‘ഞങ്ങളുടെ വീഴ്ചകള്‍ നിങ്ങളുടെ വിശ്വാസത്തിന് തടസ്സമാകരുത്’ യുവാക്കളോട് മെത്രാന്മാര്
വത്തിക്കാന്‍: വത്തിക്കാനില്‍ നടന്നു വന്ന യുവാക്കള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡിന്റെ സമാപന ദിവ്യബലിയില്‍ തങ്ങളുടെ വീഴ്ചകള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും യുവാക്കളോട് മാപ്പു യാചിച്ച് കത്തോലിക്കാമെത്രാന്മാര്. തങ്ങളുടെ ബലഹീനതകളും പാപങ്ങളും ദൈവത്തിലാശ്രയിക്കുന്നിതില് നിന്ന് യുവാക്കളെ തടയരുതെന്ന് മെത്രാന്മാര് യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഒക്ടോബര്‍ 3 ന് ആരംഭിച്ച യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡ് ഒക്ടോബര്‍ 28 ന് ദിവ്യബലിയോടെ സമാപിച്ചു. തദവസത്തില്‍ വായിച്ച ഔദ്യോഗിക കത്തിലാണ് മെത്രാന്മാര് സംയുക്തമായി യുവാക്കളോട് ക്രൈസ്തവാരൂപി വ്യക്തമാക്കുന്ന അഭ്യര്‍ത്ഥന നടത്തിയത്.
മുതിര്‍ന്നവര്‍ ചെയ്യുന്ന അപരാധങ്ങള്‍ക്കു ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി മധ്യേ മാപ്പപേക്ഷിച്ചു.’മുതിര്‍ന്നവരായ ഞങ്ങള്‍ എല്ലാവരുടെയും നാമത്തില്‍ ഞാന്‍ യുവജനങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങളെ ശ്രവിക്കാന്‍ ഞങ്ങള്‍ വൈമനസ്യം കാണിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങളോട് പൊറുക്കണം. നിങ്ങളെ കേള്‍ക്കുന്നതിന് പകരം ഞങ്ങള്‍ നിങ്ങളുടെ കാതുകള്‍ ഞങ്ങളുടെ വാക്കുകള്‍ കൊണ്ട് നിറച്ചു’ പാപ്പാ പറഞ്ഞു.
‘ക്രിസ്തുവിന്റെ സഭ എന്ന നിലയില്‍ നിങ്ങളെ സ്നേഹപൂര്‍വം കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതങ്ങള്‍ ദൈവസന്നിധിയില്‍ വിലപിടിച്ചതാണ്. കാരണം ദൈവം എന്നും യുവത്വമുള്ളവനാണ്. അവിടുന്ന് യുവാക്കളെ സ്നേഹിക്കുന്നു. നിങ്ങളുടെ ജീവിതങ്ങള്‍ ഞങ്ങളുടെ കണ്ണിലും വിലപ്പെട്ടതാണ്’ പാപ്പാ കൂട്ടിച്ചേര്‍ത്തു.