ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് മാര്‍പാപ്പായുടെ ആശംസ
വത്തിക്കാൻ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മദർ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തിയ ചടങ്ങിൽ സംബന്ധിച്ച ഇന്ത്യൻ സംഘത്തെ നയിച്ചു വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തവേ ആയിരുന്നിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകൾ അറിയിക്കാൻ മാർപാപ്പ മുരളീധരനോട് അഭ്യർഥിച്ചു.
ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു കൂടിക്കാഴ്ച. മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തോടുകൂടിയ ഭഗവദ് ഗീതയും കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളിൽ പരന്പരാഗത രീതിയിൽ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന തിടന്പേ ന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും കൂടിക്കാഴ്ചയ്ക്കൊടുവിൽ മുരളീധരൻ മാർപാപ്പയ്ക്കു സമ്മാനിച്ചു. വത്തിക്കാനിലെ അംബാസഡറുടെ കൂടി ചുമതല വഹിക്കുന്ന, ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. വത്തിക്കാൻ സ്റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കർദിനാൾ പോൾ ഗല്ലാഗറുമായും വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി.