സീറോ മലബാർ സഭാ മേലധ്യക്ഷന്മാരുടെ “ആദ് ല്മിന’ സന്ദർശനം ആരംഭിച്ചു
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയിലെ എല്ലാ മെത്രാന്മാരും അഞ്ചു വർഷത്തിലൊരിക്കൽ നടത്തേണ്ട വത്തിക്കാനിലേക്കുള്ള “ആദ് ല്മിന’ സന്ദർശനത്തിന്റെ ഭാഗമായുള്ള സീറോ മലബാർസഭാ മെത്രാൻമാരുടെ സന്ദർശനം ആരംഭിച്ചു. 14 വരെയാണ് സന്ദർശനം.
2011 -ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്താണ് സീറോ മലബാർ സഭ മെത്രാന്മാർ “ആദ് ല്മിന’ സന്ദർശനത്തിന് അവസാനമായി എത്തിയത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വിവിധ സീറോ മലബാർ രൂപതകളിൽ നിന്നുള്ള 51 മെത്രാന്മാരാണ് ഇത്തവണ സന്ദർശനത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ എട്ടിന് വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ ഒന്നിച്ചർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം 10ന് ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടികാഴ്ച്ചയോടെ “ആദ് ല്മിന’ സന്ദർശനത്തിന് ഒൗദ്യോഗിക തുടകമായി . തുടർന്നുള്ള ദിവസങ്ങളിൽ റോമിലെ നാല് ബസിലിക്കകളിൽ വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർഥിക്കുകയും, വത്തിക്കാൻ കൂരിയായിലെ 16 കാര്യാലയങ്ങൾ സന്ദർശിച്ച് കൂടിയാലോചനകൾ നടത്തുകയും ചെയ്യും.
ആറിന് നടക്കുന്ന റോമിലെ സാൻതോം സീറോ മലബാർ ഇടവകയുടെ ജൂബിലി ആഘോഷങ്ങളിലും 12 ന് നടക്കുന്ന സീറോ മലബാർസഭാ പ്രൊകൂറയുടെ വെഞ്ചരിപ്പു കർമത്തിലും തുടർന്ന് 13ന് നടക്കുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപനത്തിലും മാർ ജോർജ് ആലഞ്ചേരിയും മറ്റു മെത്രാന്മാരും പങ്കെടുക്കും.
യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സെബാസ്റ്റ്യൻ ചിറപ്പണത്ത്, ഫാ. ചെറിയാൻ വാരികാട്ട്, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. സനൽ മാളിയേക്കൽ എന്നിവർ സന്ദർശനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നു.