സന്ന്യാസ മഠമാണ് തന്നില്‍ ക്രിസ്തുവിന്റെ ജ്വാല പകര്‍ന്നതെന്ന് ദയാബായ്
കൊച്ചി: സന്ന്യാസ രൂപീകരണകാലത്ത് തനിക്കു ലഭിച്ച യേശുദര്‍ശനം ഇന്നും തന്റെ ജീവിതത്തില്‍ ജ്വലിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ ദയാബായ്. എറണാകുളം പിഒസിയില്‍ നടന്ന ക്രിസ്തീയ സന്ന്യാസം പൗരാവകാശ വിരുദ്ധമോ.? എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തി സംസാരിക്കുകയായിരുന്നു, ദയാബായ്.
കാലഘട്ടത്തിന്റെ പരിമിതികളിലും ആവശ്യങ്ങളിലും ദൈവേഷ്ടം വായിക്കാനാകും എന്ന കാഴ്ചപ്പാട് തനിക്ക് ലഭിച്ചത് താന്‍ അംഗമായിരുന്ന സന്ന്യാസ സമൂഹത്തില്‍ നിന്നാണെന്ന് ദയാബായ് പറഞ്ഞു. ദൈവാലയം ശുദ്ധീകരിച്ച യേശുവാണ് സന്ന്യാസ ജീവിതത്തില്‍ തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത്.
ലൂക്കായുടെ സുവിശേഷത്തിലെ യേശുവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ വചനങ്ങളുമാണ് ഇന്നും തന്നെ നയിച്ചു കൊണ്ടിരിക്കുന്നതെന്ന് ദയാബായ് പറഞ്ഞു. തന്റെ സന്ന്യാസ ഭവനത്തില്‍ നിന്നു ലഭിച്ച സ്നേഹപൂര്‍വകമായ പരിപാലനവും നല്ല പെരുമാറ്റവും തന്നെ ക്രിസ്തു വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതായിരുന്നു എന്നും ദയാബായ് കൂട്ടിച്ചേര്‍ത്തു.