‘അവരുടെ ബോംബുകളെക്കാള്‍ ശക്തമാണ് ഞങ്ങളുടെ വിശ്വാസം’ ശ്രീലങ്കന്‍ വൈദികന്

റോം: കഴിഞ്ഞ ഈസ്റ്റര്‍ പുലരിയില്‍ ശ്രീലങ്ക ഞെട്ടിയുണര്‍ന്നത് ബോംബു സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ്. യേശുവിന്റെ ഉയിര്‍പ്പ് ആഘോഷിക്കാന്‍ കൊളംബോയിലെ സെന്റ് ആന്റണിസ് പള്ളിയില്‍ ഒരുമിച്ചു കൂടിയിരുന്നവര്‍ ഉള്‍പ്പെടെ 258 പേരാണ് ആ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. വേദനാകരമായ ഓര്‍മകളില്‍ ജീവിക്കുമ്പോഴും തങ്ങളുടെ വിശ്വാസം ബോംബുകളെക്കാള്‍ ശക്തമാണെന്ന് പ്രഖ്യാപിക്കുകയാണ് സെന്റ് ആന്റണീസ് പള്ളിയുടെ റെക്ടര്‍ ഫാ. ജൂഡ് രാജ് ഫെര്‍ണാന്‍ഡോ.
‘അങ്ങനെയൊരു ശബ്ദം ജീവിതത്തില്‍ മറ്റൊരിക്കലും ഞാന്‍ കേട്ടിട്ടില്ല. സ്ഫോടനമുണ്ടായി ആദ്യം ഞാന്‍ പറഞ്ഞ വാക്കുകള്‍ ‘പിതാവേ, അവരോട് ക്ഷമിക്കണമേ, അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല’ എന്നായിരുന്നു’ ഫാ. ഫെര്‍ണാന്‍ഡോ പറഞ്ഞു.
‘പള്ളിയില്‍ അന്നുണ്ടായിരുന്നവരില്‍ വിവാഹം കഴിഞ്ഞ് എട്ടു മാസം മാത്രമായിരുന്ന ദമ്പതികള്‍ ഉണ്ടായിരുന്നു… ഒരു വൃദ്ധയ്ക്കു വേണ്ടി തന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്ത ഒരാള്‍ ഉണ്ടായിരുന്നു…ഭര്‍ത്താവിനെ നഷ്ടമായ ഒരു ഗര്‍ഭിണിയായ സ്ത്രീ ഉണ്ടായിരുന്നു…’ അച്ചന് ഓര്‍ത്തെടുത്തു.
മാതാപിതാക്കളെ നഷ്ടപ്പെട്ടവരും കുടുംബത്തെ പോറ്റിയിരുന്ന ഉറ്റവരെ നഷ്ടപ്പെട്ടവരുമായവര്‍ക്ക് ജീവിതത്തില്‍ പിടിച്ചു നില്ക്കാന് തൊഴില്‍ പരിശീലനം നല്‍കുകയാണ് ഈ ഇടവക.
‘എന്തു കൊണ്ടാണ് ദൈവം ഇത് അനുവദിച്ചത്? എന്റെ അമ്മയെ ദൈവം പള്ളിയില്‍ വച്ച് എടുത്തത് എന്തിനാണ്? ഇന്നും ജനങ്ങള്‍ അച്ചന്മാരോട് ചോദിക്കുന്നു.
‘സ്ഫോടനത്തിന്റെ ഇരകളോടൊപ്പം വൈദികരായ ഞങ്ങള്‍ ക്ലേശകരമായ ഒരു യാത്രയാണ് നടത്തിയത്. അത് വിശ്വാസത്തിന്റെ നീണ്ട യാത്രയാണ്’ ഫാ. ഫെര്‍ണാന്‍ഡോ പറഞ്ഞു.