സ്നേഹ വാക്കുകളില്‍ പഞ്ഞം വേണ്ട
സുമതി സുന്ദരിയായിരുന്നു. അവളെ വിവാഹം ചെയ്തു കിട്ടിയപ്പോള്‍ മോഹന്‍ വലിയ സന്തോഷമായിരുന്നു. വിവാഹത്തിന്റെ പുതു മോടിയില്‍ അയാള്‍ അവളെയും കൊണ്ട് തെരുവോര കാഴ്ചകള്‍ കാണാന്‍ പോകുമായിരുന്നു. സുമതിയെ പോറ്റാനുള്ള സാമ്പത്തിക ശേഷി മോഹന്‍ ഇല്ലയിരുന്നുവെങ്കിലും അവളുടെ ആഭരണങ്ങള്‍ പണയം വച്ചു കൊണ്ട് അയാള്‍ ഒരു കച്ചവടം തുടങ്ങി. പക്ഷെ കച്ചവടം അധികനാള്‍ നിന്നില്ല. അത് വന്‍ നാശത്തില്‍ കലാശിച്ചു.
ഇതിനിടെ അവര്‍ക്കൊരു പുത്രന് ജനിച്ചിരുന്നു. ബാബു. ബാബു പഠിക്കാന്‍ മിടുക്കനായിരുന്നു. അവന് രണ്ടാം ക്ലാസില്‍ എത്തിയ പ്പോഴാണ് മോഹന്റെ കച്ചവടമൊക്കെ തകര്‍ന്നത്. അത് കൊണ്ട് സ്കൂളിലെ ഫീസടയ്ക്കാന്‍ കഴിയാതെ വന്നു. അങ്ങനെ ബാബു സ്കൂളില്‍ നിന്നും പുറത്താവുകയും ചെയ്തു.
കച്ചവടം തകര്‍ന്നു. വീട്ടിലാണെങ്കില്‍ മുഴുപ്പട്ടിണി. എന്ത് ചെയ്യണമെന്നറിയാതെ മോഹന്‍ ക്ലേശിക്കുമ്പോഴാണ് ബിസിനസുകാരനായ സന്തോഷ് ഒരു കേസില്‍ കുടുങ്ങിയത്. അനു വാദം കൂടാതെ മദ്യം വിറ്റതിനായിരുന്നു അയാള്‍ക്കെതിരെ കേസ്. സ്വന്തം മാന്യത നില നിര്‍ത്തുന്നതിനായി സന്തോഷ് മോഹനെ സമീപിച്ചു കൊണ്ട് പറഞ്ഞു: മോഹന്‍ ഇത് നിന്റെ കൈകളല്ല, കാലുകള്‍ ആണെന്ന് സങ്കല്‍പ്പിച്ചാണ് ഞാനിതു പിടിക്കുന്നത്.” അത്യാഗ്രഹം മൂലം ഞാനൊരു അബന്ധത്തില്‍ ചെന്ന് ചാടി. അങ്ങനെ കേസില്‍ കുടുങ്ങി. ഞാന്‍ ജയിലില്‍ പോയാല്‍ അതോടെ എന്റെ മാനവും മര്യാദയുമൊക്കെ കപ്പല്‍ കയറും. പിന്നീടെനിക്ക് എന്റെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല. അത് കൊണ്ട് എനിക്ക് പകരം നിനക്ക് ജയിലില്‍ പോകാന്‍ സാധിക്കുമോ?”
”ആയിരം രൂപ ആദ്യം തരാം. മാസം തോറും നിന്റെ ഭാര്യയുടെ അടുക്കല്‍ അഞ്ഞൂറ് രൂപ വീതം എത്തിക്കാം. ഞാന്‍ വാക്ക് തെറ്റി ക്കില്ല. എന്നെ രക്ഷിക്കു..” പഠിപ്പ് മുടക്കേണ്ടി വന്ന ബാബുവിനെയും പുതുതായി പിറന്ന മകനെയും മോഹന്‍ ഓര്‍ത്തു. പട്ടിണി മൂലം ക്ലേശിക്കുന്ന സുമതിയെ ഓര്‍ത്തു. അവര്‍ക്ക് വേണ്ടി ഒരു ത്യാഗവും കൂടുതലല്ല. അയാള്‍ മനസ്സില്‍ പറഞ്ഞു.
”ഞാന്‍ തയ്യാറാണ്.” സന്തോഷിന്റെ കണ്ണുകളിലേക്കു നോക്കി മോഹന്‍ പറഞ്ഞു. സുമതിയും മക്കളെയും സംരക്ഷിക്കാന്‍ അയാള്‍ സന്തോഷിന്റെ കുറ്റം ഏറ്റെടുത്തു ജയിലില്‍ പോയി. അങ്ങനെയെങ്കിലും അവരെ സഹായിക്കാന്‍ സാധിച്ചല്ലോ എന്നയാള്‍ ഓര്‍ത്തു ആശ്വസിച്ചു. ആറു മാസമായിരുന്നു ജയില്‍ ശിക്ഷ. അത് കഴിഞ്ഞപ്പോള്‍ അയാള്‍ സ്വതന്ത്രനായി. എത്രയും വേഗം വീട്ടില്‍ എത്തണമെന്ന് മാത്രമായിരുന്നു അയാളുടെ ചിന്ത. സ്നേഹത്തോടെ തന്നെ കാത്തിരിക്കുന്ന ഭാര്യയെ അയാള്‍ ഭാവനയില്‍ ദര്‍ശിച്ചു. ഓടി വന്നു തന്നെ കെട്ടി പിടിക്കുന്ന ബാബുവിനെയും അയാള്‍ ഓര്‍ത്തു. എങ്കിലും രാത്രിയില്‍ വീട്ടില്‍ എത്താവുന്ന രീതിയിലെ അയാള്‍ വണ്ടി കയറിയുള്ളൂ. പകല്‍ വെളിച്ചത്തില്‍ ഗ്രാമ വാസികള്‍ തന്നെ തുറിച്ചു നോക്കേണ്ട എന്നയാള്‍ കരുതി.
പ്ലാന്‍ ചെയ്തത് പോലെ നേരം വളരെ ഇരുട്ടിയാണ് അയാള്‍ വീട്ടിലെത്തിയത്. എങ്കിലും അപ്പോഴും അവിടെ വിളക്ക് അണഞ്ഞിട്ടില്ലായിരുന്നു. ഉറക്കച്ചടവോടെ സുമതി വാതില്‍ തുറന്നു. അപ്രതീക്ഷിതമായി മോഹനെ കണ്ട അവള് അമ്പരന്നു പോയി. പക്ഷെ അവള് ഒന്നും ഉരിയാടിയില്ല. അവള് വിളക്കുമായി അകത്തേക്ക് പോയി. അയാള്‍ വാതിലടച്ചു താഴിട്ടു അവളുടെ പിന്നാലെ ചെന്നു. അകത്തു കുട്ടികള്‍ ഉറങ്ങികിടക്കുന്നത് അയാള്‍ കണ്ടു. അയാള്‍ അവരുടെ അരികിലിരുന്നു അവരെ തലോടി. അപ്പോള്‍ സുമതി അയാളെ നോക്കുന്നുണ്ടായിരുന്നു.
നിനക്ക് സുഖമല്ലേ? മോഹന്‍ അവളോട് ചോദിച്ചു. ഒരു തേങ്ങി കരച്ചിലായിരുന്നു മറുപടി. ‘ചലന പ്രപഞ്ചം’ എന്ന പേരില്‍ തമിഴ് സാഹിത്യകാരന് പ്രപഞ്ചന്‍ പറയുന്ന ഈ കഥ തല്ക്കാലം അവിടെ നില്ക്കട്ടെ. ഭാര്യയെയും മക്കളെയും പോറ്റാന്‍ ജയിലില്‍ പോകാന്‍ പോലും തയ്യാറായ മോഹന്‍ മടങ്ങി വന്നപ്പോള്‍ അയാള്‍ക്ക് ലഭിച്ച സ്വീകരണത്തെ കുറിച്ച് എന്ത് തോന്നുന്നു? ആറു മാസത്തെ തടവിനു ശേഷം മടങ്ങി വന്ന അയാളെ ഭാര്യ ഓടിച്ചെന്ന് ആശ്ലേഷിച്ച് സ്വീകരിക്കേണ്ടതായിരുന്നില്ലെ? അവള്‍ക്കു അയാളോട് സ്നേഹം ഉണ്ടായിരുന്നുവെങ്കില്‍ അയാള്‍ മടങ്ങിയെത്തിയപ്പോള്‍ അവള് തുള്ളിച്ചാടി സന്തോഷിച്ചേനെ. എന്തേ സുമതിക്കിത്ര നിസംഗത? അവള്‍ക്ക് അയാളോട് സ്നേഹമില്ലെന്നാണോ? അല്ലേ യല്ല. തീര്‍ച്ചയായും അവള്‍ക്കു അയാളോട് സ്നേഹമുണ്ട്. പക്ഷെ ആ സ്നേഹം വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രകടിപ്പിക്കാ ന് അറിയില്ലെന്ന് മാത്രം. അയാള്‍ മടങ്ങി വന്നപ്പോഴും തന്റെ ജീവിതത്തിലെ ദുഃഖ ദുരിതങ്ങളെകുറിച്ചായിരുന്നു അവളുടെ ചിന്ത. അയാള്‍ ജയിലില്‍ സഹിച്ച കഷ്ടപ്പാടുകളെ കുറിച്ച് ചോദിക്കാന്‍ പോലും അവള് ഓര്‍മിച്ചില്ല.
പ്രപഞ്ചന്‍ പകര്‍ത്തിയിരിക്കുന്നത് ചുറ്റുമുള്ള ജീവിതത്തില്‍ കാണുന്ന അനുഭവങ്ങളാണ്. ഇതൊന്നും പൂര്‍ണ്ണമായി ഭാവന സൃ ഷ്ടിയല്ല. സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്ത സംസ്ക്കാരമാണ് ഭാരതീയരുടേത്. ഇക്കാര്യത്തില്‍ തമിഴനും ഹിന്ദിക്കാരനും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല. സ്നേഹം പ്രകടിപ്പിക്കുന്ന അവസരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അപൂര്‍വ്വമല്ലേ? നമ്മുടെ ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ നമ്മുടെ ഭാഷയില്‍ ശരിയായ വാക്കുകള്‍ പോലുമില്ല എന്നതാണ് സത്യം.
ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കറിയാം. ”ഐ ലവ് യു’ എന്ന വാക്കുകളുടെ അര്‍ത്ഥ വ്യാപ്തി. സ്നേഹം പ്രകടിപ്പിക്കാന്‍ ഈ വാക്കുകള്‍ മലയാളത്തിലാക്കിയാല്‍ അര്‍ഥം പലപ്പോഴും പാളിപ്പോകുമെന്നാണ് നമ്മുടെ ഭാഷയുടെ പോരായ്മ. നമ്മുടെ കുടുംബത്തിലെ ഓരാള് വിദേശത്ത് അകലെ എവിടെയോ പോയി ദീര്‍ഘനാള്‍ കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ എങ്ങനെയാ ണ് ആ അംഗത്തെ സ്വീകരിക്കുക? ആളെ കാണുമ്പോള്‍ സുഖമായിരിക്കുന്നോ എന്ന് മാത്രം നാം ചോദിക്കും അല്ലെ? അല്ലാതെ ശരിക്കും സന്തോഷം പ്രകടിപ്പിച്ചു ആലിംഗനം ചെയ്തു നാം ആളെ സ്വീകരിക്കുമോ?
ആറു മാസം കഴിഞ്ഞു മോഹന്‍ ഭാര്യയോട് ചോദിച്ചത് നിനക്ക് സുഖമാണോ എന്നായിരുന്നില്ലേ? അതെ, മോഹനും സ്നേഹ പ്രകടനത്തില്‍ അല്പം പോലും മുന്‍പിലായിരുന്നില്ല. ഏറെ നാള് കൂടി തന്റെ ഭാര്യയെ കണ്ടിട്ട് പോലും അവളോട് സ്നേഹപൂര്‍വ്വം പെരുമാറുന്നതിനെ കുറിച്ച് അയാള്‍ ഓര്‍മിച്ചിട്ട് പോലുമില്ല. ഇനി അവരുടെ കഥയിലേക്ക് കടക്കാം. മോഹന്‍ വിചാരിച്ചത് സന്തോഷ് വാക്ക് കൊടുത്തനുസരിച്ചു സുമതിക്ക് കൃത്യമായി പണം ലഭിച്ചു കൊണ്ടിരുന്നു എന്നാണ്. പക്ഷെ ഒരിക്കല്‍ മാത്രമേ അയാള്‍ പണം നല്കിയുള്ളൂ എന്നറിഞ്ഞപ്പോള്‍ അയാള്‍ തകര്‍ന്നു പോയി. അയാളുടെ സ്നേഹവും ത്യാഗവും മനസിലാക്കുന്നതില്‍ സുമതിയും പരാജയപ്പെട്ടു. പണം കിട്ടാതെ വന്നതിനെ കുറിച്ച് മാത്രമായിരുന്നു അപ്പോഴും അവളുടെ ചിന്ത. ഇനി ഒരിക്കല്‍ കൂടി ജയിലില്‍ പോകാന്‍ തീരുമാനിച്ചാല്‍ പണം മുന്‍കൂറായി വാങ്ങ ണമെന്ന് പറയാന്‍ പോലും അവള് മറന്നില്ല.
മറ്റുള്ളവര്‍ക്ക് നമ്മോടുള്ള സ്നേഹം മനസിലാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം നമുക്ക് മറ്റുള്ളവരോടുള്ള സ്നേഹം വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും എപ്പോഴും വ്യക്തമാക്കാ നും ശ്രമിക്കാം. വാക്കുകള്‍ക്കൊരിക്കലും നമുക്ക് പഞ്ഞമില്ലലോ. സ്നേഹത്തിന്റെ കാര്യത്തില്‍ കൂടി നമ്മുടെ വാക്കുകള്‍ക്ക് പഞ്ഞമില്ലെന്നു നമുക്ക് ഉറപ്പ് വരുത്താം.
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.