പീഡന മതംമാറ്റം: കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: കോഴിക്കോട് ക്രൈസ്തവ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണത്തിലുള്ള അവഗണനയും ഉദാസീനതയും പ്രതിഷോധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ആനുകാലിക വിഷയങ്ങളില്‍ നിരന്തരം ഗര്‍ജിക്കുന്ന സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതൃത്വങ്ങളും തന്റെ മകളെ പീഡിപ്പിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് ഒരു പിതാവ് വേദനയോടെ പൊതുസമൂഹത്തിനു മുമ്പാകെ നടത്തിയ നീതിക്കായുള്ള വിലാപത്തിനുനേരെ കാതുകള്‍ കൊട്ടിയടച്ച് മൗനം പാലിക്കുന്നത് സാക്ഷരകേരളത്തിന് അപമാനകരമാണ്.
ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യത്ത് ഭീകരപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ക്രൈസ്തവ മതവിഭാഗത്തെ ഉന്മൂലനം ചെയ്യുവാന്‍ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ ആരും നിസാരവല്‍ക്കരിക്കരുത്. പശ്ചിമേഷ്യയില്‍ ക്രൈസ്തവരെ കൊന്നൊടുക്കിയ ഭീകരപ്രവര്‍ത്തനങ്ങളുടെ മറ്റൊരു രൂപമാണ് കേരളത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഭാ സംവിധാനങ്ങള്‍ക്കും നേരെ ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിയണം.
ഇന്ത്യയില്‍ ക്രൈസ്തവ പെണ്‍കുട്ടികളെ പീഡിപ്പിച്ച് മതം മാറ്റുകയും വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍തന്നെ വ്യക്തമാക്കിയിരിക്കുമ്പോള്‍ ഇതിന്റെയടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണം. കേരളത്തിലെ ഇടതുവലതു മുന്നണികള്‍ വോട്ടുരാഷ്ട്രീയത്തിന്റെ പേരില്‍ ചിലരെ പ്രീണിപ്പിച്ച് ക്രൈസ്തവ പീഡനങ്ങളെ നിസ്സാരവല്‍ക്കരിച്ച് എഴുതിത്തള്ളുന്നത് ക്രൈസ്തവ നേതൃത്വങ്ങളും മനസ്സിലാക്കി തെരഞ്ഞെടുപ്പുവേളകളില്‍ അന്ധമായ രാഷ്ട്രീയ അടിമത്വം അവസാനിപ്പിച്ച് നിലപാടുകളെടുക്കണം.
ജനിച്ചുവീണ മണ്ണില്‍ ഭീതിയില്ലാതെ ജീവിക്കാന്‍ പറ്റുന്ന സാഹചര്യമൊരുക്കി പൗരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ജനാധിപത്യസര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോഴാണ് തീവ്രവാദഭീകരപ്രസ്ഥാനങ്ങള്‍ ഈ മണ്ണില്‍ തഴച്ചുവളരുന്നത്. ഇത്തരം ഭീകരപ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് കേന്ദ്രങ്ങളായി അധികാരകേന്ദ്രങ്ങളുടെ ഒത്താശയോടെ കേരളം മാറുന്നത് അംഗീകരിക്കാനാവില്ല. സംസ്ഥാനത്ത് ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാന്‍ അനുവദിക്കുകയില്ലെന്ന് പലതവണ ആവര്‍ത്തിച്ച് സ്ത്രീ പീഡനത്തിനെതിരെ നാടുസ്തംഭിപ്പിച്ച് ഭരണത്തിലേറിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കോഴിക്കോട് പെണ്‍കുട്ടിയുടെ പ്രശ്‌നത്തില്‍ നടത്തുന്ന ഒളിച്ചോട്ടം മനഃസാക്ഷിയുള്ളവര്‍ വിലയിരുത്തേണ്ടതാണ്. കത്വ പെണ്‍കുട്ടിക്ക് നീതിക്കായി തെരുവിലിറങ്ങിയവര്‍ പീഡനത്തിനിരയായ ക്രൈസ്തവ പെണ്‍കുട്ടിയെ അവഗണിക്കുന്നത് അവരെ നിയന്ത്രിക്കുന്ന ശക്തികള്‍ ആരെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥ തുടര്‍ന്നാല്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. പീഡനമതംമാറ്റത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കി അന്വേഷണങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. വിശ്വാസിസമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ക്രൈസ്തവ നേതൃത്വത്തിനുണ്ടെന്നും പ്രലോഭനങ്ങളിലും ചതിക്കുഴികളിലും വീഴാതിരിക്കുവാന്‍ വിശ്വാസത്തില്‍ ആഴപ്പെട്ട് മക്കളെ വളര്‍ത്തുവാന്‍ ക്രൈസ്തവ കുടുംബങ്ങളും സഭയും ശ്രദ്ധിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി