കുറെ നാള് മുടങ്ങിയതിനു ശേഷം കുമ്പസാരിക്കാന്‍ പോകുമ്പോള്‍
പല കാരണങ്ങള്‍ കൊണ്ട് മുടങ്ങാതെ കുമ്പസാരിക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ നമുക്കിടയില്‍ ഉണ്ടാകാം. ജീവിതത്തിരിക്ക് ഒരു കാരണമാകാം. നാളെയാകട്ടെ, നാളെയാകട്ടെ എന്ന് പറഞ്ഞുപറഞ്ഞ് വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞു പോയിട്ടുണ്ടാകാം. അങ്ങനെ കുറേക്കാലം കഴിഞ്ഞു പോയിട്ടുണ്ടെങ്കില്‍ വീണ്ടും കുമ്പസാരത്തിലേക്ക് മടങ്ങുമ്പോള്‍ എങ്ങനെ കുമ്പസാരിക്കണം എന്നു തന്നെ നാം ഒരു പക്ഷേ മറന്നു പോയിരിക്കാം. അങ്ങനെയുള്ളവര്‍ക്ക് ശ്രദ്ധിക്കാന്‍ ഇതാ ചില നിര്‍ദേശങ്ങള്‍:
1. മനസ്സാക്ഷി പരിശോധിക്കുക
കുമ്പസാരത്തിലെ സുപ്രധാനമായ ഒരു ഘടകമാണ് മനസ്സാക്ഷി പരിശോധന. കുമ്പസാരിക്കുന്നതിന് മുമ്പായി നമ്മുടെ പാപങ്ങള്‍ ഓര്‍ത്തെടുക്കണം. മനസ്സില്‍ കുറ്റബോധമായി, ദുഖമായി കിടക്കുന്ന തെറ്റുകളും പാപങ്ങളും ഓരോന്നായി ഓര്‍മയില്‍ കൊണ്ടു വരണം. മാരക പാപങ്ങള്‍ പ്രത്യേകമായി വേര്‍തിരിച്ച് വയ്ക്കണം. എത്ര കാലമായി കുമ്പസാരിച്ചിട്ട് എന്നു കൂടി വൈദികനോട് പറയണം.
2 കുമ്പസാര സമയം നോക്കി വയ്ക്കുക
നീണ്ട കാലത്തിനു ശേഷം കുമ്പസാരിക്കുന്നതാകയാല് ചിലപ്പോള്‍ സാധാരണയില്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കാം. അതിനാല്‍ വൈദികന്റെ സൗകര്യം നോക്കി മനസ്സിലാക്കുക. ഏറ്റവും അടുത്തുള്ള ഇടവക പള്ളിയില്‍ ചെന്ന് കുമ്പസാര സമയങ്ങള്‍ കൃത്യമായി നോക്കിവയ്ക്കുക.
3 കുമ്പസാരക്കൂട്ടിലെത്തി കൃത്യമായി കുമ്പസാരിക്കുക
കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന വൈദികന് ആദ്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ എന്നു പറയും. അതിനു ശേഷം നിങ്ങള്‍ കുമ്പസാരം ആരംഭിക്കുക. എത്ര കാലമായി കുമ്പസാരിച്ചിട്ട് എന്ന് ആദ്യം തന്നെ പറയുക. തുടര്‍ന്ന്, ഓര്‍ത്തു വച്ച പാപങ്ങള്‍ ക്രമമായി വൈദികനോട് പറയുക. വേണമെങ്കില്‍ എഴുതി തയ്യാറാക്കിയിട്ട് അത് ഓര്‍മയെ സഹായിക്കുന്നതിനായി ഉപയോഗിക്കാം.
4 മനസ്താപ പ്രകരണം ചൊല്ലുക
നിങ്ങള്‍ പാപങ്ങള്‍ പറഞ്ഞു കഴിയുമ്പോള്‍ വൈദികന് ചില നിര്‍ദേശങ്ങളും സമാശ്വാസ വചനങ്ങളും അരുളും. ഒപ്പം പാപപരിഹാരമായി ചില കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വൈദികന് നിര്‍ദേശിക്കും. അഞ്ച് സ്വര്‍ഗസ്ഥനായ ജപം പോലെയുളളവ. അത് നിര്ഹവിക്കുകയും മനസ്താപ പ്രകരണം ചൊല്ലുകയും ചെയ്യുക.
5 ദൈവകാരുണ്യം ആസ്വദിക്കുക
ലഭിച്ച നന്മകള്ക്കും പാപപ്പൊറുതിക്കും ദൈവത്തിന് നന്ദി പറയുക. പാപങ്ങളുടെ ഭാരം നീങ്ങുന്ന സുഖകരമായ അനുഭവം നുകരുക. കാരുണ്യത്തെ പ്രതി ദൈവത്തെ വാഴ്ത്തുക. വൈദികന് നിര്‍ദേശിച്ചിരിക്കുന്ന പാപ പരിഹാരം അനുഷ്ഠിക്കുക. മേലില്‍ പാപം ചെയ്യാതിരിക്കുക. സന്തോഷമായിരിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.