ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ആവശ്യം
പാലാ: വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് എസ്എംവൈഎം, കെയര്‍ ഹോംസ്, കേരള ലേബര്‍ മൂവ്മെന്റ്, ദീപിക ഫ്രണ്ട്സ് ക്ലബ്, ഇന്‍ഫാം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വിശദമായ പഠന റിപ്പോര്‍ട്ടും അഭിപ്രായങ്ങളും സമര്‍പ്പിച്ചു. ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് പി.കെ. ഹനീഫ, കമ്മീഷന് അംഗങ്ങളായ അഡ്വ.ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങളും ആശങ്കകളും ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
ക്രൈസ്തവര്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും നേരിടുന്ന ഒട്ടേറെ വെല്ലുവിളികള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറെ വര്‍ഷങ്ങളായി ക്രൈസ്തവർക്കു സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി പ്രവേശനം നാമമാത്രമാണ്. ക്രൈസ്തവ യുവതലമുറയുടെ തൊഴിലില്ലായ്മയും വിവാഹ കാലതാമസവും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ദളിത് സഹോദരങ്ങളുടെ വിഷയവും ഗൗരവമായി പരാമര്‍ശിച്ചിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തില്‍ നിരവധി സഭാസമൂഹങ്ങള്‍ ഉള്ളതില്‍ ചുരുക്കം ചിലര്‍ക്കു നാമമാത്രമായ സംവരണം ലഭ്യമാണ്. ഭാരതത്തിന്റെയും കേരളത്തിന്റെയും വികസനത്തില്‍ പ്രത്യേകിച്ചു വിദ്യാഭ്യാസ, ആതുരശുശ്രൂഷ, അവശ സഹായ മേഖലകളില്‍ മറ്റാരും ചെയ്തിട്ടുള്ളതിനെക്കാള്‍ സംഭാവനകള്‍ ഒന്നാം നൂറ്റാണ്ടുമുതല്‍ നിസ്വാര്‍ഥമായി ചെയ്തിട്ടുള്ള സംവരണരഹിത ക്രൈസ്തവ സമുദായമായ വിവിധ സുറിയാനി സഭകളുടെ അവസ്ഥ കമ്മീഷനു മുന്പില് ചൂണ്ടിക്കാണിച്ചു.
ക്രൈസ്തവരുടെ വിദ്യാഭ്യാസ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍ പഠിക്കാൻ എത്രയുംവേഗം ഒരു കമ്മീഷനെ നിയമിക്കണമെന്നു തുടങ്ങി ഇരുപതിലധികം ആവശ്യങ്ങൾ റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു.
പാലാ രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. സിറില്‍ തയ്യിൽ, കെയര്‍ ഹോംസ് ഡയറക്ടര്‍ ഫാ. സ്കറിയ വേകത്താനം, എസ്എംവൈഎം പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോട്ടത്തില്‍, റീജന്റ് ബ്രദര്‍ തോമസ് പടിഞ്ഞാറേമുറിയില്, അമല്‍ സിറിയക് ജോസ് വേളാശേരില്‍, ബിനോയി വലിയവീട്ടില്‍ തുടങ്ങിയവര്‍ സംയുക്തമായാണ് തൊടുപുഴയില്‍ പഠന റിപ്പോര്‍ട്ട് കമ്മീഷനു സമര്‍പ്പിച്ചത്.