ഹന്നാ ഷ്രാനോവ്‌സ്‌കാ – വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രഥമ അല്മായ നേഴ്‌സ്

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

ചരിത്രത്തിലാദ്യമായി ഒരു അല്മായ നേഴ്‌സ് വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഏപ്രില്‍ 28ന് ക്രാക്കോവിലെ വേള്‍ഡ് സാഞ്ച്വറി ഓഫ് ഡിവൈന്‍ മേഴ്‌സിയില്‍വച്ച് ഹന്നാ ഷ്രാനോവ്‌സ്‌ക ധന്യയായി പ്രഖ്യാപിക്കപ്പെട്ടു. ആതുരസേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പോളിഷ് വനിത പോളണ്ടില്‍ ഉദിച്ചുയര്‍ന്ന നിരവധി അഭയകേന്ദ്രങ്ങളുടെ മാതാവാണ്. ദരിദ്രരുടെയും, നിരാലംബരുടെയും സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചുകൊണ്ട് ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്ക് സ്തുത്യര്‍ഹമാതൃകയായി.

1902 ഒക്ടോബര്‍ ഏഴിന് പോളണ്ടിലെ വാര്‍സൊയില്‍ ജനിച്ചു. നന്നേ ചെറുപ്പത്തില്‍ ഹന്നയുടെ കുടുംബം ക്രാക്കോയിലേക്ക് കുടിയേറി. രണ്ടാംലോകമഹായുദ്ധം ഹന്നായുടെ ജീവിതം അപ്പാടെ മാറ്റിമറിച്ചു. ഹന്നയുടെ പിതാവും സഹോദരനും യുദ്ധത്തിനിരകളായി. യുദ്ധാനന്തരം വാര്‍സൊ സ്‌ക്കൂള്‍ ഓഫ് നേഴ്‌സിംഗില്‍ ചേര്‍ന്ന ഹന്നാ1924ല്‍ ബിരുദം കരസ്ഥമാക്കി. വിശുദ്ധ ബനഡിക്റ്റിന്റെ നാമധേയത്തിലുള്ള ഉര്‍സുലിന്‍ സന്ന്യാസസഭയില്‍ അംഗമായി. 1926 മുതല്‍ 1929വരെ ക്രാക്കോ സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് നേഴ്‌സിംഗ് ആന്റ് ഹൈജീനിക്കിന്റെ ഇന്‍സ്ട്രക്റ്ററായി സേവനമനുഷ്ഠിച്ചു. പത്തുവര്‍ഷത്തോളം ‘നഴ്‌സ് പോളണ്ട്’ എന്ന മാഗസിന്റെ എഡിറ്ററായിരുന്നു.

അമേരിക്കയില്‍ ഹോം നേഴ്‌സിംഗ് കെയര്‍ എന്ന പഠനത്തിനുവേണ്ട സ്‌കോളര്‍ഷിപ്പ് നേടി. പഠനശേഷം തിരിച്ച് പോളണ്ടിലേക്ക് മടങ്ങിയ ഹന്നാ 1951ല്‍ ക്രാക്കോ സ്‌ക്കൂള്‍ ഓഫ് നേഴ്‌സിംഗിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനം അലങ്കരിച്ചു. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്കു ശേഷം കോമ്പിയെര്‍സിന്‍ സ്‌ക്കൂള്‍ ഓഫ് സൈക്യാട്രിക് നേഴ്‌സിംഗിന്റെ മേധാവിയായി. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്നും നേരിട്ട എതിര്‍പ്പുകളെ തുടര്‍ന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വളരെ നേരത്തെ വിരമിച്ചു. തുടര്‍ന്നാണ് ക്രാക്കോ ആര്‍ച്ച്ബിഷപ്പായ കരോള്‍ വോയിറ്റിവയുമായുള്ള സൗഹൃദം ഉടലെടുക്കുന്നത്. 1957 മുതല്‍ 1973വരെ കരോളുമായി ഒന്നിച്ച് ജോലി ചെയ്യാനുള്ള ഭാഗ്യം ഹന്നയ്ക്കു ലഭിച്ചു. കാര്‍ഡിനലിനെ ആതുരസേവനരംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ഹന്നയായിരുന്നു.

കാര്‍ഡിനലിന്റെ ശക്തമായ ആത്മീയ പിന്തുണ ഔദ്യോഗിക ജീവിതത്തിലുടനീളം ഹന്നയ്ക്കു അനുഭവഭേദ്യമായി.
രോഗം നിമിത്തം ശയ്യാവലംബിയായ അനേകര്‍, സ്വഭവനത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ടവര്‍, ദരിദ്രര്‍ തുടങ്ങിയ അസംഖ്യം ജനങ്ങള്‍ക്ക് സ്വഭവനത്തിലെന്നപോലെ പരിഗണനയും, ശ്രദ്ധയും കിട്ടുന്നതരത്തിലുള്ള ഹോംകെയര്‍ സമ്പ്രദായത്തിനു 1957ല്‍ ഹന്ന തുടക്കം കുറിച്ചു. നിലവില്‍ ഹോം കെയര്‍ വ്യവസ്ഥ പടര്‍ന്നുപന്തലിച്ച് പോളണ്ടില്‍ നിരവധി അശരണര്‍ക്ക് ആശ്രയമരുളുന്നു. ജനങ്ങള്‍ തിങ്ങിനിറഞ്ഞ നഗരങ്ങളില്‍ കൂട്ടപട്ടിണിമരണത്തില്‍ നിന്നും ജനങ്ങളെ രക്ഷിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പോളണ്ടില്‍ ഒരു കത്തോലിക്ക പാരിഷ് നേഴ്‌സിംഗിനു രൂപം കൊടുത്തു. കന്യാസ്ത്രീകള്‍, ഡോക്ടര്‍മാര്‍, ഒട്ടനവധി വിദ്യാര്‍ത്ഥികള്‍, വൈദീകര്‍ ഇതില്‍ ഭാഗഭാക്കായി. 1973ല്‍ അര്‍ബുദരോഗം മൂലം ഹന്ന മരണമടഞ്ഞു. ശവസംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്ത കാര്‍ഡിനല്‍ കരോള്‍ വോയിറ്റിവ പറഞ്ഞതിപ്രകാരമാണ് ദൈവാനുഗ്രഹങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു ഹന്ന, നമ്മെപ്പോലെത്തന്നെ ഒരു സാധാരണ വ്യക്തി, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഉന്നത, ക്രിസ്തുവുമായി അഭേദ്യ ബന്ധം കാത്തുസൂക്ഷിച്ചവള്‍. 1998ല്‍ നാമകരണ നടപടികള്‍ ആരംഭിച്ചു. 2015ല്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2017ല്‍ ഹന്നയുടെ മാദ്ധ്യസ്ഥതയില്‍ നടന്ന ഒരു രോഗസൗഖ്യത്തിനു ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. പോളിഷ് നേഴ്‌സുമാരുടെയും മിഡ്‌വൈഫ്‌സിന്റെയും കത്തോലിക്കാ സമിതി ആദ്യമായാണ് ഒരു സഭാംഗത്തിനുവേണ്ടി പെറ്റീഷന്‍ സമര്‍പ്പിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles