പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിന് വിദഗ്ധ സമിതി വേണമെന്ന് കത്തോലിക്ക കോണ്ഗ്രസ്
പാലക്കാട് : ക്രിമിനൽ കേസുകളിൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിനും രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിന് സംസ്ഥാന തലത്തിൽ ഒരു വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപതാ സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
അപ്രകാരം രൂപീകൃതമാകുന്ന വിദഗ്ധ സമിതിയിൽ നിന്നും മാത്രം അനുയോജ്യരായവരെ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണം. മറിച്ച,് മാറി മാറി വരുന്ന സർക്കാറുകൾക്ക് തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള സംവിധാനമായി പബ്ലിക് പ്രോസിക്യൂട്ടർ നിയമനം മാറാൻ പാടില്ല. വാളയാർ പീഡനക്കേസിൽ സമഗ്രമായ പുനരന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്പിൽ കൊണ്ടുവരണമെന്നും കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു.
പാലക്കാട് വാളയാർ സഹോദിമാരിൽ ഇളയകുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും കൊലപാതക സാധ്യത അന്വേഷിക്കണമെന്നും പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്താനോ തെളിവുകൾ കണ്ടെത്തി കോടതിയിൽ സമർപ്പിക്കാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ട പോലീസിന്റെ നിഷ്ക്രിയത്വം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ കൃത്യവിലോപത്തെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ ശിക്ഷണനടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി, രൂപത ജനറൽ സെക്രട്ടറി അജോ വട്ടുകുന്നേൽ, വാളയാർ ഇടവക വികാരി ഫാ. സിബിൻ കരുത്തി, രൂപത വൈസ് പ്രസിഡന്റ് ജോസ് മുക്കട, ബെന്നി ചിറ്റേട്ട്, വാളയാർ യൂണിറ്റ് പ്രസിഡന്റ് ജോയ് കെ.എ എന്നിവർ വാളയാർ സഹോദിമാരുടെ ഭവനത്തിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.