വത്തിക്കാന്റെ മേല്‍ ബോംബിട്ട സംഭവത്തെ കുറിച്ചറിയാമോ?
വത്തിക്കാന്‍ സിറ്റി: 1943 നവംബര്‍ 5. സമയം വൈകിട്ട് 8 മണി. ലോകം രണ്ടാം ലോകമഹായുദ്ധത്തിന്റെ തീവ്രതയില്‍ വിറങ്ങലിച്ചു നില്ക്കുന്ന സമയം. ഒരു യുദ്ധവിമാനം വത്തിക്കാന്റെ മുകളില്‍ കൂടി പറന്നു. പെട്ടെന്ന് ഒന്നിനു പിറകെ ഒന്നായി ആ വിമാനം വത്തിക്കാന്റെ മേല്‍ 5 ബോംബുകള്‍ വര്‍ഷിച്ചു!
അന്ന് വര്‍ഷിച്ച ബോംബുകളില്‍ നാലെണ്ണമാണ് സ്ഫോടനമുണ്ടാക്കിയത്. ഒരെണ്ണം ചെന്നു വീണത് വത്തിക്കാന്‍ തീവണ്ടി സ്റ്റേഷനിലായിരുന്നു. രണ്ടാമത്തേത് വത്തിക്കാന്‍ മ്യൂസിയത്തിലെ മൊസെയ്ക്ക് വര്‍ക്ക്ഷോപ്പില്‍, മൂന്നാമത്തേത് ഗവര്‍ണറേറ്റില്‍, നാലമത്തെ ബോംബ് സാന്ത മാര്‍ത്താ ഗസ്റ്റ് ഹൗസിന് പുറത്തും. നാലമത്തെ ബോംബ് സ്ഫോടനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പിന്നിലെ ജനാല തകര്‍ന്നു പോയി.
എന്തായാലും ഈ സ്ഫോടനങ്ങളില്‍ ആളപായം ഉണ്ടായില്ല. പക്ഷേ, ഇന്നും ഈ സ്ഫോടനം നിഗൂഢമായി നിലകൊള്ളുന്നു. ആരാണ് ബോംബിട്ടതെന്നോ എന്തിനു വേണ്ടി ബോംബിട്ടുവെന്നോ ഇന്നും ആര്‍ക്കും അറിയില്ല.
ബോംബു സ്ഫോടനങ്ങള്‍ ഉണ്ടായപ്പോള്‍ റോം ജര്‍മന്‍ ശക്തികളുടെ അധീനതയിലായിരുന്നു. ബെനിറ്റോ മുസ്സോളിനിയുടെ ഇറ്റാലിയന്‍ സോഷ്യല്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്നു ഈ ജര്‍മന്‍ ശക്തികള്‍.
ബോംബിട്ടത് അമേരിക്കയാണെന്ന് മുസ്സോളിനി ആരോപിച്ചു. സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് ജര്‍മനിയോടും അമേരിക്കയോടും ഗ്രേറ്റ് ബ്രിട്ടനോടും വിശദീകരണം തേടിയെങ്കിലും ആരും ഉത്തരവാദിത്വം ഏറ്റെടുത്തില്ല.
എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബോംബുകള്‍ വര്‍ഷിച്ചത് ഇറ്റാലിയന്‍ സോഷ്യല്‍ റിപ്പബ്ലിക്ക് വിതരണം ചെയ്ത വിമാനത്തില്‍ നിന്നാണെന്ന് വ്യക്തമായി. മുസ്സോളിനിയുടെ ഉപദേശകനും ഫാസിസ്റ്റ് രാഷ്ട്രീയക്കാരനുമായിരുന്ന റോബര്‍ട്ടോ ഫാരിനാച്ചിയാണ് ബോംബിംഗിന് കല്പന കൊടുത്തതെന്നാണ് കണ്ടെത്തിയത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.