ജയില്‍ മോചിതരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ജയിലില്‍ ആയിരിക്കുന്ന കാലഘട്ടത്തില്‍ തടവുപുള്ളികളുടെ ആത്മീയ, ഭൗതിക കാര്യങ്ങള്‍ ശ്രദ്ധിക്കുക മാത്രമല്ല അവര്‍ ജയില്‍ മോചിതരായ ശേഷവും അവരെ സഹായിക്കാന്‍ കത്തോലിക്കര്‍ക്ക് കടമയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ.
‘ജയില്‍ മോചിതരായവരെ കുറിച്ച് ക്രിസ്ത്യാനികളെന്ന നിലയില്‍ നാം സ്വയം ഒരു ചോദ്യം ചോദിക്കണം. അവര്‍ ചെയ്ത തെറ്റുകള്‍ക്ക് അവര്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെങ്കില്‍ പിന്നെയും നാം അവരോട് അവഗണനയും നിസംഗതയും കാണിക്കുന്നത് എന്തിനാണ്? പലപ്പോഴും സമൂഹത്തിന്റെ വെറുപ്പും അകറ്റി നിര്‍ത്തലും മൂലം ജയില്‍പുള്ളികള്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടവരുന്നു’ പാപ്പാ പറഞ്ഞു.
പലപ്പോഴും സംഭവിക്കുന്നത് എന്താണെന്നു വച്ചാല്‍, ജയിലില്‍ നിന്നും പുറത്തു വരുന്ന ഒരാളെ സംബന്ധിച്ച് പുറംലോകം അപരിചിതമായി തോന്നും. സമൂഹം അയാളെ വിശ്വസിക്കുന്നുമില്ല. നന്നായി ജീവിക്കുന്നതിന് ഇത് അവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു.
തങ്ങളുടെ അന്തസ്സ് പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയാതെ അവര്‍ വീണ്ടും പഴയ തെറ്റുകളിലേക്ക് വീഴാന്‍ സാധ്യതയേറുന്നു, പാപ്പാ പറഞ്ഞു.
ഭൂമിയിലെ ഏറ്റവും മുറിവേല്ക്കാന് സാധ്യതയുള്ളവരെ കാരുണ്യത്തോടെ സമീപിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കടമയുണ്ടെന്ന് പാപ്പാ ഓര്‍മിപ്പിച്ചു.