രണ്ടിനു ചങ്ങനാശേരി എസ്ബി കോളജ് കല്ലറയ്ക്കൽ ഹാളിൽ ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമം നടക്കും. വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്ഗ്രസ് അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിക്കും.